ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ അമേരിക്കന്‍ താരമാകാന്‍ തയ്യാറെടുത്ത് അലി ഖാന്‍. 29കാരനായ അമേരിക്കന്‍ ഫാസ്റ്റ് ബൗളറുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരാറിലെത്തിയ വിവരം ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ് പിന്മാറിയ ഹാരി ഗുര്‍ണിയ്ക്ക് പകരക്കാരനായാണ് അലി ഖാനെത്തുന്നത്. ഷോള്‍ഡറിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഇംഗ്ലണ്ട് പേസറായ ഹാരി ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു അലി ഖാന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളുടെ തന്നെ സിപിഎല്‍ ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്. ഇത്തവണ സിപിഎല്ലില്‍ എട്ട് മത്സരത്തില്‍ എട്ട് വിക്കറ്റ് താരം വീഴ്ത്തിയിട്ടുണ്ട്.

അവസാന സീസണിലെ ഐപിഎല്ലില്‍ അലി ഖാനെ എത്തിക്കാന്‍ കെകെആര്‍ ശ്രമിച്ചിരുന്നെങ്കിലും കരാര്‍ നടക്കാതെ പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018ലെ ഗ്ലോബല്‍ ടി20 കാഡനയിലൂടെയാണ് അലി ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഒരു ടീമില്‍ കളിച്ച അലി ഖാന്‍ സിപിഎല്ലിലെത്തുകയും ആ വര്‍ഷം ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും വീഴത്തി. ആ സീസണിലെ പേസ് ബൗളറുടെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു അത്. 2016ല്‍ അമേരിക്കന്‍ ടീമിലും അലി ഖാന്‍ അരങ്ങേറ്റം നടത്തിയിരുന്നു. സിപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പുറത്താക്കിയിരുന്നു.
ഐപിഎല്ലില്‍ കളിക്കുന്നതിനെപ്പറ്റി 2019ല്‍ ചോദിച്ചപ്പോള്‍ ഏതെങ്കിലും ടീം ഉള്‍പ്പെടുത്തിയാല്‍ അത് സ്വപ്‌ന സാക്ഷാത്കാരം ആയിരിക്കുമെന്ന് അലി ഖാന്‍ പ്രതികരിച്ചിരുന്നു. 1 ഏകദിനത്തില്‍ നിന്ന് 1 വിക്കറ്റും 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 23 വിക്കറ്റും 36 ടി20യില്‍ നിന്ന് 38 വിക്കറ്റുമാണ് അലിഖാന്റെ സമ്പാദ്യം. രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കെകെആറിന്റെ ഇത്തവണത്തെ പേസ് നിര വളരെ ശക്തമാണ്. 15.5 കോടിക്ക് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്. കൂടാതെ ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനും ടീമിലുണ്ട്. പ്രസിദ്ധ് കൃഷ്ണ,കമലേഷ് നാഗര്‍കോട്ടി,കുല്‍ദീപ് യാദവ്,ശിവം മാവി,സുനില്‍ നരെയ്ന്‍ തുടങ്ങി ശക്തമായ ബൗളിങ് നിരയുമായിറങ്ങുന്ന കെകെആറിനൊപ്പം അലി ഖാന്‍ കൂടിയെത്തിയാല്‍ ടീമിന്റെ കരുത്ത് ഇരട്ടിക്കും.