ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീം കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. ആദ്യ ഘട്ടത്തിലെ ഏഴ് മത്സരങ്ങളില്‍ ആറിലും തോറ്റ പഞ്ചാബ് ആകെ ജയിച്ചത് ആര്‍സിബിക്കെതിരേ മാത്രമാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് പഞ്ചാബ് രണ്ടാം പകുതിക്ക് ഇറങ്ങുന്നത്. ഇപ്പോഴിതാ എന്താണ് പഞ്ചാബിന്റെ പ്രധാന പ്രശ്‌നമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാരുടെ അഭാവമാണ് പഞ്ചാബിന്റെ പ്രശ്‌നമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
'വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബൗളര്‍മാരില്ലെന്നതാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രധാന പ്രശ്‌നം. ആരെങ്കിലും ടീമില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ളവരായി വേണം. പഞ്ചാബിന് മുഹമ്മദ് ഷമി മാത്രമാണ് ഇത്തരത്തിലുള്ളത്. ക്രിസ് ജോര്‍ദാനാണ് വിക്കറ്റ് വീഴ്ത്താന്‍ നിലവില്‍ കെല്‍പ്പുള്ള പഞ്ചാബ് താരം. സ്ലോ ബൗളുകളെറിഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ ജോര്‍ദാന് മികവുണ്ട്'-കിരണ്‍ മോറെ പറഞ്ഞു.

മുഹമ്മദ് ഷമി മികച്ച പേസ് ബൗളിങ് പുറത്തെടുക്കുന്നുണ്ടെങ്കിലും പിന്തുണ ലഭിക്കുന്നില്ല. ഷെല്‍ടോണ്‍ കോട്രല്‍ ന്യൂ ബോളിലുള്ള ആദ്യ ഓവറില്‍ തിളങ്ങുമെങ്കിലും പിന്നീടങ്ങോട്ട് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാറില്ല. തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തുന്നതില്‍ പഞ്ചാബ് ബൗളര്‍മാരാണ് ഏറ്റവും പിന്നില്‍. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാനില്‍ പഞ്ചാബ് വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മൂന്ന് മത്സത്തിലും 40 ലധികം റണ്‍സ് ജോര്‍ദാന്‍ വഴങ്ങിയിരുന്നു. അതിനാല്‍ത്തന്നെ മികച്ച പേസ് ബൗളര്‍മാരുടെ അഭാവം പഞ്ചാബിലുണ്ട്. ഹാര്‍ഡസ് വില്‍ജോയിനിലാണ് ഇനി പഞ്ചാബിന്റെ പ്രതീക്ഷ. യുവതാരം അര്‍ഷദീപ് സിങ് തരക്കേടില്ലാത്ത ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
പഞ്ചാബ് ടീം സംതുലിതമല്ലെന്ന് കിരണ്‍ മോറ അഭിപ്രായപ്പെട്ടു. നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ട്. മികച്ച രീതിയില്‍ അവര്‍ ബാറ്റ് ചെയ്യുന്നു. ഓറഞ്ച് കപ്പ് തലയില്‍ അണിയുന്നത് അവരാണ്. മായങ്ക് അഗര്‍വാള്‍ മനോഹരമായി ബാറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ആകെ നോക്കുമ്പോള്‍ അവര്‍ ടീം എന്ന നിലയില്‍ സംതുലിതമാണ്. സ്പിന്‍ ബൗളര്‍ രവി ബിഷ്‌നോയിയുടെ പ്രകടനം മികച്ചതാണ്. മികച്ച ബൗളറുള്ളവര്‍ക്കാണ് വിജയിക്കാന്‍ സാധിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ അത്യാവശ്യമാണ്. അങ്ങനെയുണ്ടെങ്കില്‍ മാത്രമെ വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കിരണ്‍ മോറെ പറഞ്ഞു.