അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ഇതിനോടകം താരങ്ങളെല്ലാം യുഎഇയിലെത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി വരികയാണ്. താരങ്ങള്‍ക്കായി കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് യുഎഇയില്‍ ഒരുക്കിയിട്ടുള്ളത്. ബയോ ബബിള്‍ സുരക്ഷയോടൊപ്പം താരങ്ങള്‍ക്കായുള്ള എസ്ഒപി നേരത്തെ തന്നെ ബിസിസിഐ പുറത്തിറക്കിയിരുന്നു. കോവിഡ് വൈറസ് ബാധിക്കാതിരിക്കാന്‍ സഹായിക്കുന്ന ബയോ ബബിള്‍ സുരക്ഷയില്‍ കഴിയുന്ന താരങ്ങള്‍ ഇത് ഭേദിച്ചാല്‍ എന്തൊക്കെ നടപടികളാവും നേരിടേണ്ടി വരികയെന്ന് നോക്കാം.
യുഎഇയില്‍ യുകെ ആസ്ഥാനമായുള്ള റിസ്ട്രാറ്റയാണ് കോവിഡിനെതിരായ ബയോ ബബിള്‍ സുരക്ഷ തയ്യാറാക്കിയത്. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടതോടെയാണ് ഐപിഎല്ലിലും ബയോ ബബിള്‍ സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്. ബയോ ബബിള്‍ സുരക്ഷ ഭേദിച്ചാല്‍ സസ്‌പെന്‍ഷനടക്കമുള്ള നടപടികള്‍ താരങ്ങള്‍ നേരിടേണ്ടി വരും. ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരത്തിനിടെ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ബയോ ബബിള്‍ സുരക്ഷ ലംഘിച്ച് പുറത്തുപോയിരുന്നു. എന്നാല്‍ നാല് ദിവസം ടീമില്‍ നിന്ന് മാറി നിന്നതല്ലാതെ മറ്റ് നടപടികളൊന്നും ആര്‍ച്ചറിനെതിരേ സ്വീകരിച്ചിരുന്നില്ല. ഐപിഎല്ലില്‍ ബയോ ബബിള്‍ സുരക്ഷ ഭേദിച്ചാല്‍ നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ച് മത്സരങ്ങളില്‍ നിന്ന് വിലക്ക് നല്‍കാനുള്ള സാധ്യത കൂടുതലാണ്.

താരങ്ങള്‍ ബയോ ബബിള്‍ സുരക്ഷ ഭേദിക്കുന്നത് ഗുരുതര കുറ്റമാണെന്നും കര്‍ശനമായും നിയമങ്ങള്‍ പാലിക്കണമെന്നും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം ഡയറക്ടര്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഐപിഎല്ലിനായി ക്വാറന്റെയ്‌നില്‍ കഴിയുന്ന താരങ്ങള്‍ക്ക് ബയോ ബബിള്‍ സുരക്ഷവിട്ട് റൂമിന് പുറത്തിറങ്ങാന്‍ പോലും അനുവാദമില്ല. ജിമ്മിലും സ്വിമ്മിങ് പൂളിലും ടീം മീറ്റിങ് റൂമിലും നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് മാത്രമെ പോകാന്‍ സാധിക്കു. കൂടാതെ മറ്റ് സഹതാരങ്ങളുടെ റൂമിലേക്ക് പോകാനോ അവരോട് സാമൂഹിക അകലം പാലിക്കാതെ സംസാരിക്കാനൊ പാടില്ല. സാമൂഹിക അകലം കൃത്യമായി പാലിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ബാന്‍ഡും താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. രണ്ട് മീറ്റര്‍ അകലം കുറവാണെങ്കില്‍ അലാറത്തിലൂടെ ബാന്‍ഡ് അക്കാര്യം ഓര്‍മ്മിപ്പിക്കും. നിയമ ലംഘനം നടത്തി ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ ടൂര്‍ണമെന്റിനെ തന്നെ അത് ബാധിക്കുമെന്നതിനാല്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.