ക്രിക്കറ്റില്‍ ഉമിനീര് തൊട്ട് പന്തു മിനുക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്. എന്നാല്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ വിരാട് കോലി ഒരുനിമിഷം ഇക്കാര്യം മറന്നുപോയി. പൃഥ്വി ഷായുടെ ഒരുഗ്രന്‍ ഡ്രൈവ് ഷോര്‍ട്ട് കവറില്‍ തടഞ്ഞ വിരാട് കോലി ആവേശത്തില്‍ തുപ്പല്‍ത്തൊട്ട് പന്തു മിനുക്കുകയായിരുന്നു. നവ്ദീപ് സെയ്‌നിയെറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ഈ സംഭവം അരങ്ങേറിയത്.

പവര്‍പ്ലേ ഓവറില്‍ സെയ്‌നിയെ കവറിലേക്ക് അടിച്ചകറ്റുകയായിരുന്നു പൃഥ്വി ഷാ. എന്നാല്‍ ഷോര്‍ട്ട് കവറില്‍ നിന്ന കോലി പന്തിനെ കൈപ്പിടിയിലൊതുക്കി. കോലിയുടെ ചടുലമായ ഫീല്‍ഡിങ്ങിനെ സഹതാരങ്ങള്‍ കയ്യടിച്ചുകൊണ്ടാണ് എതിരേറ്റത്. ഇതിന് പിന്നാലെയാണ് നായകന്‍ പന്തില്‍ ഉമിനീര് പുരട്ടിയതും. എന്തായാലും ചെയ്ത തെറ്റ് വിരാട് കോലി പെട്ടെന്ന് തിരിച്ചറിഞ്ഞു. ശേഷം ചെറുപുഞ്ചിരിയോടെ കൈകള്‍ രണ്ടുമുയര്‍ത്തി അംപയര്‍ക്ക് മുന്നില്‍ തെറ്റു സമ്മതിക്കുകയും ചെയ്തു.
നേരത്തെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരം റോബിന്‍ ഉത്തപ്പയും പന്തില്‍ ഉമിനീര് പുരട്ടിയിരുന്നു. നിലവിലെ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജൂണിലാണ് പന്തില്‍ ഉമിനീര് തൊടുന്നത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കിയത്. ആദ്യഘട്ടത്തില്‍ പുതിയ ചട്ടവുമായി പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്ക് ഐസിസി സാവകാശം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് കളത്തില്‍ ആദ്യതവണ ചട്ടം ലംഘിക്കപ്പെട്ടാല്‍ അംപയര്‍ മുന്നറിയിപ്പ് നല്‍കും.
ഒരു ഇന്നിങ്‌സില്‍ രണ്ടു തവണ വരെയാണ് ഒരു ടീമിന് മുന്നറിയിപ്പ് ലഭിക്കുക. തുടര്‍ന്നും ഉമിനീര് പുരട്ടുന്ന സംഭവമുണ്ടായാല്‍ ബാറ്റിങ് ടീമിന് 5 റണ്‍സ് പെനാല്‍റ്റിയായി അംപയര്‍ വിധിക്കും. ഇതിന് പുറമെ ഉമിനീര് പുരട്ടുന്ന സംഭവമുണ്ടായാല്‍ പന്ത് ശുചീകരിക്കാന്‍ അംപയര്‍ നിര്‍ദ്ദേശിക്കണമെന്നും ഐസിസി ചട്ടം പറയുന്നു.
എന്തായാലും മത്സരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 59 റണ്‍സിന് തോല്‍ക്കുകയാണുണ്ടായത്. ഡല്‍ഹി മുന്നോട്ടുവെച്ച 197 റണ്‍സ് ലക്ഷ്യം കയ്യെത്തിപ്പിടിക്കാന്‍ ബാംഗ്ലൂരിന് കഴിഞ്ഞില്ല. നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാന്‍ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നേടിയത്. വിരാട് കോലിയാണ് നിരയിലെ ടോപ്‌സ്‌കോറര്‍. മത്സരത്തില്‍ വിരാട് കോലി പുതിയൊരു നേട്ടം കുറിച്ചിട്ടുണ്ട്. ട്വന്റി-20 ക്രിക്കറ്റില്‍ അതിവേഗം 9,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന ഖ്യാതിയും ഇനി കോലിക്ക് സ്വന്തം. 286 മത്സരങ്ങളില്‍ (271 ഇന്നിങ്‌സ്) നിന്നാണ് കോലി 9,000 റണ്‍സ് തികച്ചത്. ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമന്‍. കേവലം 249 ഇന്നിങ്‌സുകളില്‍ നിന്ന് 9,000 ട്വന്റി-20 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഗെയ്‌ലിന് കഴിഞ്ഞിട്ടുണ്ട്. ട്വന്റി-20 ഫോര്‍മാറ്റില്‍ മാത്രം 13,000 -ത്തില്‍പ്പരം റണ്‍സ് ഗെയ്ല്‍ അടിച്ചെടുത്തത് കാണാം.