ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിയില്‍ വിരാട് കോലിയെ കുറ്റപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വര്‍ഷങ്ങളായി ക്രിക്കറ്റില്‍ കോലി പുലര്‍ത്തിയിരുന്ന നിലവാരം ഇത്തവണ അദ്ദേഹത്തില്‍ നിന്ന് കണ്ടില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ആറ് വിക്കറ്റിനാണ് ഹൈദരാബാദ് കോലിയുടെ ടീമിനെ പരാജയപ്പെടുത്തിയത്. സീസണില്‍ 466 റണ്‍സ് കോലി നേടിയിട്ടുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് വല്ലാതെ ഇടിഞ്ഞു. എല്ലാ കളിയിലും ഒരുപാട് പന്തുകള്‍ പാഴാക്കുന്ന കോലിയെയും ആദ്യമായി ഈ സീസണില്‍ കണ്ടു. ഹൈദരാബാദിനെതിരെ ഓപ്പണിംഗില്‍ വിരാട് എത്തിയെങ്കിലും വളരെ കുറഞ്ഞ റണ്‍സിന് പുറത്താവുകയായിരുന്നു.

ആര്‍സിബിക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാത്തത് വിരാട് കോലി പരാജയപ്പെടുന്നത് കൊണ്ടാണെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. ക്രിക്കറ്റില്‍ വലിയ നിലവാരം കൊണ്ടുവന്നിട്ടുണ്ട് കോലി. അദ്ദേഹത്തിന്റെ കളിയില്‍ എപ്പോഴും അത് കാണാം. എന്നാല്‍ ആ നിലവാരം ഇത്തവണ കണ്ടില്ല. ആര്‍സിബിയുടെ പരാജയവും അതുകൊണ്ടാണ് സംഭവിച്ചത്. നേരത്തെ എബി ഡിവില്യേഴ്‌സിനൊപ്പം കോലിയും കളിക്കുന്നത് വലിയ സ്‌കോറുകള്‍ നേടാന്‍ ആര്‍സിബിക്ക് എപ്പോഴും സാധിച്ചിരുന്നു. ബാറ്റിംഗില്‍ കരുത്തുള്ള ടീമുമായിരുന്നു ആര്‍സിബി. അവരുടെ ബൗളര്‍മാര്‍ വലിയ മത്സരങ്ങളിലെല്ലാം പരാജയപ്പെടുന്നത് പതിവാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ടീമില്‍ ശിവം ദുബെയെ പോലുള്ള കളിക്കാര്‍ക്ക് കൃത്യമായ റോള്‍ നല്‍കണം. ടീമില്‍ തന്റെ പൊസിഷന്‍ എന്താണെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ ദുബെയെയാണ് ഈ സീസണില്‍ കണ്ടത്. ആര്‍സിബിയുടെ ബൗളിംഗ് എല്ലാ സീസണിലും അവരുടെ വീക്ക് പോയിന്റാണ്. ഈ ടീമില്‍ പോലും അവരുടെ ബാറ്റിംഗ് നിര മികച്ചതാണ്. ആരോണ്‍ ഫിഞ്ചിനെ പോലെ സൂപ്പറായ ടി20 കളിക്കാരന്‍ ടീമിലുണ്ട്. ദേവദത്ത് പടിക്കലും കോലിയും ഡിവില്യേഴ്‌സും ടീമിലുണ്ട്. ഇതൊക്കെയുള്ള ടീം കിരീടം നേടേണ്ടതുണ്ട്. ശിവം ദുബെയുടെ കാര്യത്തിലായിരുന്നു അവര്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്. ദുബെ ചിലപ്പോള്‍ താഴേക്ക് ഇറങ്ങി കളിക്കും. ചിലപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിനായിരിക്കും ആ റോള്‍.
ആര്‍സിബിയില്‍ മാത്രമാണ് ഇത്തരമൊരു രീതിയുള്ളത്. അടിച്ചുതകര്‍ക്കലാണ് ദുബെയുടെ റോളെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി കൊടുക്കണം. അത് ദുബെയ്ക്ക് ഗുണം ചെയ്യും. കൂടുതല്‍ റണ്‍സടിക്കാനും, ടീമിനെ വമ്പന്‍ സ്‌കോറിലെത്തിക്കാനും അത് ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം വിരാട് കോലിയെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ട സമയമായെന്ന് മുന്‍ ഇ ന്ത്യന്‍ താരം ഗൗതം ഗംഭീറും പറഞ്ഞു. എട്ട് വര്‍ഷത്തോളമായി ഒരു കീരിടവും കോലി നേടിയിട്ടില്ല. ഇത് മുംബൈയിലാണെങ്കില്‍ രോഹിത് ശര്‍മ എപ്പോഴോ പുറത്തായിട്ടുണ്ടാവും. ചെന്നൈയിലാണെങ്കിലും അങ്ങനെ തന്നെയാണെന്നും ഗംഭീര്‍ പറഞ്ഞു.
എല്ലാ ടീമുകളെയും നോക്കൂ. പഞ്ചാബില്‍ അശ്വിന്‍ രണ്ട് സീസണില്‍ ക്യാപ്റ്റനായിരുന്നു. എന്നാല്‍ ടീമിന് കപ്പ് കിട്ടിയില്ല. അതുകൊണ്ട് അവര്‍ ഒഴിവാക്കി. ധോണി മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. രോഹിത് നാല് കിരീടങ്ങള്‍ ഇതുവരെ നേടി. ഇവര്‍ ദീര്‍ഘകാലം ക്യാപ്റ്റനായി തുടരുന്നത് അതുകൊണ്ടാണ്. ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത നിയമം കൊണ്ടുവരാനാവില്ല. ഒരു ടീമിന്റെ വിജയത്തില്‍ ക്യാപ്റ്റന് ക്രെഡിറ്റ് കിട്ടുമ്പോള്‍ തോല്‍വിക്കും അത് ഏറ്റെടുക്കേണ്ടി വരും. ആര്‍സിബിക്ക് പ്ലേഓഫില്‍ കളിക്കാനുള്ള യോഗ്യത പോലുമില്ല. അവസാന നാല് കളിയില്‍ അവര്‍ തോറ്റതാണ്. മുംബൈക്കെതിരെ സൂപ്പര്‍ ഓവര്‍ കഷ്ടിച്ചാണ് ജയിച്ചത്. ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനാണെങ്കിലും കിരീടങ്ങള്‍ നേടിയില്ലെങ്കില്‍ ആ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഗംഭീര്‍ പറഞ്ഞു.