ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വിക്ക് പ്രധാന കാരണം അവരുടെ ടീമിലെ സ്റ്റാര്‍ പ്ലെയറുടെ മോശം ഫോമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വിരാട് കോലിയാണ് ആ താരമെന്ന് ചോപ്ര പറഞ്ഞു. ഡല്‍ഹിക്കെതിരായ നിര്‍ണായക മത്സരത്തില്‍ അവര്‍ ബാറ്റ് ചെയ്യാനിറങ്ങി, അധികം വൈകാതെ തന്നെ ജോഷ്വ ഫിലിപ്പ് പുറത്തായി. ദേവദത്ത് പടിക്കല്‍ വളരെ ഗംഭീരമായിട്ടാണ് കളിച്ചത്. ശരിക്കും പറഞ്ഞാല്‍ ലോകോത്തരമായി കളിച്ചു. ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത താരങ്ങളില്‍ ഈ സീസണില്‍ എന്റെ പ്രിയപ്പെട്ട താരം ദേവദത്താണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. അതേസമയം ഈ സീസണില്‍ 472 റണ്‍സാണ് 14 മത്സരങ്ങളില്‍ നിന്ന് ദേവദത്ത് അടിച്ചത്.

പക്ഷേ പവര്‍പ്ലേ കഴിഞ്ഞതോടെ ആര്‍സിബിയുടെ പവറും കഴിഞ്ഞതായി തോന്നു. അടുത്ത ആറോവറില്‍ അവര്‍ സിംഗിളുകള്‍ എടുത്താണ് കളിച്ചത്. സ്പിന്നര്‍മാര്‍ മാറി മാറി എറിഞ്ഞതോടെ അവരുടെ സ്‌കോറിംഗും കുറഞ്ഞു. വിരാട് കോലിയും ദേവദത്തും ക്രീസിലുണ്ട്. എന്നിട്ടും സ്‌കോര്‍ വേഗത്തില്‍ മുന്നോട്ട് പോയില്ല. ആ ആറോവറാണ് ആര്‍സിബിയില്‍ നിന്ന് മത്സരം തട്ടിയെടുത്തത്. ബാറ്റ് ചെയ്യാന്‍ പറ്റുന്ന പിച്ചായിരുന്നു അത്. വിക്കറ്റുകളും അധികം നഷ്ടമായിരുന്നില്ല. വളരെ പതുക്കെ അവര്‍ കളിക്കാന്‍ രണ്ട് കാരണങ്ങളാണ് ഞാന്‍ കാണുന്നത്. ഒന്ന് ഈ സീസണിലെ കോലിയുടെ ഫോമാണ്. അതുകൊണ്ട് സൂക്ഷിച്ച് കളിക്കാനാവും അവര്‍ ശ്രമിച്ചിട്ടുണ്ടാവുക.
വിരാട് ഈ സീസണില്‍ 400 റണ്‍സില്‍ കൂടുതല്‍ എടുത്തിട്ടുണ്ട്. അദ്ദേഹം നന്നായി കളിച്ചിട്ടുണ്ടാവുമെന്നാവും എല്ലാവരും ചിന്തിക്കുക. എന്നാല്‍ അത്ര നന്നായി കോലി കളിച്ചിട്ടില്ല. നന്നായി ബാറ്റ് ചെയ്തിട്ടില്ലെങ്കില്‍ റണ്‍സ് ഉണ്ടാവില്ല എന്ന തത്വത്തെയാണ് കോലി തെറ്റിച്ചത്. പക്ഷേ അത് കോലിയുടെ മികവ് വെച്ച് നോക്കുമ്പോള്‍ ഒന്നുമല്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കോലിക്ക് പിഴച്ചു. പിന്നീട് കുറച്ച് കളിയില്‍ നന്നായി റണ്‍സടിച്ചു. എന്നാല്‍ പിന്നീട് ഒരു ഇന്നിംഗ്‌സ് മേധവിത്തമുള്ള രീതിയില്‍ കോലി കളിച്ചിട്ടില്ല. പക്ഷേ റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള മികവ് അദ്ദേഹത്തിലുണ്ടെന്ന് പലപ്പോഴും കോലി കാണിക്കുന്നുണ്ട്. അതാണ് കോലിയെ ശരിക്കും ഡല്‍ഹി നിയന്ത്രിച്ച് നിര്‍ത്താന്‍ കാരണമെന്നും ചോപ്ര പറഞ്ഞു.
ഡല്‍ഹി നിരയില്‍ ധവാന്റെയും രഹാനെയുടെയും അര്‍ധ സെഞ്ച്വറികള്‍ അവരെ ജയിപ്പിക്കാന്‍ ധാരാളമായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച്ചയോളമായി ഒരു കളിയും ആര്‍സിബി ജയിച്ചില്ലെന്നത് നല്ല കാര്യമല്ല. സാധാരണ രീതിയിലാണ് അവര്‍ ഇപ്പോഴും കളിക്കുന്നത്. അവര്‍ വേണമെങ്കില്‍ പടിക്കലിനൊപ്പം വാഷിംഗ്ടണ്‍ സുന്ദറിനെ ഓപ്പണ്‍ ചെയ്യിക്കുമെന്നും, മോയിന്‍ അലി മധ്യനിരയില്‍ കളിപ്പിക്കുമെന്നുമെന്ന ചിന്ത എനിക്കുണ്ട്. കോലി, ഡിവില്യേഴ്‌സ്, മോയിന്‍ അലി, ശിവം ദുബെ ഈ ബാറ്റ് ലൈനപ്പ് നല്ലതാണ്. അവര്‍ ഭയമില്ലാതെ കളിക്കണം. അങ്ങനെ കളിച്ചില്ലെങ്കില്‍ അവരുടെ സാധ്യതകള്‍ ഇല്ലാതാവും.
രണ്ട് കളിക്കാരിലാണ് ആര്‍സിബിയുടെ എല്ലാ പ്രതീക്ഷയും. കോലിയും ഡിവില്യേഴ്‌സും സ്‌കോര്‍ ചെയ്താല്‍ അവര്‍ ജയിക്കും. എന്നാല്‍ അവര്‍ പരാജയപ്പെട്ടാല്‍ ആര്‍സിബിയും പരാജയപ്പെടും. ഇതിനെ മറികടക്കാന്‍ ബാംഗ്ലൂരിന് സാധിക്കണം. ബാക്കിയുള്ളവര്‍ ഭയമില്ലാതെ കളിക്കണം. വലിയ ഇന്നിംഗ്‌സുകള്‍ക്കാണ് അവര്‍ ശ്രമിക്കേണ്ടത്. അത് ടീമിന് വളരെ ഗുണം ചെയ്യുമെന്നും ആകാശ് ചോപ്ര പറഞ്ഞു.