IPL 2020: ഡല്‍ഹി X ആര്‍സിബി- ആരാണ് കരുത്തര്‍? കണക്കുകള്‍ ഇങ്ങനെ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ജീവന്‍ മരണ പോരാട്ടത്തിന് തയ്യാറെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സും ആര്‍സിബിയും. മികച്ച താരസമ്പത്തുള്ള ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വിജയികളെ പ്രവചിക്കുകപോലും പ്രയാസം. നിലവില്‍ രണ്ട് ടീമും മോശം ഫോമിലാണെന്നതിനാല്‍ ഫോമിന്റെ മുന്‍ഗണനയും ആര്‍ക്കും നല്‍കാനാവില്ല. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് പ്ലേ ഓഫ് ഉറപ്പിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന്റെ വിധി മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം തീരുമാനിക്കും. മുംബൈയെ ഹൈദരാബാദ് തോല്‍പ്പിച്ചാല്‍ ആര്‍സിബി-ഡല്‍ഹി മത്സരത്തില്‍ തോല്‍ക്കുന്ന ടീം പ്ലേ ഓഫ് കാണാതെ പുറത്തുപോകേണ്ടി വരും. സംതുലിതമായ ടീമെന്ന നിലയില്‍ ആര്‍സിബിയേക്കാള്‍ അല്‍പ്പം മുന്‍തൂക്കം ഡല്‍ഹിക്കുണ്ട്. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ 59 റണ്‍സിന് ജയം ഡല്‍ഹിക്കായിരുന്നു. നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും 25 മത്സരങ്ങളിലാണ് ഇതുവരെ ഏറ്റുമുട്ടിയത്. ഇതില്‍ 15 മത്സരത്തിലും ജയിക്കാന്‍ ആര്‍സിബിക്ക് സാധിച്ചു. 9 മത്സരം ഡല്‍ഹിയും ജയിച്ചു. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. എന്നാല്‍ ഈ സീസണിലെ താരമികവില്‍ ഡല്‍ഹിക്കാണ് ആധിപത്യം. നിലവില്‍ മോശം ഫോമിലാണെങ്കിലും ബാറ്റിങ്ങില്‍ താളം കണ്ടെത്തിയാല്‍ വാലറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരനിര ഡല്‍ഹിക്കുണ്ട്. ആര്‍സിബിയില്‍ കോലി,ഡിവില്ലിയേഴ്‌സ് എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഡല്‍ഹി താരം റിഷഭ് പന്താണ് (311). ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് റിഷഭ് പന്തെങ്കിലും ഈ സീസണിലെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ആര്‍സിബി നിരയില്‍ നായകന്‍ കോലിയാണ് (892) കേമന്‍. ഈ സീസണിലും തരക്കേടില്ലാതെ കോലി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാനാവുന്നില്ലെന്നതാണ് പ്രശ്‌നം. കോലി പെട്ടെന്ന് മടങ്ങുന്നത് ടീമിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നു.

ആര്‍സിബിക്കെതിരേ ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയത് കഗിസോ റബാദയാണ് (10). മികച്ച ഫോമിലുള്ള റബാദയ്ക്ക് പര്‍പ്പിള്‍ ക്യാപ് ബൂംറയില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. ആര്‍സിബി നിരയില്‍ യുസ്‌വേന്ദ്ര ചഹാലാണ് (14) മുന്നില്‍. ഈ സീസണിലും പ്രതീക്ഷ തെറ്റിക്കാതെ സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ ചഹാലിന് സാധിച്ചു. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് റിഷഭ് പന്തിന്റെ പേരിലും (7) ആര്‍സിബി നിരയില്‍ കോലിയുടെ (13) പേരിലുമാണ്. ആര്‍സിബിക്കെതിരേ ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 163 റണ്‍സും ആര്‍സിബിയുടെ ശരാശരി സ്‌കോര്‍ 154 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ശിഖര്‍ ധവാന്‍ 29 റണ്‍സും ശ്രേയസ് അയ്യര്‍ 86 റണ്‍സും നേടിയാല്‍ ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാനാവും. 50 ഐപിഎല്‍ വിക്കറ്റ് ക്ലബ്ബില്‍ ഇടം നേടാന്‍ ഡല്‍ഹി പേസര്‍ ഹര്‍ഷല്‍ പട്ടേലിനുവേണ്ടത് നാല് വിക്കറ്റ്. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ 64,74 റണ്‍സ് നേടിയാല്‍ 500 റണ്‍സ് സീസണില്‍ പൂര്‍ത്തിയാക്കും. എബി ഡിവില്ലിയേഴ്‌സ് 61 റണ്‍സ് നേടിയാല്‍ ഡല്‍ഹിക്കെതിരേ 500 റണ്‍സ് പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications