Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ദയവായി ആ കുട്ടിയെ തനിയെ വിടൂ'- ജയ്‌സ്വാളിനെ ട്രോളുന്നവരോട് ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടും പരാജയപ്പെട്ടതോടെ സീസണിലെ നാലാം തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയിരിക്കുന്നത്. 46 റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഒരിക്കല്‍ക്കൂടി ടീമിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് കാരണമായത്. സീസണില്‍ മൂന്നാം മത്സരത്തിനിറങ്ങിയ രാജസ്ഥാന്റെ യശ്വസി ജയ്‌സ്വാള്‍ 36 പന്തുകള്‍ നേരിട്ട് 34 റണ്‍സാണ് ഡല്‍ഹിക്കെതിരേ നേടിയത്. ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 94.44 സ്‌ട്രൈക്കറേറ്റില്‍ കളിച്ച ജയ്‌സ്വാളിന്റെ പ്രകടനം 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിന് അനുയോജ്യമായിരുന്നില്ല. അതിനാല്‍ത്തന്നെ വലിയ രീതിയിലുള്ള ട്രോളുകളാണ് മത്സരശേഷം ജയ്‌സ്വാളിനെതിരേ ഉയര്‍ന്നത്. ജയ്‌സ്വാളിന്റെ പ്രായം പോലും പരിഗണിക്കാതെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ഇതോടെ ജയ്‌സ്വാളിന് പിന്തുണ അറിയിച്ച് ട്രോളന്‍മാരെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'നിങ്ങള്‍ക്ക് ഹൃദയുമുണ്ടോ.അത് മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ദയവായി ആ കുട്ടിയെ തനിയെ വിടുക. സീനിയര്‍ താരങ്ങള്‍ ഈ ട്രോളുകളെ തമാശയായി എടുക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ അതേ മാനസികനിലയാണ് 19 വയസുകാരനെന്ന് ചിന്തിക്കുന്നത് ന്യായമല്ല'-ആകാശ് ചോപ്ര ട്വിറ്ററിലൂടെ കുറിച്ചു.

aakashchopra-yashasvijaiswal

തന്റെ കന്നി ഐപിഎല്‍ സീസണാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ജയ്‌സ്വാള്‍ ഉയര്‍ന്നുവന്നത്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ ആഭ്യന്തര മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കൊണ്ട് കൈയടി നേടിയിട്ടുണ്ടെങ്കിലും ഐഎസ്എല്‍ പോലൊരു വലിയ ടൂര്‍ണമെന്റില്‍ ശോഭിക്കാന്‍ സമയമെടുക്കും. അന്താരാഷ്ട്ര നിലവാരമുള്ള ഐപിഎല്ലില്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും കളിക്കുന്നുണ്ട്. ഇവരോടൊപ്പം കളിച്ച് വളരാനുള്ള അവസരം നല്‍കാതെ അനാവശ്യമായി ട്രോളുകളിലൂടെ പരിഹസിക്കുന്നത് യുവതാരത്തിന്റെ മാനസികാവസ്ഥയെ മോശമായി ബാധിക്കാനുള്ള സാഹചര്യം കൂടുതലാണ്.

സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയ രാജസ്ഥാന് പിന്നീട് അടിതെറ്റി. അവസാന നാല് മത്സരത്തിലും രാജസ്ഥാന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,സഞ്ജു സാംസണ്‍ എന്നിവരില്‍ ടീം കൂടുതല്‍ പ്രതീക്ഷവെക്കുന്നതാണ് പ്രശ്‌നം. മധ്യനിരയില്‍ എടുത്ത് പറയാനുന്ന ഒരു താരമില്ല. അടുത്ത മത്സരം മുതല്‍ ബെന്‍ സ്‌റ്റോക്‌സ് എത്തുന്നത് ടീമിന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് കരുതുന്നത്. ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തുന്നതും രാജസ്ഥാന്റെ പ്രധാന പ്രശ്‌നമാണ്. പ്ലേ ഓഫ് പോരാട്ടം മുറുകുന്ന സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയങ്ങള്‍ തന്നെ രാജസ്ഥാന് വേണ്ടിവരും. അല്ലാത്ത പക്ഷം പ്ലേ ഓഫ് കാണാതെ യുഎഇയില്‍ നിന്ന് മടങ്ങേണ്ടി വരും.

Story first published: Saturday, October 10, 2020, 12:07 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+