IPL 2020: സീസണിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങള്‍, രാഹുല്‍ മുതല്‍ ധവാന്‍ വരെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് സമാപനം ആയിരിക്കുകയാണ്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സാണ് കിരീടം ഉയര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നു ഇത്. ഇത്തവണ കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടത്തിയതെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെ മത്സരം ആരാധകരിലേക്കെത്തിക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞു. ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ശിഖര്‍ ധവാന്‍ (106*)
ഇത്തവണ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറിയടക്കം ഗംഭീര പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ കാഴ്ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പുറത്താകാതെ 101 റണ്‍സെടുത്ത ധവാന്‍ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ 106 റണ്‍സും അടിച്ചെടുത്തു. 61 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ധവാന്റെ തകര്‍പ്പന്‍ പ്രകടനം. 17 മത്സരത്തില്‍ നിന്ന് 618 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനതെത്താനും ധവാന് സാധിച്ചു. നാല് അര്‍ധ സെഞ്ച്വറിയും ധവാന്‍ നേടി. 67 ഫോറും 12 സിക്‌സുമാണ് ഈ സീസണില്‍ നേടിയത്.

ഇഷാന്‍ കിഷന്‍ (99)
മുംബൈ ഇന്ത്യന്‍സ് യുവതാരം ഇഷാന്‍ കിഷന്‍ ആര്‍സിബിക്കെതിരേ നേടിയ 99 റണ്‍സ് ആരാധക പ്രശംസ നേടിയെടുക്കുന്നതായിരുന്നു. ആര്‍സിബി മുന്നോട്ട് വെച്ച് 101 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെയാണ് കിഷാന്റെ പ്രകടനം. മൂന്ന് വിക്കറ്റിന് 39 എന്ന നിലയിലേക്ക് മുംബൈ തകര്‍ന്ന അവസ്ഥയില്‍ നിന്നാണ് കിഷാന്റെ വെടിക്കെട്ട്. 58 പന്തുകള്‍ നേരിട്ട് 2 ഫോറും 9 സിക്‌സും കിഷന്‍ പറത്തി. മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ മുംബൈ ആര്‍സിബിയോട് തോറ്റു.

ക്രിസ് ഗെയ്ല്‍ (99)
രാജസ്ഥാന്‍ റോയല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 63 പന്തുകള്‍ നേരിട്ട് 99 റണ്‍സ് നേടിയ ഗെയ്‌ലിനെ ജോഫ്ര ആര്‍ച്ചറാണ് സെഞ്ച്വറിക്ക് 1 റണ്‍സകലെ പുറത്താക്കിയത്. എട്ട് സിക്‌സുകള്‍ ഉള്‍പ്പെടെ യൂനിവേഴ്‌സല്‍ ബോസിന്റെ കരുത്ത് കാട്ടുന്ന പ്രകടനമായിരുന്നു ഇത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മത്സരത്തില്‍ രാജസ്ഥാനോട് പഞ്ചാബ് പരാജയപ്പെട്ടു.

മായങ്ക് അഗര്‍വാള്‍ (89)
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാള്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരേ നേടിയ 89 റണ്‍സും മനോഹര ഇന്നിങ്‌സായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് മത്സരം എത്തിക്കാന്‍ മായങ്കിന്റെ പ്രകടനത്തിനായി. മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും മായങ്കിന്റെ പ്രകടനം ശ്രദ്ധേയമായി. ഒരു വശത്ത് വിക്കറ്റ് പോകുമ്പോഴാണ് മായങ്കിന്റെ അവസരോചിത ഇന്നിങ്‌സ് പിറന്നത്. ഈ സീസണില്‍ മായങ്ക് സെഞ്ച്വറിയും നേടിയിരുന്നു.

കെ എല്‍ രാഹുല്‍ (132*)
കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകനായ കെ എല്‍ രാഹുല്‍ ആര്‍സിബിക്കെതിരേ നേടിയ 132 റണ്‍സ് ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ്. 69 പന്തുകള്‍ നേരിട്ട് 14 ഫോറും ഏഴ് സിക്‌സുമാണ് രാഹുല്‍ നേടിയത്. 191.30 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. 14 മത്സരത്തില്‍ നിന്ന് 670 റണ്‍സുമായി ഓറഞ്ച് ക്യാപ് രാഹുലിനായിരുന്നു. മത്സരത്തില്‍ 97 റണ്‍സിന് വിജയിക്കാനും പഞ്ചാബിനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications