IPL 2020: ആര്‍സിബിക്കെതിരേ മുംബൈക്ക് പിഴച്ചതെവിടെ? ഈ മൂന്ന് കാരണങ്ങള്‍ തിരിച്ചടിയായി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ആര്‍സിബി-മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ പോരടിച്ച മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് മുംബൈയെ ആര്‍സിബി തോല്‍പ്പിച്ചത്. 202 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ ഉയര്‍ത്തിയിട്ടും മുംബൈ സമനില പിടിച്ചെങ്കിലും സൂപ്പര്‍ ഓവറിലെ നവദീപ് സൈനിയുടെ ബൗളിങ് മുംബൈയെ പിടിച്ചുകെട്ടി. നിര്‍ഭാഗ്യത്തെ മുംബൈക്ക് പഴിക്കാമെങ്കിലും ടീമിന്റെ തോല്‍വിയിലേക്ക് വഴിവെച്ച മൂന്ന് കാരണങ്ങള്‍ ഇവയൊക്കെയാണ്.

സൂപ്പര്‍ ഓവറില്‍ ഇഷാന്‍ കിഷനെ ഇറക്കിയില്ല
ആര്‍സിബിക്കെതിരായ മത്സരത്തില്‍ മുംബൈക്ക് സമനില സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഇഷാന്‍ കിഷന്‍. സൗരഭ് തിവാരിക്ക് പകരക്കാരനായി ടീമിലെത്തി 99 റണ്‍സുമായി തകര്‍ത്തടിച്ച ഇഷാന്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ഇഷാന്‍ കിഷനെ മുംബൈ ബാറ്റിങ്ങിനിറക്കിയില്ല. കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം ഹര്‍ദിക് പാണ്ഡ്യ ഇറങ്ങിയത് ടീമിന് തിരിച്ചടിയായി. ഈ സീസണില്‍ ഇതുവരെ തിളങ്ങാന്‍ കഴിയാതിരുന്ന ഹര്‍ദികിന് സൂപ്പര്‍ ഓവറിലും പിഴച്ചു.

സിക്‌സും ഫോറും നേടാന്‍ സാധിക്കാതിരുന്ന ഹര്‍ദിക് അവസാന പന്ത് പാഴാക്കുകയും ചെയ്തു. ഇതോടെ 7 റണ്‍സ് മാത്രമാണ് മുംബൈക്ക് സൂപ്പര്‍ ഓവറില്‍ നേടാന്‍ സാധിച്ചത്. നവദീപ് സൈനിക്കെതിരേ മത്സരത്തിലുടെനീളം മികച്ച രീതിയില്‍ കളിച്ച ഇഷാന്‍ കിഷനെ സൂപ്പര്‍ ഓവറിലേക്ക് കൂടി പരിഗണിക്കുകയായിരുന്നെങ്കില്‍ ടീമിന്റെ തലവര ചിലപ്പോള്‍ മാറുമായിരുന്നു. എന്നാല്‍ ഏറെ നേരം മൈതാനത്ത് തുടര്‍ന്ന കിഷന്‍ ശാരീരികമായി തളര്‍ന്നിരുന്നതിനാല്‍ ഹര്‍ദികിനെ ഇറക്കാന്‍ മുംബൈ തീരുമാനിക്കുകയായിരുന്നു.

മുംബൈയുടെ തുടക്കം പിഴച്ചു
ആദ്യ പവര്‍പ്ലേ ഉള്‍പ്പെടെ ആദ്യ 10 ഓവറിലെ മെല്ലപ്പോക്കാണ് മുംബൈക്ക് തിരിച്ചടിയായത്. നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ക്വിന്റന്‍ ഡീകോക്ക് എന്നിവരുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. ഹര്‍ദിക് പാണ്ഡ്യയും റണ്‍സ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. 11.2 ഓവറില്‍ നാല് വിക്കറ്റിന് 78 എന്ന മോശം നിലയിലായിരുന്നു മുംബൈ. 10 റണ്‍സിന് മുകളില്‍ ഓവറില്‍ വേണമെന്നിരിക്കെ ടോപ് ഓഡറിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം മുംബൈയുടെ തോല്‍വിക്ക് കാരണമായി.

ഡെത്ത് ഓവറില്‍ തല്ലുവാങ്ങി
ഡെത്ത് ഓവറുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാര്‍ എന്നും മിടുക്ക് കാട്ടിയിരുന്നു. എന്നാല്‍ ആര്‍സിബിക്കെതിരേ ഈ മികവ് കണ്ടില്ല. നന്നായി തല്ലുവാങ്ങിക്കൂട്ടിയ മുംബൈ ബൗളര്‍മാരുടെ മോശം പ്രകടനമാണ് ആര്‍സിബി സ്‌കോര്‍ 200 കടത്തിയത്. എബി ഡിവില്ലിയേഴ്‌സും ശിവം ദുബെയും അവസാന ഓവറില്‍ കത്തിക്കയറി. ട്രന്റ് ബോള്‍ട്ടിനെ നേരത്തെ എറിയിച്ച് തീര്‍ത്ത രോഹിത് അവസാന ഓവറിലേക്ക് പരിഗണിച്ചത് പാറ്റിന്‍സണെയാണ്.
ഈ തീരുമാനം തെറ്റി. മൂന്ന് സിക്‌സുള്‍പ്പെടെ അവസാന ഓവറില്‍ ശിവം ദുബെ പാറ്റിന്‍സണെ കടന്നാക്രമിച്ചത് മുംബൈക്ക് തിരിച്ചടിയായി. മുംബൈയുടെ വജ്രായുധമായ ബൂംറക്ക് സ്ഥിരത കണ്ടെത്താന്‍ സാധിക്കാത്തതും ടീമിന്റെ തോല്‍വിക്ക് കാരണമായി. ലസിത് മലിംഗയുടെ അഭാവം മുംബൈ ബൗളിങ്ങില്‍ നിഴലിച്ച് നില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications