IPL 2020: ഡല്‍ഹിക്കെതിരേ ആര്‍സിബിക്ക് പിഴച്ചതെവിടെ? മൂന്ന് കാരണങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ആര്‍സിബിക്ക് സാധിച്ചെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന് ആര്‍സിബി തോല്‍വി വഴങ്ങി. മികച്ച താരനിരയുള്ള ആര്‍സിബിക്ക് ബാറ്റിങ്ങിലാണ് പിഴച്ചത്. ആദ്യം ബാറ്റ് ചെയ്ത് 152 എന്ന ചെറിയ സ്‌കോര്‍ നേടാനെ ആര്‍സിബിക്കായുള്ള. ബൗളര്‍മാര്‍ ഡല്‍ഹിയുടെ ജയം 19 ഓവറിലേക്ക് നീട്ടിയതിനാലാണ് ആര്‍സിബിക്ക് പ്ലേ ഓഫ് ലഭിച്ചത്. 17.3 ഓവറിനുള്ളില്‍ ഡല്‍ഹി വിജയിച്ചിരുന്നെങ്കില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് മോഹങ്ങള്‍ക്കത് കടുത്ത തിരിച്ചടിയാവുമായിരുന്നു. പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും നിര്‍ണ്ണായക മത്സരത്തിലെ ദയനീയ തോല്‍വി ആര്‍സിബി ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്. ഡല്‍ഹിക്കെതിരേ ആര്‍സിബിക്ക് പിഴച്ചതെവിടെയാണ്? ഇതാ മൂന്ന് കാരണങ്ങള്‍.

കോലി-ദേവ്ദത്ത് മെല്ലപ്പോക്ക് കൂട്ടുകെട്ട്
മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലാണ് (50) ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അല്ലാത്ത പക്ഷം ഇതിലും ചെറിയ ടോട്ടലില്‍ ടീം ഒതുങ്ങിയേനെ. 41 പന്തുകള്‍ നേരിട്ട് 5 ഫോറുകള്‍ ഉള്‍പ്പെടെ 121.95 സ്‌ട്രൈക്കറേറ്റിലായിരുന്നു ദേവ്ദത്തിന്റെ പ്രകടനം. വിരാട് കോലി 24 പന്തുകള്‍ നേരിട്ട് 29 റണ്‍സും നേടി. ഇരുവരും തമ്മിലുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ മെല്ലെപ്പോക്കാണ് ആര്‍സിബി സ്‌കോര്‍ബോര്‍ഡിനെ ബാധിച്ചത്. ദേവ്ദത്ത് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ സീനിയര്‍ താരമായ കോലി അടിച്ച് കളിക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ കോലിക്കതിന് സാധിച്ചില്ല. ഇരുവരും ചേര്‍ന്ന് 50 പന്തില്‍ നേടിയത് 57 റണ്‍സാണ്.

ദേവ്ദത്തിന് അവസാനം വരെ നില്‍ക്കാനായില്ല
ദേവ്ദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വറിക്ക് ശേഷം സാധാരണയായി കൂടുതല്‍ ആക്രമിച്ച് കളിക്കാറുണ്ട്. എന്നാല്‍ ഡല്‍ഹിക്കെതിരേ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ദേവ്ദത്തിന് മടങ്ങേണ്ടി വന്നു. ഇത് ആര്‍സിബിക്ക് കടുത്ത തിരിച്ചടിയായി. ഡിവില്ലിയേഴ്‌സ് ഫോമിലേക്കുയര്‍ന്ന് വന്നപ്പോഴേക്കും റണ്ണൗട്ടായി. ക്രിസ് മോറിസിന് ബാറ്റിങ് പ്രെമോഷന്‍ നല്‍കിയെങ്കിലും അവസരം മുതലാക്കാനായില്ല. മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ ആര്‍ക്കും സാധിച്ചില്ല എന്നതാണ് ടീമിന് തിരിച്ചടിയായത്.

ഷഹബാസ് അഹമ്മദിനെ എറിയാന്‍ വൈകിച്ചു
നിര്‍ണ്ണായക മത്സരത്തില്‍ ഷഹബാസ് അഹമ്മദിനെ ആര്‍സിബി ടീമിലുള്‍പ്പെടുത്തിയെങ്കിലും ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. ഇടം കൈയന്‍ സ്പിന്നറെ 11ാം ഓവറില്‍ കോലി പന്തെറിയിപ്പിക്കുന്നത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഷഹബാസിനായിരുന്നു. അല്‍പ്പം കൂടി നേരത്തെ ഷഹബാസിനെ പരീക്ഷിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരം കൈപ്പിടിയിലൊതുക്കാന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications