IPL 2020: പഞ്ചാബിനോട് പടിക്കല്‍ കലമുടച്ച് ഹൈദരാബാദ്? പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയക്കുതിപ്പ് തുടരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെറും 126 റണ്‍സില്‍ ഒതുങ്ങിയിട്ടും 12 റണ്‍സിന്റെ ജയം പഞ്ചാബ് പൊരുതി നേടുകയായിരുന്നു. ഹൈദരാബാദിനെ സംബന്ധിച്ച് ഏറ്റവും നാണം കെട്ട പ്രകടനമായിരുന്നു ഇത്. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 56 എന്ന മികച്ച നിലയിലായിരുന്നു ഹൈദരാബാദ്. അവിടെ നിന്നാണ് ഹൈദരാബാദ് കൂട്ടത്തകര്‍ച്ച നേരിട്ടത്. 16.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലേക്ക് എത്തിയ ഹൈദരാബാദിന് പിന്നീട് 14 റണ്‍സിനിടെ ആറ് വിക്കറ്റും നഷ്ടമാവുകയായിരുന്നു. മധ്യനിരയില്‍ കെയ്ന്‍ വില്യംസണിന്റെ അഭാവമാണ് ഹൈദരാബാദിന് തിരിച്ചടിയായത്. പഞ്ചാബിനെതിരേ ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായ പ്രധാന മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അനാവശ്യമായി വിക്കറ്റുകള്‍ തുലച്ചു
ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കം ബാറ്റിങ്ങില്‍ സമ്മാനിച്ചിട്ടും ജയിക്കാനായില്ല എന്നതിനെ ദൗര്‍ഭാഗ്യകരമെന്ന് മാത്രമെ പറയാനാവൂ. സ്‌ട്രൈക്ക് മാറി പതിയെ കളിച്ചാല്‍ ജയിക്കാവുന്ന റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചതും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് വിക്കറ്റ് തുലച്ചതും ഹൈദരാബാദിന് തിരിച്ചടിയായി. 14 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്ടമായി എന്നതാണ് ദൗര്‍ഭാഗ്യകരം. മനീഷ് പാണ്ഡെ (29 പന്തില്‍ 15) അനാവശ്യമായി ഒരുപാട് പ്രതിരോധിച്ച് കളിച്ചതും ടീമിന് തിരിച്ചടിയായി. വിജയ് ശങ്കര്‍ (26) പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിന് ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോയതും ഹൈദരാബാദിന് തിരിച്ചടിയായി.

മധ്യനിരയില്‍ കൂട്ടുകെട്ട് ഉണ്ടാക്കാനായില്ല
മധ്യനിരയില്‍ വിലപ്പെട്ട ഒരുകൂട്ടുകെട്ട് പോലും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നത് ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. കെയ്ന്‍ വില്യംസണിന്റെ അഭാവത്തിനൊത്ത് ഉയരാന്‍ ഇത്തവണ മനീഷ് പാണ്ഡെയ്ക്ക് സാധിച്ചില്ല. ഒരു വശത്ത് വിക്കറ്റുകള്‍ വീണതോടെ സമ്മര്‍ദ്ദത്തിനടിമപ്പെട്ടതും ഹൈദരാബാദിന് തിരിച്ചടിയായി. അനായാസ വിജയലക്ഷ്യമെന്ന് കരുതി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് അമിത ആത്മവിശ്വാസവും തിരിച്ചടിയായി. ഒരുപാട് പന്തുകള്‍ മധ്യ ഓവറുകളില്‍ ഡോട്ട് ബോളായതും ടീമിനെ സമ്മര്‍ദ്ദത്തിലാക്കി.

ബാറ്റിങ് ഓഡറിലെ പൊളിച്ചെഴുത്ത് തിരിച്ചടിയായി
ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി അനാവശ്യമായി ബാറ്റിങ് ഓഡറില്‍ ഹൈദരാബാദ് മാറ്റങ്ങള്‍ വരുത്തി. അവസാന മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ വിജയ് ശങ്കര്‍ മനീഷ് പാണ്ഡെയുമായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ പഞ്ചാബിനെതിരേ വിജയ് ശങ്കറിനെ അനാവശ്യമായി അഞ്ചാം നമ്പറിലേക്ക് മാറ്റിയത് ടീമിന് തിരിച്ചടിയായി. നാലാം നമ്പറില്‍ ഭേദപ്പെട്ടൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇത്തരമൊരു നാണക്കേട് ചിലപ്പോള്‍ ഹൈദരാബാദിന് ഒഴിവാക്കാമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications