IPL 2020: ഡല്‍ഹിക്കെതിരേ രാജസ്ഥാന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. സീസണിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയത് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തിയിട്ടും രാജസ്ഥാന് രക്ഷയില്ല. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായ പ്രധാന മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സ്റ്റോക്‌സിനെ മധ്യനിരയിലേക്ക് പരിഗണിച്ചില്ല
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മധ്യനിര താരമെന്ന നിലയ്ക്കാണ് ബെന്‍ സ്റ്റോക്‌സ് തിളങ്ങിയിട്ടുള്ളത്. ഫിനിഷറെന്ന നിലയില്‍ പല തവണ മിടുക്കുകാട്ടാന്‍ സ്റ്റോക്‌സിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്‌റ്റോക്‌സിനെ ഓപ്പണറായി പരീക്ഷിക്കുന്ന രാജസ്ഥാന് പിഴക്കുന്നു. ഡല്‍ഹിക്കെതിരേ സ്‌റ്റോക്‌സ് 35 പന്തില്‍ 41 റണ്‍സെടുത്തെങ്കിലും അത് ഉപയോഗമില്ലാതെ പോയി. എന്നാല്‍ റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കി സ്റ്റോക്‌സിനെ മധ്യനിരയില്‍ കളിപ്പിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മാറിയേനെ. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ ഉത്തപ്പയെ മധ്യനിരയില്‍ തുടരെ തുടരെ പരീക്ഷിച്ച് പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ബാറ്റിങ് ഓഡര്‍ മാറ്റാത്ത രാജസ്ഥാന്റെ പദ്ധതികളെ മണ്ടത്തരമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. ജോസ് ബട്‌ലര്‍ ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ ഉള്ളതിനാല്‍ സ്റ്റോക്‌സിന് അനുയോജ്യം മധ്യനിര തന്നെയാണ്.

ജോഫ്ര ആര്‍ച്ചറെ മധ്യ ഓവറുകളില്‍ പന്തെറിയിച്ചില്ല
ജോഫ്ര ആര്‍ച്ചര്‍ സ്വപ്‌നതുല്യമായ തുടക്കമാണ് രാജസ്ഥാന് സമ്മാനിച്ചത്. ആദ്യ പന്തില്‍ത്തന്നെ പൃത്ഥ്വി ഷായെ ഗാലറിയിലേക്ക് മടക്കിയ ആര്‍ച്ചര്‍ അജിന്‍ക്യ രഹാനെയേയും കൂടാരം കയറ്റി. എന്നാല്‍ പിന്നീട് ഡെത്ത് ഓവറുകളിലേക്ക് രാജസ്ഥാന്‍ ആര്‍ച്ചറെ മാറ്റിവെച്ചു. 17ാം ഓവറിലാണ് പിന്നീട് ആര്‍ച്ചര്‍ പന്തെറിയാനെത്തുന്നത്. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി മുന്നേറവെ കൂട്ടുകെട്ട് പൊളിക്കാന്‍ ആര്‍ച്ചറെ എത്തിക്കാനുള്ള ശ്രമം രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. നായകനെന്ന നിലയില്‍ സ്മിത്ത് ഇത്തവണ അത്ര മികവ് കാട്ടുന്നില്ല.

അവസാന അഞ്ച് ഓവറില്‍ അടിതെറ്റി
ഡല്‍ഹി മുന്നോട്ടുവെച്ച 162 റണ്‍സിന് മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 39 റണ്‍സാണ്. രാഹുല്‍ തെവാത്തിയയും റോബിന്‍ ഉത്തപ്പയും ക്രീസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും റണ്‍സ് അതിവേഗം ഉയര്‍ത്താന്‍ ശ്രമിക്കാതെ പ്രതിരോധിച്ച് കളിച്ചത് തിരിച്ചടിയായി. അശ്വിന്‍ എറിഞ്ഞ 16ാം ഓവറില്‍ വെറും രണ്ട് റണ്‍സാണ് നേടിയത്. നാല് പന്തുകളാണ് തെവാത്തിയ ഡോട്ട്‌ബോളാക്കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് കളിക്കാമെന്ന അമിത ആത്മവിശ്വാസം രാജസ്ഥാന് തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications