IPL 2020: പഞ്ചാബിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് രാജസ്ഥാന്‍- പിഴച്ചതെവിടെ? മൂന്ന് കാരണങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ചെത്തിയ പഞ്ചാബിനെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തപ്പോള്‍ 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാന്‍ വിജയ ലക്ഷ്യം മറികടന്നു. ബെന്‍ സ്റ്റോക്‌സ്,സഞ്ജു സാംസണ്‍,ജോസ് ബട്‌ലര്‍,സ്റ്റീവ് സ്മിത്ത്,റോബിന്‍ ഉത്തപ്പ എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി. ഇതോടെ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ അവസാന മത്സരത്തിലെ ഫലം നിര്‍ണ്ണായകമാവും. രാജസ്ഥാനെതിരേ പഞ്ചാബിന് എവിടെയാണ് കാലിടറിയത്. പരിശോധിക്കാം.

കെ എല്‍ രാഹുലിന്റെ മെല്ലപ്പോക്ക്
കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ് ടീമിനെ സംബന്ധിച്ച് നട്ടെല്ലാണ്. ഓപ്പണറായ രാഹുല്‍ പവര്‍പ്ലേ ഉള്‍പ്പെടെ മുതലാക്കേണ്ടതുണ്ട്. എന്നാല്‍ ഇന്നലെ അതുണ്ടായില്ല. 41 പന്തുകള്‍ നേരിട്ട രാഹുല്‍ 46 റണ്‍സ് മാത്രമാണ് നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെട്ട ഈ ഇന്നിങ്‌സില്‍ 112.19 ആയിരുന്നു രാഹുലിന്റെ സ്‌ട്രൈക്കറേറ്റ്. ഗെയ്ല്‍ ഒരുവശത്ത് അടിച്ചുതകര്‍ക്കുമ്പോള്‍ രാഹുലിന് ഈ മികവ് ആവര്‍ത്തിക്കാനായില്ല. 14ാം ഓവറിലെ നാലാം പന്തില്‍ രാഹുല്‍ മടങ്ങുമ്പോള്‍ 121 റണ്‍സ് മാത്രമാണ് ടീം സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. രാഹുല്‍ അല്‍പ്പം കൂടി ആക്രമിച്ച് കളിച്ചിരുന്നെങ്കില്‍ 200ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ പഞ്ചാബിന് സാധിക്കുമായിരുന്നു. രാജസ്ഥാനെതിരായ പഞ്ചാബിന്റെ തോല്‍വിക്ക് രാഹുലിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ഒരു കാരണം തന്നെയാണ്.

ക്രിസ് ഗെയ്‌ലിന് ഓടി റണ്‍സെടുക്കാനുള്ള ബുദ്ധിമുട്ട്
സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായെങ്കിലും മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ക്രിസ് ഗെയ്‌ലിനായി. 63 പന്തുകള്‍ നേരിട്ട് 6 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 99 റണ്‍സാണ് ഗെയ്ല്‍ നേടിയത്. എന്നാല്‍ മത്സരത്തില്‍ സ്‌ട്രൈക്ക് മാറുന്നതിലും അതിവേഗം രണ്ട് റണ്‍സ് ഓടിയെടുക്കുന്നതിലും ഗെയ്ല്‍ വലിയ ബുദ്ധിമുട്ട് നേരിട്ടു. 99 റണ്‍സ് നേടിയതില്‍ 72 റണ്‍സും സിക്‌സിലൂടെയും ഫോറിലൂടെയുമാണ്. ബാക്കിയുള്ള 27 റണ്‍സിനായി അദ്ദേഹം എടുത്തത് 49 പന്താണ്. ഇത് ടീമിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പന്തുകളാണ്. അതിവേഗം റണ്‍സ് ഓടിയെടുക്കാന്‍ സാധിക്കാത്തത് ടീം സ്‌കോര്‍ ബോര്‍ഡ് 200 കടക്കുന്നതില്‍ നിന്ന് തടുത്തു.

പവര്‍പ്ലേയില്‍ സ്റ്റോക്‌സിനെതിരേ ലെഗ് സ്പിന്നര്‍
സ്പിന്‍ ബൗളര്‍മാരെ മനോഹരമായി നേരിടുന്ന ബാറ്റ്‌സ്മാനാണ് ബെന്‍ സ്‌റ്റോക്‌സ്. മികച്ച ഫോമിലുള്ള സ്‌റ്റോക്‌സിനെതിരേ പവര്‍പ്ലേയില്‍ മുരുഗന്‍ അശ്വിനെ ഇട്ടുകൊടുത്ത പഞ്ചാബ് നായകന്‍ രാഹുലിന്റെ തീരുമാനം പിഴച്ചു. രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 16 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സ്റ്റോക്‌സിനെതിരേ ലെഗ് സ്പിന്നറെ ഉപയോഗിക്കുന്നത് വലിയ മണ്ടത്തരം തന്നെയാണ്. ഈ തെറ്റിനെ സ്‌റ്റോക്‌സ് നന്നായി മുതലാക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications