IPL 2020: ആര്‍സിബിയോട് നാണംകെട്ട് കെകെആര്‍, പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ആധികാരിക വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിട്ട ആര്‍സിബി മറുപടിക്കിറങ്ങി 13.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ഗുര്‍കീരത് സിങ് മാന്‍ (21),വിരാട് കോലി (18),ദേവ്ദത്ത് പടിക്കല്‍ (25) എന്നിവരുടെ ബാറ്റിങ്ങും മുഹമ്മദ് സിറാജിന്റെ സൂപ്പര്‍ ബൗളിങ്ങുമാണ് ആര്‍സിബിയെ വിജയത്തിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങാന്‍ തീരുമാനിച്ച കെകെആറിന് തൊട്ടതെല്ലാം പിഴച്ചു. ആര്‍സിബിക്കെതിരേ കെകെആറിന്റെ തോല്‍വിക്ക് കാരണമായി മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടോപ് ഓഡറിന്റെ വലിയ പിഴവ്
ആര്‍സിബിയോട് കെകെആര്‍ തോറ്റതിന്റെ പ്രധാന കാരണം ടോപ് ഓഡര്‍ താരങ്ങളാണ്. തുടര്‍ച്ചയായി വിക്കറ്റ് വീഴുമ്പോഴും ഒരു വശത്ത് വമ്പന്‍ ഷോട്ടിന് ശ്രമിച്ച ബാറ്റ്‌സ്മാന്‍മാര്‍ സ്വയം കുഴിയില്‍ ചാടുകയായിരുന്നു. ആദ്യ രണ്ട് വിക്കറ്റ് വീണതോടെ അല്‍പ്പം ജാഗ്രത കാട്ടേണ്ടിയിരുന്നു. എന്നാല്‍ ഇതുണ്ടായില്ല.രാഹുല്‍ ത്രിപാതിയും നിധീഷ് റാണയും അടുത്തടുത്ത പന്തുകളില്‍ പുറത്തായി. ഈ ഒരു സമയത്ത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ശുബ്മാന്‍ ഗില്‍ പുറത്തായത്. ഒരു സിക്‌സും ഫോറുമായി പ്രതീക്ഷ നല്‍കിയ ടോം ബാന്റന്റെ ആളിക്കത്തല്‍ 10 റണ്‍സില്‍ അവസാനിച്ചു. ടോപ് ഓഡര്‍ അതിവേഗം മടങ്ങിയത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയും കെകെആര്‍ കൂട്ടത്തകര്‍ച്ച നേരിടുകയും ചെയ്തു.

സ്‌ട്രൈക്ക് മാറി കളിച്ചില്ല-അമിത പ്രതിരോധം
ടോപ് ഓഡറിലെ നാല് പേര്‍ പെട്ടെന്ന് മടങ്ങിയതോടെ പ്രതിരോധത്തിലേക്ക് കെകെആര്‍ ഒതുങ്ങി. വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ മാത്രം ശ്രമിച്ച അവര്‍ റണ്‍സ് നേടുന്ന കാര്യം മറന്ന് പോയി. ഇയാന്‍ മോര്‍ഗന്‍-ദിനേഷ് കാര്‍ത്തിക് കൂട്ടുകെട്ടില്‍ കെകെആര്‍ വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും സ്‌ട്രൈക്ക് മാറി കളിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. മോര്‍ഗന്‍ പരമാവധി സ്‌ട്രൈക്ക് മാറികൊടുത്തപ്പോള്‍ കാര്‍ത്തിക് പ്രതിരോധം മാത്രമായി. 14 പന്തുകള്‍ നേരിട്ട് നാല് റണ്‍സെടുത്ത കാര്‍ത്തികിനെ യുസ്‌വേന്ദ്ര ചഹാല്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. പിന്നീടെത്തിയ പാറ്റ് കമ്മിന്‍സ് 17 പന്തില്‍ 4 റണ്‍സ് മാത്രമാണെടുത്തത്. മോര്‍ഗനുമായി സ്‌ട്രൈക്ക് മാറിക്കളിച്ചിരുന്നെങ്കില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഒരു പക്ഷെ കെകെആറിന് എത്താമായിരുന്നു.

ജയിക്കാനുള്ള താല്‍പര്യം ഉണ്ടായില്ല
84 റണ്‍സിന് പുറത്തായതോടെ തോല്‍വി ഉറപ്പിച്ച ശരീര ഭാഷയോടെയാണ് കെകെആര്‍ ഫീല്‍ഡിങ്ങിനിറങ്ങിയത്. ആര്‍സിബിയെ തളച്ചിടാനുള്ള യാതൊരു അധിക തന്ത്രങ്ങളും കെകെആര്‍ നായകന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതിനാല്‍ത്തന്നെ അനായാസമായി ആര്‍സിബി വിജയവും സ്വന്തമാക്കി. സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത് കെകെആറിന് വലിയ തിരിച്ചടിയായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications