IPL 2020: കെകെആറിനോട് മുട്ടുമടക്കി ഡല്‍ഹി, പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
അബുദാബി: പ്ലേ ഓഫ് പോരാട്ടം കൂടുതല്‍ ആവേശകരമാക്കി തകര്‍പ്പന്‍ ജയത്തോടെ തിരിച്ചുവരവ് നടത്തി കെകെആര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിനാണ് കെകെആര്‍ തോല്‍പ്പിച്ചത്. അബുദാബിയിലെ വലിയ മൈതാനത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 194 എന്ന വമ്പന്‍ സ്‌കോര്‍ കെകെആര്‍ പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നിധീഷ് റാണയുടെയും (81) സുനില്‍ നരെയ്‌ന്റെയും (64) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിനൊപ്പം വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനം കൂടി ആയപ്പോള്‍ ഡല്‍ഹിക്ക് അടിപതറി. വിജയത്തോടെ 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരാന്‍ കെകെആറിനായി. തോറ്റെങ്കിലും 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ഡല്‍ഹി രണ്ടാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായത് എന്തൊക്കെയാണ്? പ്രധാന മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

ടോസ് നേടിയിട്ടും ബാറ്റിങ്ങിനിറങ്ങിയില്ല
അബുദാബിയിലെ വലിയ മൈതാനത്ത് ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാതിരുന്ന ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുടെ തീരുമാനം പിഴച്ചു. അബുദാബിയില്‍ രണ്ടാം ബാറ്റിങ് ആകുമ്പോഴേക്കും പിച്ച് സ്ലോവാകാറുണ്ട്. കൂടാതെ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരുടെ അവസാന മത്സരങ്ങളിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഈ അവസ്ഥയില്‍ മികച്ച ബൗളിങ് നിരയുടെ ഡല്‍ഹി ആദ്യം ബാറ്റ് ചെയ്ത് മാന്യമായൊരു സ്‌കോര്‍ നേടിയിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സര ഫലം മാറിയേനെ. കഗിസോ റബാദ,ആന്റിച്ച് നോക്കിയേ,തുഷാര്‍ ദെശപാണ്ഡെ എന്നീ പേസ് ബൗളര്‍മാരും അശ്വിന്‍,അക്‌സര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാരും ഡല്‍ഹിക്കുണ്ട്. എന്നിട്ടും ബാറ്റിങ് നിരയെ അമിതമായി വിശ്വസിച്ച ശ്രേയസിന്റെ തീരുമാനത്തിനുള്ള തിരിച്ചടിയാണ് ഇന്നത്തെ തോല്‍വി.

ടോപ് ഓഡര്‍ നിരാശപ്പെടുത്തി
195 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പവര്‍പ്ലേയില്‍ മികച്ചൊരു തുടക്കം അത്യാവശ്യമാണ്. എന്നാല്‍ ഡല്‍ഹിക്കത് ലഭിച്ചില്ല. പൃത്ഥ്വി ഷായ്ക്ക് പകരക്കാരനായി ഓപ്പണര്‍ റോളിലെത്തിയ അജിന്‍ക്യ രഹാനെ പാറ്റ് കമ്മിന്‍സിന്റെ ആദ്യ പന്തില്‍ത്തന്നെ എല്‍ബിയില്‍ കുരുങ്ങി പുറത്തായി. അവസാന രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും (6) നിരാശപ്പെടുത്തിയതോടെ സ്‌കോര്‍ബോര്‍ഡിന്റെ വേഗം കുറഞ്ഞു. മധ്യ ഓവറുകളില്‍ ശ്രേയസ് അയ്യരും (47) റിഷഭ് പന്തും (27) സമ്മര്‍ദ്ദത്തോടെ ബാറ്റുവീശിയതും ടീമിന് തിരിച്ചടിയായി. 33 പന്തുകള്‍ നേരിട്ടാണ് റിഷഭ് 27 റണ്‍സെടുത്തത്. വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ ആര്‍ക്കും സാധിക്കാതെ പോയി.

സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തി
കെകെആര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുമായി കളിയിലെ താരമായപ്പോള്‍ ഡല്‍ഹിയുടെ സ്പിന്നര്‍മാര്‍ ഇന്ന് നനഞ്ഞ പടക്കമായിരുന്നു. പരിചയസമ്പന്നനായ രവിചന്ദ്ര അശ്വിന്‍ നരെയ്‌ന്റെ ബാറ്റില്‍ നിന്ന് കണക്കിന് ശിക്ഷ വാങ്ങി. 3 ഓവറില്‍ 45 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേലിന് ഒരോവര്‍ മാത്രമാണ് നല്‍കിയത്. ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്തിട്ടും വീണ്ടും അക്‌സറിന് അവസരം നല്‍കാന്‍ ശ്രേയസ് അയ്യര്‍ തയ്യാറായില്ല. സുനില്‍ നരെയ്ന്‍-നിധീഷ് റാണ കൂട്ടുകെട്ട് പൊളിക്കാന്‍ റബാദയെ ഉപയോഗിച്ച് ശ്രമിക്കാതിരുന്നതും തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications