
സ്റ്റംപിന് വെളിയിലായാണ് നരെയ്ന്‍ ഉയര്‍ത്തി പന്തെറിഞ്ഞത്. ഇത്തരമൊരു നീക്കം മനസില്‍ ആദ്യമേ പ്രതീക്ഷിച്ച മാക്‌സ്‌വെല്‍ വൈഡ് ലൈനില്‍ നിന്നും പന്തിനെ കണക്ട് ചെയ്ത് കവറിന് മുകളിലൂടെ സിക്‌സര്‍ പറത്തി. ഉയരവും ദൂരവും താണ്ടിയിറങ്ങിയ പന്ത് നേരെ ചെന്നുവീണത് ബൗണ്ടറി ലൈനിന് രണ്ടിഞ്ച് അകലെ. ക്രിക്കറ്റിലെ മറ്റൊരു നാടകീയ നിമിഷത്തിനാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം വഴിയൊരുക്കിയത്.

ബൗണ്ടറി ലൈനിന് രണ്ടിഞ്ച് അകലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. 6 പന്തില്‍ 14 റണ്‍സ് എന്ന സമവാക്യവുമായാണ് കിങ്‌സ് ഇലവന്‍ 20 ആം ഓവറിന് തയ്യാറെടുത്തത്. ഈ സമയം ക്രീസില്‍ മന്ദീപ് സിങ്ങും ഗ്ലെന്‍ മാക്‌സ്‌വെല്ലും. നരെയ്‌ന്റെ ആദ്യ പന്ത് മാക്‌സ്‌വെല്‍ ഡബിള്‍ ഓടി. തന്നിലേക്ക് കുത്തിത്തിരിഞ്ഞ നരെയ്‌ന്റെ വേഗം കുറഞ്ഞ രണ്ടാം പന്തിനെ അടിച്ചകറ്റാന്‍ മാക്‌സ്‌വെല്‍ പരാജയപ്പെട്ടു. ഇതോടെ 4 പന്തില്‍ 12 എന്നായി ചിത്രം.

മൂന്നാം പന്തില്‍ മാക്‌സ്‌വെല്‍ സ്വിച്ച് ഷോട്ടാണ് തിരഞ്ഞെടുത്തത്. പന്തിനെ എക്‌സ്ട്രാ കവറിന് മുകളിലൂടെ പായിക്കാന്‍ താരത്തിന് സാധിച്ചു --- ബൗണ്ടറി. നാലാം പന്തില്‍ വീണ്ടും വമ്പനടിക്ക് ശ്രമിച്ച മാക്‌സ്‌വെല്ലിന് പന്തിനെ കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഫലമോ ഒരു റണ്‍ 'ബൈ'. നിര്‍ണായകമായ അഞ്ചാം പന്തില്‍ മന്ദീപ് സിങ്ങാണ് സ്‌ട്രൈക്ക് എടുക്കുന്നത്. നരെയ്ന്‍ വായുവില്‍ ഉയര്‍ത്തിയെറിഞ്ഞ പന്തിനെ അടിച്ചകറ്റാന്‍ മന്ദീപ് നടത്തിയ ശ്രമം വിഫലമായി. ഡീപ് സ്‌ക്വയര്‍ ലെഗില്‍ ക്രിസ് ഗ്രീന് (സബ്‌സ്റ്റിറ്റിയൂട്ട്) അനായാസ ക്യാച്ചാണ് ലഭിച്ചത്.

മത്സരം ഉദ്വേഭരിതമായി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് 7 റണ്‍സ്. സിക്‌സടിച്ചാല്‍ സൂപ്പര്‍ ഓവര്‍. നിര്‍ഭാഗ്യവശാല്‍ മാക്‌സ്‌വെല്ലിന്റെ ഷോട്ട് ബൗണ്ടറി ലൈനില്‍ കുത്തിക്കയറുകയായിരുന്നു. ഇതോടെ പഞ്ചാബിന് രണ്ടു റണ്‍സിന്റെ ഹൃദയഭേദകമായ തോല്‍വി വഴങ്ങേണ്ടിയും വന്നു. നേരത്തെ, കെഎല്‍ രാഹുല്‍ - മായങ്ക് അഗര്‍വാള്‍ സഖ്യത്തിന്റെ പിന്‍ബലത്തില്‍ പഞ്ചാബ് അനായാസം ജയത്തിന് അരികെയെത്തിയിരുന്നു. 15 ആം ഓവറില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് മായങ്ക് (39 പന്തില്‍ 56) പിരിഞ്ഞത്.

പ്രസിദ്ധ കൃഷ്ണയെറിഞ്ഞ 19 ആം ഓവറാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഈ ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും (7 പന്തില്‍ 4) കെഎല്‍ രാഹുലിനെയും (58 പന്തില്‍ 74) വീഴ്ത്താന്‍ ഇദ്ദേഹത്തിനായി. കേവലം ആറു റണ്‍സാണ് താരം വഴങ്ങിയതും. 20 ആം ഓവറില്‍ സുനില്‍ നരെയ്‌നും പിടിമുറുക്കിയതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒരിക്കല്‍ക്കൂടി ജയിച്ച കളി തോറ്റു. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനക്കാരായി കിങ്‌സ് ഇലവന്‍ പഞ്ചാബ് തുടരുകയാണ്. ഏഴു മത്സരങ്ങളില്‍ ആറിലും ടീം തോറ്റു. ബാംഗ്ലൂരിന് എതിരെ മാത്രമാണ് കിങ്‌സ് ഇലവന്‍ ജയിച്ചത്.


Click it and Unblock the Notifications











