ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പുരോഗമിക്കുകയാണ്. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ബൗളിങ് നിരയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. യുഎഇയിലെ വേഗമൈതാനങ്ങളില്‍ കളം അറിഞ്ഞ് പന്തെറിയുന്ന ഷമി നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ് അണിയുകയാണ്.
എന്നാല്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രം ആരാധകരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. സ്വിമ്മിങ് പൂളില്‍ നിന്നുള്ള ഷമി പങ്കുവെച്ച ചിത്രത്തില്‍ ഷമിയുടെ ശരീരത്തിലാകെ കറുപ്പ് നിറത്തിലുള്ള പാടുകള്‍ വ്യക്തമായിരുന്നു. ഇതാണ് ആരാധകരെ ആശങ്കപ്പെടുത്തിയത്. ചിത്രത്തിന് താഴെ നിരവധി ആളുകളാണ് എന്താണ് ദേഹത്ത് സംഭവിച്ചതെന്ന് കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ആരാധകരുടെ കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഷമി തന്നെ ഒടുവില്‍ ഇതിന് വിദശീകരണവുമായി രംഗത്തെത്തി.

മറ്റൊരു ചിത്രത്തിലൂടെയാണ് സംഭവം ഷമി വെളിപ്പെടുത്തിയത്. ദുബായില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി കപ്പിങ് തെറാപ്പി ചെയ്തിരിക്കുന്ന ചിത്രമാണ് ഷമി പങ്കുവെച്ചത്. കപ്പിങ് തെറാപ്പി ചെയ്യുമ്പോള്‍ ദേഹത്തുണ്ടാകുന്ന സ്വാഭാവികമായ പാടുകള്‍ മാത്രമാണിത്. തൊലിയോട് ചേര്‍ത്ത് ദേഹത്ത് കപ്പ് ഘടിപ്പിക്കുന്ന ഈ ചികിത്സ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. തന്റെ ചിത്രത്തിന് താഴെ ഷമി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ആരാധകരെ ഏറെ നേരം ഭയപ്പെടുത്തിയ ശേഷമാണ് ഷമി നിജസ്ഥിതി വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യമായി ഷമി മാറിക്കഴിഞ്ഞു. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പുകള്‍ നടക്കാനിരിക്കെ ഇത്തവണത്തെ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമമാണ് ഷമി നടത്തുന്നത്. യുഎഇയിലെ ബൗണ്‍സ് പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഷമിക്ക് സാധിക്കുന്നുണ്ട്. യോര്‍ക്കറുകളിലെ കൃത്യതയും വേഗവുമാണ് ഷമിയുടെ പ്രധാന കരുത്ത്. ഇത്തവണ പഞ്ചാബ് മോശം പ്രകടനം പുറത്തെടുക്കുമ്പോഴും മികച്ച ബൗളിങ്ങിലൂടെ ഷമി പ്രശംസ പിടിച്ചുപറ്റുന്നു.
നിലവില്‍ നാല് മത്സരത്തില്‍ മൂന്ന് തോല്‍വിയും ഒരു ജയവുമായി ആറാം സ്ഥാനത്താണ് പഞ്ചാബുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മാത്രമാണ് അവര്‍ തോല്‍പ്പിച്ചത്. രാജസ്ഥാന്‍,ഡല്‍ഹി ക്യാപിറ്റല്‍സ്,മുംബൈ ഇന്ത്യന്‍സ് ടീമുകളോടാണ് പരാജയപ്പെട്ടത്. നാലാം തീയ്യതി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് പഞ്ചാബിന്റെ അടുത്ത എതിരാളികള്‍.