
'മികച്ച വിജയത്തോടെ പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നു. അവിടെ ഉണ്ടാകാന്‍ സാധിച്ചില്ലല്ലോ എന്നതോര്‍ത്ത് നഷ്ടബോധം തോന്നുന്നു'-എന്നാണ് ഭുവനേശ്വര്‍ ട്വിറ്ററില്‍ കുറിച്ചത്. ഏറെ നാളായി പരിക്കിന്റെ പിടിയിലായ ഭുവനേശ്വറിന്റെ കരിയറിന് തന്നെ ഇപ്പോള്‍ ഭീഷണി ആയിരിക്കുകയാണ്. ഒരു കാലത്ത് ജസ്പ്രീത് ബൂംറ,ഭുവനേശ്വര്‍ കുമാര്‍ ബൗളിങ് കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലായിരുന്നു. എന്നാല്‍ കാലിന് പരിക്കേറ്റ ഭുവി ഏറെ നാളായി വിശ്രമത്തിലായിരുന്നു.

ഇത്തവണത്തെ ഐപിഎല്ലിലൂടെ മികച്ച പ്രകടനം നടത്തി തിരിച്ചുവരാമെന്ന് കരുതിയിരിക്കവെയാണ് പരിക്ക് ഭുവനേശ്വറെ വേട്ടയാടിയത്. ഇതോടെ ഓസീസ് പര്യടനത്തിനുള്ള ടീമിലേക്കും ഭുവിയെ പരിഗണിച്ചിട്ടില്ല. ഹൈദരാബാദിനൊപ്പം മികച്ച റെക്കോഡുള്ള ബൗളറാണ് ഭുവനേശ്വര്‍ കുമാര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഒക്ടോബര്‍ 2ന് നടന്ന മത്സരത്തിലാണ് ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റത്.

മുംബൈക്കെതിരേ തകര്‍പ്പന്‍ ജയമാണ് ഹൈദരാബാദ് നേടിയത്. ഒരു വിക്കറ്റ് പോലും നല്‍കാതെ 10 വിക്കറ്റിന് വിജയിക്കാന്‍ ഹൈദരാബാദിനായി. ഷാര്‍ജയില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ദുഷ്‌കരമായിരിക്കുന്നകയാണ്. അതിനാല്‍ ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ മുംബൈയെ ബാറ്റിങ്ങിനയച്ചു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 എന്ന ചെറിയ സ്‌കോറിലേക്ക് മുംബൈയെ എറിഞ്ഞിടാന്‍ ഹൈദരാബാദിനായി. സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍,ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

കീറോണ്‍ പൊള്ളാര്‍ഡാണ് (25 പന്തില്‍ 41) മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (36),ഇഷാന്‍ കിഷന്‍ (33),ക്വിന്റന്‍ ഡീകോക്ക് (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിക്കിറങ്ങിയ ഹൈദരാബാദിനുവേണ്ടി ഡേവിഡ് വാര്‍ണറും (85),വൃദ്ധിമാന്‍ സാഹയും (58) അപരാജിത അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. വാര്‍ണര്‍ 10 ഫോറും 1 സിക്‌സും നേടിയപ്പോള്‍ സാഹ 7 ഫോറും 1 സിക്‌സും അടിച്ചെടുത്തു.

14 മത്സരത്തില്‍ നിന്ന് 14 പോയിന്റ് നേടിയ ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരാണ്. പ്ലേ ഓഫില്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ആര്‍സിബിയെ തോല്‍പ്പിച്ചാലും ഫൈനലിലെത്തണമെങ്കില്‍ മുംബൈ-ഡല്‍ഹി മത്സരത്തില്‍ തോല്‍ക്കുന്ന ടീമുമായി കളിച്ച് ഹൈദരാബാദിന് ജയിക്കണം. അതേ സമയം ഡല്‍ഹി-മുംബൈ മത്സരത്തില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കും.


Click it and Unblock the Notifications