ദുബായ്: സുനില്‍ നരെയ്‌നെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദത്തെ തള്ളി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്‍ഡോര്‍ ഡേവിഡ് ഹസി. നരെയ്ന്‍ മികച്ചൊരു ഓള്‍റൗണ്ടറാണ്. നരെയ്ന്‍ മാത്രമല്ല മികച്ച ഓള്‍റൗണ്ടര്‍മാര്‍ കെകെആറിന് വേറെയുമുണ്ട്. നിതീഷ് റാണ, ക്രിസ് ഗ്രീന്‍, ആേ്രന്ദ റസ്സല്‍ എന്നിവര്‍ അക്കൂട്ടത്തില്‍ വരും. ഓപ്പണിംഗ് എന്നുള്ളത് ടീമിന്റെ തന്ത്രങ്ങളില്‍ വരുന്നതല്ല, നിങ്ങളുടെ ടീമിലെ കളിക്കാരെ ഒപ്പം നിര്‍ത്തുക എന്നത് പ്രധാനമാണ്. ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരില്‍ ഒരാളാണ് നരെയ്‌നെന്നും ഡേവിഡ് ഹസി പറയുന്നു.

കെകെആറിന് വേണ്ടി ഓപ്പണിംഗ് ചെയ്ത് നല്ല രീതിയില്‍ അടിച്ചുതകര്‍ക്കാനാവുമെന്ന് നരെയ്ന്‍ തെളിയിച്ചതാണ്. അദ്ദേഹത്തെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റുന്നത് വലിയ വിഡ്ഢിത്തരമാണ്. അതേസമയം ബ്രണ്ടന്‍ മക്കല്ലമാണ് അത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും ഹസി പറഞ്ഞു. ബാറ്റിംഗ് ഓര്‍ഡറിന്റെ കാര്യം അദ്ദേഹമാണ് തീരുമാനിക്കുന്നതെന്നും ഡേവിഡ് ഹസി വ്യക്തമാക്കി. അതേസമയം ആന്ദ്രേ റസ്സലിനെയും ഹസി അഭിനന്ദിച്ചു. ഒറ്റ് വാക്കില്‍ പറഞ്ഞാല്‍ സൂപ്പര്‍ ഹ്യൂമനാണ് റസ്സല്‍. അദ്ദേഹമൊരിക്കലും നോര്‍മലല്ല. തോറ്റെന്ന് കരുതിയ മത്സരം പോലും ഏത് സമയത്തും മാറ്റി മറിക്കാന്‍ സാധിക്കുന്ന താരമാണ് റസ്സലെന്നും ഹസി പറഞ്ഞു.
120 റണ്‍സിന് ടീമിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ടു എന്ന് കരുതുക. നിങ്ങള്‍ക്ക് ചേസ് ചെയ്ത് വിജയിക്കേണ്ടത് 190 റണ്‍സാണെന്നും കരുതുക. ആ മത്സരം റസ്സല്‍ മാറ്റി മറിക്കും. അതിവേഗം റണ്‍റേറ്റ് ഉയര്‍ത്താന്‍ റസ്സലിന് സാധിക്കും. ഇതിനെ എന്താണ് വിളിക്കുക. സൂപ്പര്‍ ഹ്യൂമനാണ് അദ്ദേഹം. കെകെആറില്‍ അദ്ദേഹം കളിക്കുന്നു എന്നത് തന്നെ ഭാഗ്യമാണെന്നും ഹസി വ്യക്തമാക്കി. കെകെആര്‍ എല്ലാവര്‍ഷവും കിരീടം നേടാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നത്. എല്ലാ ടീമുകളും അങ്ങനെ തന്നെയാണ്. പക്ഷേ കിരീടം ഒരു ടീമിന് മാത്രമേ ലഭിക്കൂ. എല്ലാവരുടെയും റോള്‍ അറിഞ്ഞ് കളിക്കുക പ്രധാനമാണെന്നും ഹസി പറഞ്ഞു.
കെകെആറിന്റെ ഏറ്റവും വലിയ ഭാഗ്യം വളരെ മികച്ച ബൗളര്‍മാര്‍ ഉണ്ടെന്നതാണ്. ഇന്ത്യയിലെ യുവബൗളര്‍മാര്‍ വളരെ മികച്ചവരാണ്. ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, സന്ദീപ് വാരിയര്‍ എന്നിവര്‍ നന്നായി പന്തെറിയുന്നു. ഇവര്‍ക്കൊപ്പം പാറ്റ് കമ്മിന്‍സ് കൂടിയുള്ളത് ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ലോക്കി ഫെര്‍ഗൂസനുള്ളത് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. കുല്‍ദീപും നരെയ്‌നും ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്പിന്‍ ഓപ്ഷനാണ്. ടി20 ക്രിക്കറ്റില്‍ ഒരു താരം പരാജയപ്പെട്ടാല്‍ മറ്റൊരു താരത്തിന് ടീമിന്റെ പോരാട്ടം ഏറ്റെടുക്കാം. ഇത് മൊത്തം പ്രകടനത്തെ തന്നെ മാറ്റുമെന്നും ഡേവിഡ് ഹസി പറഞ്ഞു.