ദുബായ്: ഐപിഎല്‍ 2020 ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. തുല്യ ശക്തികളെന്ന് വിളിക്കാന്‍ പറ്റില്ലെങ്കില്‍ തങ്ങളുടേതായ ദിവസത്തില്‍ ഏത് എതിരാളിയെയും വീഴ്ത്താന്‍ പോന്ന താരങ്ങളാണ് ഡല്‍ഹി നിരയിലുള്ളത്. എന്നാല്‍ മുംബൈ വേറെ ലെവലില്‍ കളിക്കുന്ന ടീമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമാണ് അവര്‍. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും ഒരുപോലെയാണ്. ടീമില്‍ വീക്ക്‌നെസ്സുകളും കാണാന്‍ സാധിക്കുന്നില്ല. ആകെയുള്ള വീക്ക്‌നെസ്സ് രോഹിത് ശര്‍മ മാത്രമാണ്. ഹിറ്റ്മാന്റെ ഫോം ടീമിന് കുറച്ച് തലവേദനയാണ്. മികച്ച തുടക്കം പലപ്പോഴും നഷ്ടമാകുന്നുണ്ട്.

അഞ്ചാം കിരീടം നേടാനുള്ള എല്ലാ സാധ്യതയും മുംബൈക്കുണ്ട്. അവരുടെ ബാറ്റിംഗ് നിരയെ ഏത് ബൗളര്‍മാരും ഭയപ്പെടും.ആദ്യം പ്ലേഓഫില്‍ ഡല്‍ഹി ബൗളര്‍മാര്‍ അവരുടെ ചൂടറിഞ്ഞതാണ്. ഈ സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും ഡല്‍ഹി മുംബൈക്ക് മുന്നില്‍ അടിയറവ് പറഞ്ഞതാണ്. പക്ഷേ നിര്‍ണായക സമയത്ത് തന്നെ ഡല്‍ഹി താരങ്ങള്‍ ഫോം വീണ്ടെടുത്ത് കഴിഞ്ഞു. മാര്‍ക്കസ് സ്‌റ്റോയിസിനെ ഓപ്പണിംഗിലേക്ക് കൊണ്ടുവന്ന തന്ത്രം വന്‍ വിജയമായി. ശിഖര്‍ ധവാനൊപ്പം വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി ഡല്‍ഹിയെ ഫൈനലിലെത്തിച്ചത് സ്റ്റോയിനിസാണ്. ബൗളിംഗില്‍ ഹൈദരാബാദിനെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തി. മുംബൈക്കെതിരെ മുമ്പ് ഓസ്‌ട്രേലിയയെ നയിച്ചപ്പോള്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ ഡല്‍ഹി കോച്ച് റിക്കി പോണ്ടിംഗ് പുറത്തെടുക്കേണ്ടി വരും.
ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഫോം ടീമിന് ആശങ്കയുണ്ടാക്കുന്നുണ്ട്. തുടക്കത്തില്‍ നന്നായി കളിച്ച ശ്രേയസ് ഇപ്പോള്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. റിഷഭ് പന്തും ഒരു അര്‍ധ സെഞ്ച്വറി പോലും ഈ സീസണില്‍ നേടിയിട്ടില്ല. ഷിമ്രോണ്‍ ഹെറ്റ്മയര്‍ ആവശ്യ സമയത്ത് തന്നെ ഫോം കണ്ടെത്തിയിട്ടുണ്ട്. ഇവരിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ഒപ്പം ധവാന്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം മുംബൈ ബാറ്റിംഗില്‍ മാരക ഫോമിലാണ് ക്വിന്റണ്‍ ഡികോക്ക്. പിന്നാലെ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനുമെത്തും. ഇവര്‍ രണ്ട് പേരും വമ്പന്‍ ഷോട്ടുകള്‍ പേരുകേട്ടവരാണ്. പിന്നീടുള്ള വെടിക്കെട്ട് താരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നതും ഇവരുടെ ബാറ്റിംഗാണ്.
കിരോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ഡല്‍ഹിക്കുള്ള ഏറ്റവും വലിയ ഭയമാണ്. പാണ്ഡ്യ ആദ്യ പ്ലേഓഫില്‍ ഡല്‍ഹി ബൗളര്‍മാരുടെ അന്തകനായിരുന്നു. ഇവരെ തളച്ചാല്‍ മാത്രമേ ഡിസിക്ക് മുംബൈയെ തടയാന്‍ സാധിക്കൂ. അതേസമയം ബൗളിംഗില്‍ രണ്ട് ടോപ് ക്ലാസ് ബൗളര്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. ജസ്പ്രീത് ബുംറ മുംബൈ നിരയിലെ കുന്തമുനയാണ്. ഈ സീസണില്‍ 27 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഡല്‍ഹി നിരയില്‍ കഗിസോ റബാദ 29 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്താണ്. പവര്‍പ്ലേയിലെ വിക്കറ്റ് ടേക്കറായി ട്രെന്‍ഡ് ബൂള്‍ട്ടും മുംബൈ നിരയിലുണ്ട്. ഇവര്‍ രണ്ട് പേരും മാത്രം മതി എതിരാളികളുടെ കഥ കഴിക്കാന്‍. ഡല്‍ഹിക്ക് റബാദയ്‌ക്കൊപ്പം ആന്റിച്ച് നോര്‍ട്ടെയും തിളങ്ങേണ്ടതുണ്ട്. ഈ സീസണില്‍ 20 വിക്കറ്റ് നോര്‍ട്ടെ വീഴ്ത്തിയിട്ടുണ്ട്. ഡല്‍ഹി ഓള്‍റൗണ്ട് പ്രകടനം കാഴ്ച്ചവെച്ചാല്‍ ഉറപ്പായും വിജയിക്കാന്‍ സാധിക്കും.