ദുബായ്: രാജസ്ഥാന്‍ റോയല്‍സ് തോറ്റതിന് രണ്ട് കാരണങ്ങളുണ്ടെന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. വിജയിക്കാവുന്ന സ്‌കോറായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ വിക്കറ്റുകള്‍ നിരന്തരം നഷ്ടപ്പെട്ടു. ഇതാണ് ആദ്യത്തെ കാരണം. കൃത്യമായ ഇടവേളകളില്‍ രാജസ്ഥാന് വിക്കറ്റുകള്‍ നഷ്ടമായി. പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ഈ വിജയം എളുപ്പത്തില്‍ നേടാന്‍ സാധിക്കുമായിരുന്നു. 162 എന്നുള്ളത് പിന്തുടരാവുന്ന സ്‌കോര്‍ തന്നെയായിരുന്നു. വിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ടീം തോല്‍വിയിലേക്ക് വീണതെന്നും സ്മിത്ത് കുറ്റപ്പെടുത്തി. ബെന്‍സ്റ്റോക്‌സും ജോസ് ബട്‌ലറും നന്നായി പൊരുതിയെങ്കിലും ടീമിലെ മറ്റുള്ളവര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല.
വളരെ നിരാശ നിറഞ്ഞ പ്രകടനമാണ് ടീം നടത്തിയത്. വിക്കറ്റ് സ്ലോയായിരുന്നു എന്നത് സത്യമാണ്. കളിക്കുന്തോറും പിച്ച് ബാറ്റ് ചെയ്യുന്നത് ദുഷ്‌കരമാക്കി. ഇതൊക്കെയാണെങ്കിലും നല്ല തുടക്കമാണ് ടീമിന് ലഭിച്ചത്. ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും വളരെ മികച്ച തുടക്കം തന്നു. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമായി. പക്ഷേ സഞ്ജുവും സ്റ്റോക്‌സും തമ്മിലും കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. അതില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പിന്നീട് വിക്കറ്റുകള്‍ നഷ്ടമായി. ഇത്തരം പിച്ചുകളില്‍ വിക്കറ്റുകള്‍ ധാരാളം നഷ്ടമാകുമ്പോള്‍ അവസാനത്തേക്ക് റണ്‍സടിക്കുക വളരെ ബുദ്ധിമുട്ടേറിയതാണെന്ന് സ്മിത്ത് പറഞ്ഞു.

രാജസ്ഥാന്റെ ബാറ്റിംഗ് നിര ശരിക്കും അവസരത്തിനൊത്ത് ഉയര്‍ന്നില്ല. അവസാന ഓവര്‍ വരെ മത്സരം സജീവമായി നിലനിര്‍ത്താന്‍ ടീമിന് സാധിക്കണം. ബാറ്റ്‌സ്മാന്‍മാര്‍ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. കൂടുതല്‍ നേരം അവര്‍ ക്രീസില്‍ നിന്നാല്‍ മാത്രമേ വിജയം ടീമിനൊപ്പം നില്‍ക്കൂ. എന്നാല്‍ ഡല്‍ഹിക്കെതിരെ അതൊന്നും ടീമില്‍ നിന്ന് ഉണ്ടായില്ല. ഞങ്ങള്‍ വളരെ നന്നായി പന്തെറിഞ്ഞെന്നും, അവരെ 160 റണ്‍സില്‍ ഒതുക്കിയെന്നുമാണ് കരുതിയത്. എന്നാല്‍ ആ സ്‌കോര്‍ ഈ വിക്കറ്റില്‍ വിജയിക്കാന്‍ സാധിക്കുന്നതായിരുന്നു. ഓപ്പണിംഗ് വിക്കറ്റിലെ പാര്‍ട്ണര്‍ഷിപ്പ് ഞങ്ങളെ ഒരുപാട് മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ അത് മുതലെടുക്കാന്‍ ബാക്കിയുള്ളവര്‍ക്ക് സാധിച്ചില്ലെന്നും സ്മിത്ത് പറഞ്ഞു.
ഏതെങ്കിലും ഒരു താരം 60 റണ്‍സെങ്കിലും അടിച്ചിരുന്നെങ്കില്‍ ഈ മത്സരം രാജസ്ഥാന് ഒപ്പം നില്‍ക്കുമായിരുന്നുവെന്ന് സ്മിത്ത് പറഞ്ഞു. അതേസമയം ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ നോക്കൗട്ടിലേക്ക് ഇനി രാജസ്ഥാന് മുന്നേറാനാവൂ. അതിന് പുറമേ മറ്റുള്ളവരുടെ ഫലവും നിര്‍ണായമാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. മൂന്ന് ജയവും അഞ്ച് തോല്‍വിയുമാണ് ടീമിനുള്ളത്. ഡല്‍ഹിക്ക് എട്ട് കളിയില്‍ നിന്ന് 12 പോയിന്റുണ്ട്. ആര്‍സിബിയെയാണ് അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ നേരിടുന്നത്. അതേസമയം ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സഞ്ജുവിന് വലിയ സ്‌കോര്‍ നേടാനാവാതെ പോകുന്നതും രാജസ്ഥാന് വലിയ തിരിച്ചടിയാണ്.