IPL 2020: ഹൈദരാബാദ് പവര്‍പ്ലേയില്‍ ആ ബൗളറെ ഉപയോഗിച്ചില്ല, തോല്‍വിക്ക് കാരണങ്ങള്‍ ഇതാണ്!!
ദുബായ്: ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ ഡല്‍ഹിക്കെതിരെ അവരുടെ പ്രകടനം തീര്‍ത്തും സാധാരണമായിരുന്നു. ജയിക്കാനുള്ള ആവേശമൊന്നും അവരില്‍ പ്രകടമായിരുന്നില്ല. അതിലേറെ ക്യാപ്റ്റന്‍സി അബദ്ധങ്ങളും ധാരാളമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ സമ്മര്‍ദത്തില്‍ ആവേണ്ടിയിരുന്നത് ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തി അവര്‍ മത്സരത്തിന്റെ പാതി ജയിച്ചിരുന്നു. ബാക്കിയുള്ളത് ഹൈദരാബാദിന്റെ മാത്രം വീഴ്ച്ചകള്‍ കൊണ്ടാണ് ഡല്‍ഹി നേടിയത്.

എന്തുകൊണ്ട് റാഷിദില്ല
പവര്‍പ്ലേയിലാണ് ഹൈദരാബാദ് കാര്യങ്ങള്‍ കൈവിട്ടത്. റാഷിദ് ഖാനെ പോലൊരു ഗംഭീര ബൗളറെ അവര്‍ പവര്‍പ്ലേയില്‍ ഉപയോഗിച്ചില്ല. ശിഖര്‍ ധവാനും മാര്‍ക്കസ് സ്‌റ്റോയിനിസും ചേര്‍ന്ന് തകര്‍ത്തടിച്ച് മുന്നേറുകയായിരുന്നു അപ്പോള്‍. റണ്‍റേറ്റ് പത്തിന് മുകളിലായിരുന്നു. ഇവരെ രണ്ട് പേരെയും പിടിച്ച് നിര്‍ത്താന്‍ ഡേവിഡ് വാര്‍ണര്‍ ശ്രമിച്ചില്ല. എസ്ആര്‍എച്ചിന്റെ സ്‌ട്രൈക്ക് ബൗളറാണ് റാഷിദ്. തീര്‍ച്ചയായും വിക്കറ്റെടുക്കാനും റണ്‍സ് നിയന്ത്രിക്കാനും റാഷിദിന് സാധിക്കും. തന്റെ രണ്ടാം ഓവറില്‍ തന്നെ സ്റ്റോയിനിസിനെ ക്ലീന്‍ ബൗള്‍ഡാക്കി റാഷിദ് ഇത് തെളിയിച്ചു. ഇത് നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ റണ്ണൊഴുക്ക് തന്നെ തടയാമായിരുന്നു.

ഫീല്‍ഡിംഗ് മഹാമോശം
ഹൈദരാബാദ് ക്യാച്ച് വിടാനാണോ കളത്തിലിറങ്ങിയതെന്ന് തോന്നുന്ന തരത്തിലായിരുന്നു അവരുടെ ഫീല്‍ഡിംഗ്. ക്യാച്ചുകള്‍ വിട്ടതാണ് അവരുടെ തോല്‍വിക്ക് പ്രധാന കാരണം. നിരവധി മിസ് ഫീല്‍ഡിംഗുകളും അവര്‍ നടത്തി. സ്റ്റോയിനിസിന്റെ ക്യാച്ച് അവര്‍ പവര്‍പ്ലേയില്‍ കൈവിട്ടു. കുറച്ച് കഠിനമായിരുന്നു ആ ക്യാച്ച്. എന്നാല്‍ ധവാന്റെയും ഹെറ്റ്മയറുടെയും ക്യാച്ചുകള്‍ എളുപ്പമുള്ളതായിരുന്നു. ക്യാച്ചുകള്‍ കൃത്യമായി എടുക്കുകയും, നല്ല ഫീല്‍ഡിംഗും എസ്ആര്‍എച്ച് കാഴ്ച്ചവെച്ചിരുന്നെങ്കില്‍ ഡല്‍ഹിയെ 175 റണ്‍സില്‍ താഴെ ഒതുക്കാമായിരുന്നു. എങ്കില്‍ കളിയും ജയിക്കുമായിരുന്നു.

വില്യംസണൊപ്പം ആരുമില്ല
ബാംഗ്ലൂരിനെതിരെ എസ്ആര്‍എച്ച് ജയിക്കാന്‍ കാരണം കെയ്ന്‍ വില്യംസണായിരുന്നു. അന്ന് ജേസന്‍ ഹോള്‍ഡറുടെ പിന്തുണയും വില്യംസണുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ ഒരാള്‍ പോലും വില്യംസണ് പിന്തുണയുണ്ടായിരുന്നില്ല. വിജയലക്ഷ്യം വലുതായത് കൊണ്ട് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പിന്തുണ തീര്‍ച്ചയായും വില്യംസണ് വേണ്ടിയിരുന്നു. ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും വേഗത്തില്‍ പുറത്തായി. ഇതിലൊരു ബാറ്റ്‌സ്മാന്‍ വില്യംസണൊപ്പം ഉണ്ടായിരുന്നെങ്കില്‍ കളി 19ാം ഓവറില്‍ തന്നെ ഹൈദരാബാദ് ജയിക്കുമായിരുന്നു.

കൗണ്ടര്‍ അറ്റാക്കില്ല
ഡല്‍ഹിക്കെതിരെ മുമ്പുള്ള മത്സരം എസ്ആര്‍എച്ച് ജയിച്ചത് കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു. എന്നാല്‍ ഇത്തവണ പതറി നില്‍കുന്ന ഹൈദരാബാദിനെയാണ് കണ്ടത്. വൃദ്ധിമാന്‍ സാഹ ഇല്ലാത്തത് ശരിക്കും ടീമിനെ ശരിക്കും ബാധിച്ച ദിവസമായിരുന്നു ഇത്. വലിയ സ്‌കോര്‍ നേടാന്‍ സാഹയ്ക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. റാഷിദ് ഒഴിച്ച് ബാക്കിയുള്ള ബൗളര്‍മാരിലൊന്നും ആവേശം കണ്ടില്ല. ഷഹബാസ് നദീം നല്ല പന്തുകള്‍ എറിഞ്ഞെങ്കിലും അനാവശ്യമായി മോശം പന്തുകളും എറിഞ്ഞു. ഹോള്‍ഡര്‍ അടക്കമുള്ളവര്‍ കൂടുതല്‍ യോര്‍ക്കറുകള്‍ക്കോ സ്ലോ ബോളുകള്‍ക്കോ ശ്രമിക്കാതിരുന്നതും വലിയ തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications