അബുദാബി: ഐപിഎല്ലില്‍ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള റെക്കോര്‍ഡിട്ടു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനാണ് ചൗള അവകാശിയായത്. ഈ സീസണില്‍ കളിക്കുന്നില്ലെങ്കിലും തന്റെ ടീമംഗം കൂടിയായ വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിങിന്റെ റെക്കോര്‍ഡാണ് ചൗള മറികടന്നത്.
സിഎസ്കെയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തിനു മുമ്പ് 150 വിക്കറ്റുകളുമായി ചൗളയും ഭാജിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ മുംബൈ നായകന് രോഹിത് ശര്‍മയെ പുറത്താക്കി ചൗള ഭാജിയെ പിന്തള്ളി ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തേക്കു കയറുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അമിത് മിശ്ര (157), മുംബൈയുടെ ലസിത് മലിങ്ക (170) എന്നിവരാണ് ഇനി 31 കാരനായ ചൗളയ്ക്കു മുന്നിലുള്ളത്.
ദീര്‍ഘകാലം കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ് ടീമിന്റെ ഭാഗമായിരുന്ന ചൗള ഈ സീസണിലാണ് സിഎസ്കെയിലെത്തിയത്. 6.75 കോടി രൂപയ്ക്കു കഴിഞ്ഞ ലേലത്തില്‍ സ്പിന്നറെ സിഎസ്കെ വാങ്ങുകയായിരുന്നു. കെകെആറിലെത്തുന്നതിനു മുമ്പ് കിങ്സ് ഇലവന് പഞ്ചാബിനായും ചൗള കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ സിഎസ്കെ ഏറ്റവുമധികം പണം ചെലവഴിച്ച മൂന്നാമത്തെ താരം കൂടിയായിരുന്നു ചൗള.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും ഹര്ഭജന് പിന്മാറിയതോടെ സിഎസ്കെയുടെ നിര്‍ണായക താരങ്ങളിലൊരാളായി ചൗള മാറിക്കഴിഞ്ഞു. മാത്രമല്ല ഈ സീസണില്‍ വിക്കറ്റ് കൊയ്ത്ത് നടത്തിയാല്‍ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ മിശ്രയെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കു കയറാനും അദ്ദേഹത്തിനാവും.