അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. അടിമുടി മാറിയെത്തിയ ടീമിന്റെ നായകനായി കെ എല്‍ രാഹുലും എത്തി. അവസാന രണ്ട് സീസണിലും മികച്ച ബാറ്റിങ് പുറത്തെടുത്ത രാഹുല്‍ ഇത്തവണയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. എന്നാല്‍ ടീമിന് വിജയം മാത്രം നേടാനാകുന്നില്ല. അഞ്ച് മത്സരത്തില്‍ പഞ്ചാബ് വിജയിച്ചത് ആര്‍സിബിക്കെതിരേ മാത്രം. കെഎല്‍ രാഹുല്‍ 302 റണ്‍സുമായി ഓറഞ്ച് തൊപ്പി അണിയുമ്പോള്‍ 272 റണ്‍സുമായി മായങ്ക് അഗര്‍വാള്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ബൗളിങ് കരുത്തും ബാറ്റിങ് കരുത്തും ഒരുപോലെയുണ്ടെങ്കിലും പഞ്ചാബിന് പിഴക്കുന്നതെവിടെയാണ്. ആരാധകര്‍ ഇതിന് ഉത്തരമായി കണ്ടെത്തിയിരിക്കുന്നത് രാഹുലിന്റെ ബാറ്റിങ്ങിനെ തന്നെയാണ്.
ഓറഞ്ച് ക്യാപ്പിനായാണ് രാഹുല്‍ കളിക്കുന്നതെന്നും കപ്പിനായല്ലെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ശ്രദ്ധയോടെ ബാറ്റുവീശുന്ന രാഹുല്‍ പലപ്പോഴും കൂടുതല്‍ പന്തുകള്‍ നേരിട്ട് കളിക്കുമ്പോള്‍ മത്സരത്തിന്റെ അവസ്ഥ മനസിലാക്കുന്നില്ല. സിഎസ്‌കെയ്‌ക്കെതിരേ അവസാന മത്സരത്തില്‍ പഞ്ചാബ് 10 വിക്കറ്റിനാണ് തോറ്റത്. മത്സരത്തില്‍ പഞ്ചാബിന്റെ ടോപ് സ്‌കോറര്‍ രാഹുലായിരുന്നു. 52 പന്തില്‍ 63 റണ്‍സാണ് അദ്ദേഹം നേടിയത്. ഓപ്പണറായ രാഹുല്‍ പവര്‍പ്ലേയിലടക്കം ബാറ്റ് ചെയ്ത് നേടിയതാണ് ഈ റണ്‍സ്. ടീമിന്റെ റണ്‍നിരക്ക് പരിശോധിക്കാതെ വ്യക്തിപരമായ നേട്ടമാണ് രാഹുല്‍ ഉദ്ദേശിക്കുന്നതെന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപം ഉയരുന്നത്.

സീസണില്‍ മികച്ച തുടക്കം വ്യക്തിപരമായി രാഹുലിന് ലഭിച്ചു. ഇതോടെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ശക്തമായ പോരാട്ടവുമായി രാഹുല്‍ ഉണ്ടായിരുന്നു. ആര്‍സിബിക്കെതിരേ 69 പന്തില്‍ പുറത്താവാതെ 132 റണ്‍സ് നേടിയ രാഹുലിന്റെ ഇന്നിങ്‌സ് വളരെ കൈയടി നേടിയിരുന്നു. പിന്നീടുള്ള മത്സരങ്ങളിലെ രാഹുലിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിനെതിരായി ഉയരുന്ന ആക്ഷേപം ശരിയാണെന്ന് തോന്നിപ്പോകും. മുംബൈ ഇന്ത്യന്‍സിനെതിരേ രാഹുല്‍ നേടിയത് 19 പന്തില്‍ 17 റണ്‍സാണ്. രാജസ്ഥാനെതിരേ 54 പന്തില്‍ 69 റണ്‍സ്.ഡല്‍ഹിക്കെതിരേ 19 പന്തില്‍ 21 റണ്‍സ്. ഈ പ്രകടനങ്ങള്‍ക്കൊന്നും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. നായകനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന രാഹുലിന് ഇനിയുള്ള മത്സരങ്ങള്‍ കടുത്ത വെല്ലുവിളി തന്നെയാണ്.
ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് പഞ്ചാബിന്റെ മത്സരം. നിലവിലെ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം. ക്രിസ് ഗെയ്‌ലും മുജീബുര്‍ റഹ്മാനും ഇന്ന് ടീമിലെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്ത് പകരും. എന്നാല്‍ നായകനെന്ന നിലയില്‍ രാഹുലിന് വീണ്ടും തീരുമാനം പിഴച്ചാല്‍ വലിയ നാണക്കേടോടെ സീസണ്‍ അവസാനിപ്പിക്കേണ്ടി വരും.