
നേര്‍ക്കുനേര്‍ പോരാട്ടം
രാജസ്ഥാനും ഡല്‍ഹിയും ഇതുവരെ 20 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. ഇതില്‍ 11 തവണയും ജയം രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ 9 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. യുഎഇയില്‍ 2014ല്‍ മത്സരം നടന്നപ്പോള്‍ ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെക്കാള്‍ വിജയ സാധ്യത ഡല്‍ഹിക്ക് തന്നെയാണ്. എന്നാല്‍ ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് പ്രസക്തിയില്ല.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ രാജസ്ഥാന്‍ താരം സഞ്ജു സാംസണാണ് (130). ആദ്യ രണ്ട് മത്സരത്തിലും മിന്നും ഫോമിലായിരുന്ന സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ ഈ ഫോം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഡല്‍ഹി നിരയില്‍ കൂടുതല്‍ റണ്‍സുള്ള താരം റിഷഭ് പന്താണ് (220). ഈ സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ലെങ്കിലും തരക്കേടില്ലാത്ത പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നുണ്ട്.

ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ രാജസ്ഥാന്‍ ബൗളര്‍ ശ്രേയസ് ഗോപാലാണ്(5). സ്പിന്നറായ താരം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഡല്‍ഹി നിരയില്‍ കൂടുതല്‍ വിക്കറ്റ് ഇഷാന്ത് ശര്‍മയുടെ പേരിലാണ് (4). എന്നാല്‍ പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനാകാത്ത ഇഷാന്ത് ഇന്ന് കളിച്ചേക്കില്ല. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് റിഷഭ് പന്തിന്റെ (3) പേരിലും രാജസ്ഥാന്‍ നിരയില്‍ സ്റ്റീവ് സ്മിത്തിന്റെ (4) പേരിലുമാണ്. ഡല്‍ഹിക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ ശരാശരി ടീം സ്‌കോര്‍ 156 റണ്‍സും ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 149 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
രാജസ്ഥാന്റെ സഞ്ജു സാംസണ്‍ ഇന്ന് രണ്ട് ക്യാച്ച് നേടിയാല്‍ 50 ക്യാച്ച് പൂര്‍ത്തിയാക്കും. 120 റണ്‍സ് നേടിയാല്‍ 2500 റണ്‍സ് ക്ലബ്ബിലും സഞ്ജു ഇടം പിടിക്കും. ജോസ് ബട്‌ലര്‍ 7 സിക്‌സ് നേടിയാല്‍ 50 സിക്‌സ് നേട്ടത്തിലെത്താം. 24 റണ്‍സ്‌കൂടി നേടിയാല്‍ രാജസ്ഥാനൊപ്പം 1000 റണ്‍സും ബട്‌ലര്‍ പൂര്‍ത്തിയാക്കും. ക്യാപ്റ്റനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാജസ്ഥാന്റെ സ്റ്റീവ് സ്മിത്തിന് 73 റണ്‍സ് വേണം.

നായകനെന്ന നിലയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹിയുടെ ശ്രേയസ് അയ്യരിനുവേണ്ടി 96 റണ്‍സ്. 100 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ റിഷഭ് പന്തിന് വേണ്ടത് 6 സിക്‌സ്,കൂടാതെ 93 റണ്‍സ്‌കൂടി നേടിയാല്‍ 2000 റണ്‍സ് ക്ലബ്ബിലും ഇടം പിടിക്കാം. ഡല്‍ഹിക്കുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശിഖര്‍ ധവാന് വേണ്ടത് 12 റണ്‍സ്. ഒരു സിക്‌സ് കൂടി നേടിയില്‍ 100 ഐപിഎല്‍ സിക്‌സ് നേട്ടത്തിലേക്കുമെത്താം.


Click it and Unblock the Notifications