
നേര്‍ക്കുനേര്‍ പോരാട്ടം
രാജസ്ഥാനും ഡല്‍ഹിയും ഇതുവരെ 21 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ എത്തിയിട്ടുള്ളത്. ഇതില്‍ 11 തവണയും ജയം രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ 10 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. യുഎഇയില്‍ 2014ല്‍ മത്സരം നടന്നപ്പോള്‍ ഇരു ടീമും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ വിജയ സാധ്യതയില്‍ മുന്‍തൂക്കം ഡല്‍ഹിക്ക് തന്നെയാണ്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രാജസ്ഥാനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. ദുബായ് സ്റ്റേഡിയത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വളരെ പ്രയാസം അനുഭവപ്പെടുന്നതിനാല്‍ത്തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ രാജസ്ഥാന്‍ താരം സഞ്ജു സാംസണാണ് (135). ആദ്യ രണ്ട് മത്സരത്തിലും മിന്നും ഫോമിലായിരുന്ന സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ ഈ ഫോം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. ഹൈദരാബാദിനെതിരേ അവസാന മത്സരത്തിലും പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയരാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഡല്‍ഹി നിരയില്‍ കൂടുതല്‍ റണ്‍സുള്ള താരം റിഷഭ് പന്താണ് (225). എന്നാല്‍ പരിക്കേറ്റ റിഷഭിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. അലക്‌സ് ക്യാരിയാണ് റിഷഭിന് പകരം ഡല്‍ഹി നിരയില്‍ കളിക്കുന്നത്.

ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ രാജസ്ഥാന്‍ ബൗളര്‍ ശ്രേയസ് ഗോപാലാണ്(5). സ്പിന്നറായ താരം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഡല്‍ഹി നിരയില്‍ കൂടുതല്‍ വിക്കറ്റ് കഗിസോ റബാദയുടെ പേരിലാണ് (5). സീസണില്‍ മിന്നും പ്രകടനത്തോടെ പര്‍പ്പിള്‍ ക്യാപ്പ് തലയില്‍ അണിയുന്നത് റബാദയാണ്. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് റിഷഭ് പന്തിന്റെ (4) പേരിലും രാജസ്ഥാന്‍ നിരയില്‍ സ്റ്റീവ് സ്മിത്തിന്റെ (5) പേരിലുമാണ്. ഡല്‍ഹിക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ ശരാശരി ടീം സ്‌കോര്‍ 156 റണ്‍സും ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 149 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഡല്‍ഹി പേസര്‍ കഗിസോ റബാദ ഇന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് എന്ന നേട്ടത്തിലെത്താന്‍ സാധിക്കും. നിലവിലെ ഫോമില്‍ ഇന്നത്തെ മത്സരത്തിലൂടെത്തന്നെ റബാദ ഈ നേട്ടത്തിലെത്തിയേക്കും. നായകനെന്ന നിലയില്‍ ഡല്‍ഹിക്കൊപ്പം 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് വേണ്ടത് 32 റണ്‍സ്. 74 റണ്‍സുകൂടി നേടിയാല്‍ 2000 റണ്‍സ് ക്ലബ്ബിലും അദ്ദേഹം ഇടം നേടും. രാജസ്ഥാന്റെ സ്റ്റീവ് സ്മിത്ത് 44 റണ്‍സ് നേടിയാല്‍ നായകനെന്ന നിലയില്‍ 1000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. 79 റണ്‍സ് നേടിയാല്‍ രാജസ്ഥാനുവേണ്ടി 1000 റണ്‍സും സ്വന്തമാക്കും. 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ ജോസ് ബട്‌ലര്‍ക്ക് വേണ്ടത് 6 സിക്‌സുകള്‍.


Click it and Unblock the Notifications