ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പോരാട്ടം കടുക്കവെ ഡല്‍ഹിക്ക് തിരിച്ചടിയായി വീണ്ടും പരിക്ക്. ഇത്തവണ നായകന്‍ ശ്രേയസ് അയ്യര്‍ക്കാണ് പരിക്കേറ്റത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ശ്രേയസിന് പാതിവഴിയില്‍ കളം വിടേണ്ടിവന്നിരുന്നു. ശ്രേയസിന്റെ പരിക്ക് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കവെ നിലവിലെ ശ്രേയസിന്റെ അവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് ശിഖര്‍ ധവാന്‍. 'ശ്രേയസിന്റെ തോളിന് വേദനയുണ്ടെങ്കിലും അനക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധനക്ക് ശേഷമേ പറയാന്‍ കഴിയൂ'-എന്നാണ് ധവാന്‍ മത്സരശേഷം പറഞ്ഞത്.
ആന്റിച്ച് നോര്‍ജെ എറിഞ്ഞ അഞ്ചാം ഓവറില്‍ ഫീല്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. തോളിന് പരിക്കേറ്റ് അദ്ദേഹം കളം വിട്ടതോടെ പിന്നീട് ശിഖര്‍ ധവാനാണ് മത്സരത്തില്‍ ഡല്‍ഹിയെ നയിച്ചത്. തോളിന് പരിക്കേറ്റതിന് പിന്നാലെ ഫിസിയോ വന്ന് നോക്കിയെങ്കിലും വേദനയെത്തുടര്‍ന്നാണ് അദ്ദേഹം മൈതാനം വിട്ടത്. കൂടുതല്‍ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായാല്‍ ഡല്‍ഹിക്കത് കടുത്ത തിരിച്ചടിയാവും. നിലവില്‍ എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയം നേടിയ ഡല്‍ഹിയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ഈ സീസണില്‍ വളരെയധികം കിരീട പ്രതീക്ഷയോടെയാണ് ഡല്‍ഹിയുടെ കുതിപ്പ്.

നിലവില്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്താണ്. ഇനിയും ഏഴ് ദിവസമെങ്കിലും അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് അറിയാന്‍ കഴിയുന്നത്. റിഷഭിന്റെ അഭാവം ഡല്‍ഹിയുടെ സംതുലിതാവസ്ഥയെ തകിടം മറിച്ചിട്ടുണ്ട്. റിഷഭിന് പകരം മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇല്ലാത്തതിനാല്‍ അലക്‌സ് ക്യാരിയെയാണ് ടീം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോന്‍ ഹെറ്റ്‌മെയറിന് പുറത്തിരിക്കേണ്ടി വന്നു. റിഷഭിന്റെ അസാന്നിധ്യം ടോപ് ഓഡര്‍ ബാറ്റിങ്ങിനെയും ബാധിക്കുന്നുണ്ട്. പ്ലേ ഓഫ് പോരാട്ടം മുറുകവെ റിഷഭ് എത്രയും വേഗം തിരിച്ചെത്തേണ്ടത് ഡല്‍ഹിക്ക് അത്യാവശ്യമാണ്.
നേരത്തെ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ,അമിത് മിശ്ര എന്നീ ഡല്‍ഹി താരങ്ങള്‍ക്കും പരിക്കിനെത്തുടര്‍ന്ന് സീസണ്‍ നഷ്ടമായിരുന്നു. അമിത് മിശ്രക്ക് മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റപ്പോള്‍ പരിശീലനത്തിനിടെയാണ് ഇഷാന്ത് ശര്‍മക്ക് പരിക്കേറ്റത്. എന്നാല്‍ ഇരുവരുടേയും അഭാവം ടീമിനെ ബാധിക്കാത്ത രീതിയില്‍ മറ്റ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. കഗിസോ റബാദ,ആന്റിച്ച് നോര്‍ജെ എന്നിവര്‍ പേസ് ബൗളിങ്ങില്‍ മികവ് കാട്ടുമ്പോള്‍ ആര്‍ അശ്വിനും അക്‌സര്‍ പട്ടേലും സ്പിന്‍ ബൗളിങ്ങിലും തിളങ്ങുന്നു. നിലവിലെ കഗിസോ റബാദയുടെ തലയിലാണ് പര്‍പ്പിള്‍ ക്യാപ് ഉള്ളത്. 8 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് റബാദ വീഴ്ത്തിയത്.