അബുദാബി: ഏറെ പ്രതിസന്ധികള്‍ക്കിടയിലും ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അബുദാബിയിലെ ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 2004ലാണ് ഈ സ്റ്റേഡിയം പണി കളിപ്പിച്ചത്. 20,000പേരെയാണ് ഇവിടെ ഉള്‍ക്കൊള്ളുന്നത്.ടെസ്റ്റ് മൈതാനമാണിത്.2010ല്‍ പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇവിടെ ആദ്യ ടെസ്റ്റ് നടന്നത്.2018ല്‍ പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലാണ് അവസാന ടെസ്റ്റ്.2006ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏകദിനമാണ് ഈ മൈതാനത്തെ ആദ്യ മത്സരം.2014ലെ ഐപിഎല്ലിനും ഈ മൈതാനം വേദിയായിട്ടുണ്ട്.2019 ഒക്ടോബറില്‍ യുഎഇയും കാനഡയും തമ്മിലാണ് അവസാനമായി ഇവിടെ ടി20 കളിച്ചത്. 2014ല്‍ ഇവിടെ കളിച്ച ഒരു മത്സരത്തിലും കിങ്‌സ് ഇലവനും പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തോറ്റിട്ടില്ല. ഇത്തവണ 20 മത്സരങ്ങളാവും ഇവിടെ നടക്കുക.

ബാറ്റ്‌സ്മാന്‍മാര്‍ ശോഭിക്കും
പൊതുവേ യുഎഇയിലെ മൈതാനങ്ങള്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാണ്. എന്നാല്‍ അബുദാബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം ബാറ്റ്‌സ്മാന്‍മാര്‍ക്കും തിളങ്ങാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 45 ടി20 മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തതാണ് ഇവിടുത്തെ ഉയര്‍ന്ന ടീം ടോട്ടല്‍. മൈതാനത്തെ ശരാശരി റണ്‍റേറ്റ് 7 ആണ്. മുന്‍കണക്കുകള്‍ നോക്കുമ്പോള്‍ ടീമുകള്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഹോങ്കോങ്ങിന്റെ പേരിലാണ് ഈ മൈതാനത്തെ മികച്ച പിന്തുടര്‍ന്നുള്ള ജയം. അഫ്ഗാനിസ്താന്റെ 163 റണ്‍സിനെ ഹോങ്കോങ് പിന്തുടര്‍ന്ന് മറികടന്നിരുന്നു.
സ്പിന്നര്‍മാരോടൊപ്പം തന്നെ മീഡിയം പേസര്‍മാരാണ് ഇവിടെ കൂടുതല്‍ ശോഭിച്ചിരിക്കുന്നത്. ഇവിടെ കൂടുതല്‍ വിക്കറ്റ് നേടിയത് യുഎഇ മീഡിയം പേസര്‍ രോഹന്‍ മുസ്തഫയാണ്. 11 മത്സരത്തില്‍ നിന്ന് ഒര് നാല് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 15 വിക്കറ്റാണ് മുസ്തഫ വീഴ്ത്തിയത്.

കാലാവസ്ഥ ഇങ്ങനെ
കടുത്ത ചൂടാണ് നിലവിലുള്ളത്. ഒരു കാരണവശാലും മഴ കളി തടസപ്പെടുത്തില്ല. ഏകദേശം 35 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ ചൂട്. ഹുമിഡിറ്റിയുടെ അളവും വളരെ ഉയര്‍ന്ന നിലയിലാണ്. ഇത്തവണ താരങ്ങള്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും ഈ ചൂട് കാലാവസ്ഥ തന്നെയാവും. വിദേശ താരങ്ങളെ സംബന്ധിച്ച് നിലവിലെ യുഎഇയിലെ ചൂട് അതി കഠിനം തന്നെയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടും ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും യുഎഇയിലെ ചൂട് കടുത്ത വെല്ലുവിളിയാണെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.