ഷാര്‍ജ: അബുദാബിയും ദുബായിലും മത്സരം നടന്നശേഷം ഷാര്‍ജയിലെ ആദ്യ മത്സരം ഇന്ന്. സിഎസ്‌കെ-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ദുബായിലും അബുദാബിയിലും ബാറ്റിങ് നിര ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ഇതേ അവസ്ഥ തന്നെയാണ് ഷാര്‍ജയിലേതും. സ്പിന്‍ ബൗളര്‍മാരെ പിന്തുണയ്ക്കുന്ന മൈതാനമാണ് ഷാര്‍ജയിലേത്. നിരവധി ചരിത്ര മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു മൈതാനമാണ് ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയം.
1982ലാണ് സ്‌റ്റേഡിയം പണി കഴിപ്പിച്ചത്.17,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം 2014ലെ ഐപിഎല്ലിനും വേദിയായിട്ടുണ്ട്.1984ല്‍ പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ഏകദിന മത്സരമാണ് ഈ മൈതാനത്തെ ആദ്യ മക്‌സരം.2002ല്‍ പാകിസ്താന്‍ ശ്രീലങ്കയുമായി ഇവിടെ ആദ്യ ടെസ്റ്റ് മത്സരവും കളിച്ചു.2018 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാനും സിംബാബ്‌വെയുമാണ് ഇവിടെ അവസാനമായി ടി20 കളിച്ചത്. ഇത്തവണ ഐപിഎല്ലിലെ 12 മത്സരങ്ങള്‍ക്കാണ് ഷാര്‍ജ സ്റ്റേഡിയം വേദിയാകുന്നത്.

സ്പിന്‍ നിരയെ പേടിക്കണം
സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണ്‍ കണ്ടെത്താന്‍ സഹായിക്കുന്ന പിച്ചാണ് ഷാര്‍ജയിലേത്. അതിനാല്‍ത്തന്നെ സ്പിന്‍ ബൗളര്‍മാര്‍ ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. ഷാര്‍ജയിലെ ടി20യിലെ ശരാശരി റണ്‍റേറ്റ് 7.20ആണ്. 150-160 ആണ് ശരാശരി ടീം റണ്‍സ്. ഈ മൈതാനത്തെ ഉയര്‍ന്ന ടി20 ടീം ടോട്ടല്‍ അഫ്ഗാനിസ്ഥാന്റെ പേരിലാണ്. 2015-16 സീസണില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. 2014ല്‍ ഇവിടെ ഐപിഎല്‍ നടന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ ഒരു മത്സരം പോലും ഷാര്‍ജയില്‍ തോറ്റില്ല. ഇവിടെ രണ്ട് തവണ പഞ്ചാബിന്റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാന്‍ ഓഫ് ദി മാച്ച് ആയിട്ടുണ്ട്.
ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും മികച്ച സ്പിന്‍ നിര സിഎസ്‌കെയ്ക്കാണ്. അതിനാല്‍ത്തന്നെ രവീന്ദ്ര ജഡേജ,പീയൂഷ് ചൗള,ഇമ്രാന്‍ താഹിര്‍,കരണ്‍ ശര്‍മ,മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങിയ സിഎസ്‌കെ സ്പിന്‍ ബൗളര്‍മാരെല്ലാം രാജസ്ഥാന് ഇന്ന് കടുത്ത വെല്ലുവിളി ഉയര്‍ത്തും.
കാലാവസ്ഥ
അബുദാബിയേക്കാളും ദുബായിലേക്കാളും ഉയര്‍ന്ന ചൂടാണ് ഷാര്‍ജിയിലേതെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മറ്റ് രണ്ട് സ്ഥലങ്ങളിലും ചൂട് 35 ഡിഗ്രി സെല്‍ഷ്യസായിരുന്നെങ്കില്‍ ഷാര്‍ജയിലത് 39 ഡിഗ്രി സെല്‍ഷ്യസാണ്. യുഎഇ മൈതാനത്തിലെ ഉയര്‍ന്ന ചൂട് താരങ്ങളെ നന്നായി തളര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളെ അപേക്ഷിച്ച് വിദേശ താരങ്ങള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്.