ദുബായ്: ക്രിസ് ഗെയിലിന്റെ തിരിച്ചുവരവിനെയും അര്‍ധ സെഞ്ച്വറിയെയും അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗെയില്‍ തിരിച്ചുവന്നത് നല്ല കാര്യം. അതിലും മികച്ചതായിരുന്നു അദ്ദേഹം നേടി 53 റണ്‍സ്. ഇത്രയും കാലം ഗെയ്‌ലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അദ്ദേഹത്തെ പുറത്തിരുത്തിയതില്‍ അദ്ഭുതമുണ്ടെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. ആദ്യത്തെ ഏഴ് മത്സരങ്ങളിലും ഗെയ്‌ലിനെ പഞ്ചാബ് കളിപ്പിച്ചിരുന്നില്ല. ആരാധകര്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് അവസാന രണ്ട് മത്സരങ്ങള്‍ ഗെയ്ല്‍ കളിക്കാതിരുന്നത് എന്നാണ് പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെ അടക്കമുള്ളവര്‍ പ്രതികരിച്ചത്.

അതേസമയം ഗെയ്‌ലിനെ പുകഴ്ത്തി നിക്കോളാസ് പൂരാനും രംഗത്തെത്തി. ഗെയ്‌ലാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്ന് പൂരാന്‍ പറഞ്ഞു. ഗെയ്ല്‍ തിരിച്ചുവന്നത് പഞ്ചാബിന് വലിയ പ്ലസ് പോയിന്റാണെന്നും താരം വ്യക്തമാക്കി. തുടക്കത്തില്‍ പതിയെ കളിക്കാനുള്ള ഗെയ്‌ലിനെ തീരുമാനം മികച്ചതായിരുന്നു. കാരണം ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം കുറച്ചുകാലം വിട്ടുനില്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. തുടക്കത്തില്‍ ക്ഷമയോടെ കളിച്ച ശേഷം അടിച്ചുതകര്‍ക്കുന്ന രീതി തന്നെയാണ് ഗെയ്ല്‍ പിന്തുടരുകയെന്നും പൂരാന്‍ പറഞ്ഞു.
എന്നെ സംബന്ധിച്ച് ടി20യിലെ എക്കാലത്തെയും മികച്ച താരം ക്രിസ് ഗെയ്‌ലാണ്. ഗെയ്ല്‍ ക്രീസിലുണ്ടെങ്കില്‍ കളി ജയിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പാണ്. അദ്ദേഹം ടീമിനൊപ്പമുണ്ടെങ്കില്‍ മൊത്തം മൂഡ് തന്നെ മാറും. ഗെയ്ല്‍ ബാറ്റ് ചെയ്യുമ്പോള്‍ ജയിക്കുമെന്ന് എപ്പോഴും ടീമിന് ഉറപ്പാണ്. മധ്യനിരയില്‍ ഗെയ്‌ലിനെ പോലൊരു കളിക്കാരനെയാണ് പഞ്ചാബിന് വേണ്ടതെന്നും പൂരാന്‍ പറഞ്ഞു. അദ്ദേഹം പതിയെ തുടങ്ങുന്നത് കൊണ്ടൊന്നും ടീമിന് പ്രശ്‌നമുണ്ടാവില്ല. കുറച്ച് കാലമായി ക്രിക്കറ്റ് കളിക്കാത്തവരൊക്കെ അത്തരത്തില്‍ തന്നെയാണ് തുടങ്ങുക. പക്ഷേ എന്തുകൊണ്ടാണ് ടി20യിലെ എക്കാലത്തെയും മികച്ച താരം താനാവുന്നത് എന്തുകൊണ്ടാണെന്ന് ഗെയ്ല്‍ തെളിയിച്ചത് മനോഹരമായ കാര്യമാണെന്നും പൂരാന്‍ പറഞ്ഞു.
അവസാന ഓവര്‍ ശരിക്കും ഡല്‍ഹിക്കെതിരെയുള്ള സൂപ്പര്‍ ഓവര്‍ പോരാട്ടം പോലെയാണ് തനിക്ക് തോന്നിയതെന്ന് പൂരാന്‍ പറഞ്ഞു. ആ കൡയില്‍ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മതിയായിരുന്നിട്ടും ടൈ ആവുകയായിരുന്നു. പഞ്ചാബിന് രണ്ട് വിക്കറ്റും നഷ്ടമായി. പിന്നീട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയും ചെയ്തു. ആര്‍സിബിക്കെതിരെ ഞാനായിരുന്നു ക്രീസിലെത്തിയത്. ഈ കളി കാണാന്‍ എനിക്ക് പറ്റില്ലെന്നായിരുന്നു ആ സമയം ജോര്‍ദാന്‍ പറഞ്ഞത്. ഒരുപാട് കാര്യങ്ങളാണ് അവസാന പന്ത് കളിക്കാന്‍ പോവുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. അത്തരമൊരു പൊസിഷനില്‍ എത്താന്‍ എനിക്ക് താല്‍പര്യമേ ഇല്ലായിരുന്നു. ഫീല്‍ഡില്‍ 11 ഫീല്‍ഡര്‍ക്ക് പകരം 22 പേരുള്ളതായിട്ടാണ് എനിക്ക് തോന്നിയതെന്നും പൂരാന്‍ പറഞ്ഞു.