ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷ കൈവിടാതെ കാത്തപ്പോള്‍ കൈയടി നേടിയത് ബെന്‍ സ്‌റ്റോക്‌സ് എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടറായിരുന്നു. ഐപിഎല്‍ തുടങ്ങി പാതി വഴിയില്‍ രാജസ്ഥാനിലേക്കെത്തിയ സ്റ്റോക്‌സ് അബുദാബിയില്‍ അപരാജിത സെഞ്ച്വറിയോടെ നിറഞ്ഞാടിയപ്പോള്‍ മുംബൈയുടെ ലോകോത്തര ബൗളര്‍മാരെല്ലാം പലവട്ടം ഗാലറിയുടെ മുകളിലൂടെ പറന്നു.
107 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച സ്റ്റോക്‌സ് തന്റെ സെഞ്ച്വറി ആഘോഷിച്ചത് നടുവിരല്‍ മടക്കി കൈകള്‍ ഉയര്‍ത്തിയാണ്. എന്താണ് ഇത്തരമൊരു ആഘോഷത്തിന്റെ പിന്നില്‍? സ്റ്റോക്‌സ് തന്റെ സെഞ്ച്വറി നേട്ടം തന്റെ രോഗബാധിതനായ പിതാവിന് സമര്‍പ്പിക്കുന്നതിനാണ് അത്തരമൊരു ആഘോഷം നടത്തിയത്. മുന്‍ റഗ്ബി താരവും പരിശീലകനുമായ സ്റ്റോക്‌സിന്റെ പിതാവിന് മത്സരത്തിനിടെ തന്റെ നടുവിരല്‍ നഷ്ടമായതാണ്. പകുതി മാത്രമാണ് അദ്ദേഹത്തിന് നടുവിരല്‍ ഉള്ളത്. ഇതാണ് നടുവിരല്‍ മടക്കി സ്റ്റോക്‌സ് സെഞ്ച്വറി നേട്ടം ആഘോഷിച്ചതിന്റെ കാരണം.

അര്‍ബുദബാധയെത്തുടര്‍ന്ന് നിലവില്‍ ന്യൂസീലന്‍ഡില്‍ ചികിത്സയിലാണ് സ്‌റ്റോക്‌സിന്റെ പിതാവ്. ശസ്ത്രക്രിയ അടക്കം കഴിഞ്ഞിരിക്കുന്നതിനാല്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ പാകിസ്താന്‍ പരമ്പരക്കിടെ സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ഐപിഎല്ലിലും സ്റ്റോക്‌സ് കളിക്കില്ലെന്ന് അഭ്യൂഹവും പ്രചരിച്ചു. സീസണിലെ ആദ്യ മത്സരങ്ങളിലൊന്നും കളിക്കാതിരുന്ന സ്റ്റോക്‌സ് ടൂര്‍ണമെന്റിന്റെ പാതി വഴിയിലാണ് രാജസ്ഥാന്‍ ടീമിനൊപ്പം ചേര്‍ന്നത്.
പിതാവ് അസുഖ ബാധിതനായതിനാല്‍ കുടുംബത്തോടൊപ്പം നാട്ടില്‍ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും പിതാവിന്റെ നിര്‍ബന്ധ പ്രകാരം വീണ്ടും ക്രിക്കറ്റിലേക്ക് എത്തുകയായിരുന്നുവെന്ന് സ്റ്റോക്‌സ് വ്യക്തമാക്കിയിരുന്നു. തനിക്ക് വലിയ പിന്തുണ നല്‍കുന്ന പിന്തുണകൊണ്ട് ഐപിഎല്ലിലേക്ക് എത്തിയ സ്റ്റോക്‌സ് തന്റെ മിന്നും പ്രകടനം പിതാവിന് സമര്‍പ്പിക്കുകയായിരുന്നു. നേരത്തെ ഇംഗ്ലണ്ടിനൊപ്പം കളിക്കുമ്പോഴും സമാനമായ രീതിയില്‍ നടുവില്‍ വിരല്‍ മടക്കി തന്റെ നേട്ടങ്ങള്‍ അദ്ദേഹം പിതാവിന് സമര്‍പ്പിച്ചിരുന്നു.
രാജസ്ഥാന്റെ വിജയത്തിനപ്പുറം സ്റ്റോക്‌സും അദ്ദേഹത്തിന്റെ പിതാവും തമ്മിലുള്ള സ്‌നേഹ ബന്ധത്തിന് കൈയടിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍. അബുദാബിയില്‍ 195 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടരുകെ ഏറെക്കുറെ ബുദ്ധിമുട്ടായിരുന്നു. പ്രധാനമായും മുംബൈയെപ്പോലെ മികച്ച ബൗളിങ് നിരയുള്ള ടീമിനെതിരേ എന്നാല്‍ സ്‌റ്റോക്‌സിന്റെ ബാറ്റിങ് മികവിന് മുന്നില്‍ മുംബൈയുടെ ആയുധങ്ങളെല്ലാം അപ്രസക്തമായപ്പോള്‍ തകര്‍പ്പന്‍ വിജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.
തുടക്കം മുതല്‍ ആക്രമിച്ച സ്റ്റോക്‌സ് 14 ഫോറും മൂന്ന് സിക്‌സറുമാണ് പറത്തിയത്. കൂട്ടിന് സഞ്ജു സാംസണും (54*) എത്തിയതോടെ 10 പന്തുകള്‍ ബാക്കി നിര്‍ത്തി രാജസ്ഥാന്‍ വിജയിക്കുകയായിരുന്നു. തുടര്‍ച്ചയായി ഫോം ഔട്ടിലായിരുന്ന സഞ്ജുവിനും മുംബൈക്കെതിരായ മത്സരത്തിലെ പ്രകടനം വളരെ ആത്മവിശ്വാസം നല്‍കുന്നതാണ്. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.