കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്. അബുദാബിയിലാണ് മത്സരം നടക്കുന്നത്. സീസണില്‍ മൂന്ന് ജയം നേടി മുംബൈ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ അവസാന രണ്ട് മത്സരവും പരാജയപ്പെട്ടാണ് രാജസ്ഥാന്‍ എത്തുന്നത്. കളിക്കണക്കുകളില്‍ 11 വീതം ജയങ്ങളുമായി ഇരു ടീമും തുല്യത പുലര്‍ത്തുകയാണ്.
ഇന്നത്തെ ആവേശകരമായ മത്സരത്തില്‍ നിലവിലെ കണക്കുകള്‍ ആധിപത്യം മുംബൈക്ക് അവകാശപ്പെട്ടതാണെങ്കിലും രാജസ്ഥാനും നിസാരരല്ല. മുംബൈ-രാജസ്ഥാന്‍ പോരാട്ടത്തിലെ ടീമുകളുടെ കരുത്തും ദൗര്‍ബല്യവും ഉള്‍പ്പെടെ വിശദമായി വിശകലനം ചെയ്തിരിക്കുകയാണ് മുന്‍ ഐപിഎല്‍ താരവും മലയാളിയുമായി റെയ്ഫി വിന്‍സെന്റ് ഗോമസ്.

മുംബൈ ഇന്ത്യന്‍സിനെ കരുത്തരുടെ നിര എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഓരോ മത്സരത്തിലും ഓരോ താരങ്ങളും മുംബൈക്കുവേണ്ടി തിളങ്ങുന്നു. വളരെ ഉത്തരവാദിത്ത ബോധമുള്ള ബാറ്റിങ് നിരയാണ് മുംബൈയുടേത്. രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരുടെയെല്ലാം പ്രകടനം ടീമിന് വളരെ മുന്‍തൂക്കം നല്‍കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, പാറ്റിന്‍സന്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. മറുവശത്ത് ആദ്യ രണ്ട് മത്സരവും വിജയിച്ച രാജസ്ഥാന്‍ അവസാന രണ്ട് മത്സരത്തിലും തോറ്റതിനാല്‍ വിജയത്തിലേക്ക് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. മുംബൈക്കെതിരേ വിജയവഴിയില്‍ തിരിച്ചെത്താനുള്ള ശക്തമായ ശ്രമം രാജസ്ഥാനില്‍ നിന്ന് ഉണ്ടായേക്കുമെന്നും റെയ്ഫ് അഭിപ്രായപ്പെട്ടു.
നായകന്‍ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ ഫോമിലാണ്. ബെന്‍ സ്‌റ്റോക്‌സ് എത് സമയത്തും ടീമിലേക്ക് തിരിച്ചുവരാം. അങ്ങനെ നോക്കുമ്പോള്‍ മികച്ച ടീം തന്നെയാണ് രാജസ്ഥാന്റേത്. യുവതാരം ജയ്‌സ്വാളിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഇരു ടീമിനും നല്ല ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളതിനാല്‍ മികച്ച മത്സരം തന്നെ കാണാന്‍ സാധിക്കുമെന്നും റെയ്ഫി പറഞ്ഞു. മുംബൈക്ക് ജയം തുടരേണ്ടതും രാജസ്ഥാന് വിജയവഴിയില്‍ തിരിച്ചെത്തേണ്ടതും അത്യാവശ്യമായതിനാല്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാമെന്നും വിജയികളെ കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ മുംബൈ നിര മികച്ച ഫോമിലാണ്. ടീമിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. അതേ സമയം ജോസ് ബട്‌ലര്‍,സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍ എന്നിവരിലേക്ക് രാജസ്ഥാന്‍ ചുരുങ്ങുന്നു. ബെന്‍ സ്റ്റോക്‌സ് മടങ്ങിയെത്തിയാല്‍ ടീമിനത് വലിയ ആത്മവിശ്വാസമാവും. ജോഫ്ര ആര്‍ച്ചറിന്റെ ബൗളിങ്ങും ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവും.