IPL 2020: മുംബൈ X കെകെആര്‍- കരുത്തരുടെ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. താരസമ്പന്നതകൊണ്ട് ആരാധകരുടെ ഇഷ്ട ടീമുകളാണ് മുംബൈയും കെകെആറും. അതിനാല്‍ത്തന്നെ ഇരുടീമും തമ്മിലുള്ള പോരാട്ടത്തിന് ആവേശം കൂടും. ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം മുംബൈക്കായിരുന്നു. അതിനാല്‍ത്തന്നെ ഇതിന് മറുപടി കൊടുക്കാനുറച്ചാവും കെകെആര്‍ എത്തുക. എന്നാല്‍ ഏഴ് മത്സരത്തില്‍ നിന്ന് 5 ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈയെ പരാജയപ്പെടുത്തുക കെകെആറിന് എളുപ്പമാകില്ലെന്നുറപ്പ്. പ്ലേ ഓഫില്‍ ഇടം പിടിക്കാനുള്ള പോരാട്ടം കടുക്കവെ ജയം ഇരുകൂട്ടര്‍ക്കും നിര്‍ണ്ണായകം. മുംബൈ-കെകെആര്‍ മത്സരത്തിന് മുമ്പായി അറിഞ്ഞിരിക്കേണ്ട പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കെകെആറിനെതിരേ വ്യക്തമായ ആധിപത്യം മുംബൈക്കുണ്ട്. ഇതുവരെ 26 തവണ ഏറ്റുമുട്ടിയപ്പോള്‍ 20 തവണയും ജയം മുംബൈക്കായിരുന്നു. ആറ് തവണ കെകെആറും ജയിച്ചു. 2014ല്‍ യുഎഇയില്‍ മുംബൈയെ കെകെആര്‍ തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള പ്രതികാരം ഇത്തവണത്തെ ആദ്യ മത്സരത്തിലൂടെ മുംബൈ വീട്ടുകയും ചെയ്തു. നിലവിലെ ഫോമില്‍ മുന്‍തൂക്കം മുംബൈക്കാണെങ്കിലും കെകെആറിനും മികച്ച ടീം കരുത്തുള്ളതിനാല്‍ മുന്‍വിധികള്‍ അപ്രസക്തം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
കെകെആറിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ താരം നായകന്‍ രോഹിത് ശര്‍മയാണ്. 788 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ രോഹിതിന് സാധിക്കുന്നില്ല. മറുവശത്ത് ആന്‍ഡ്രേ റസലാണ് മുംബൈക്കെതിരേ കൂടുതല്‍ റണ്‍സുള്ള കെകെആര്‍ താരം (162). എന്നാല്‍ ഈ സീസണില്‍ ഇതുവരെ തിളങ്ങാന്‍ റസലിന് സാധിച്ചിട്ടില്ല. മുംബൈ നിരയില്‍ കൂടുതല്‍ വിക്കറ്റ് ഹര്‍ദിക് പാണ്ഡെയുടെയും ജസ്പ്രീത് ബൂംറയുടെയും (11) പേരിലാണ്. എന്നാല്‍ നിലവില്‍ ഹര്‍ദിക് പന്തെറിയുന്നില്ല.

കെകെആര്‍ നിരയില്‍ സുനില്‍ നരെയ്‌നാണ് കേമന്‍ (22). എന്നാല്‍ ബൗളിങ് ആക്ഷന്‍ സംശയത്തിലായതോടെ ഇന്ന് നരെയ്ന്‍ കളിക്കാനിടയില്ല. മുംബൈ നിരയില്‍ കൂടുതല്‍ ക്യാച്ച് ഹര്‍ദിക് പാണ്ഡ്യയുടെ (11) പേരിലും കെകെആര്‍ നിരയില്‍ കാര്‍ത്തിക്, റസല്‍,നരെയ്ന്‍ (4) എന്നിവരുടെ പേരിലുമാണ്. കെകെആറിനെതിരേ മുംബൈയുടെ ശരാശരി സ്‌കോര്‍ 159 റണ്‍സും കെകെആറിന്റെ ശരാശരി സ്‌കോര്‍ 148 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
രോഹിത് ശര്‍മ ഇന്ന് 56 റണ്‍സ് നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം 4000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനാവും. ട്രന്റ് ബോള്‍ട്ട് ഒരു വിക്കറ്റുകൂടി നേടിയാല്‍ 50 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കും. ആന്‍ഡ്രേ റസല്‍ 29 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കും. 87 റണ്‍സ് നേടിയാല്‍ കെകെആറിനൊപ്പം 1500 റണ്‍സ് പൂര്‍ത്തിയാക്കാനുമാവും. കെകെആറിന്റെ ഇയാന്‍ മോര്‍ഗന്‍ 5 സിക്‌സ് നേടിയാല്‍ 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications