IPL 2020: മുംബൈ X പഞ്ചാബ്- കരുത്തരുടെ പോരാട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഇന്നത്തെ എതിരാളികള്‍ കരുത്തരായ കിങ്‌സ് ഇലവന്‍ പഞ്ചാബാണ്. മൂന്ന് മത്സരത്തില്‍ ഇരു ടീമും ഒരു മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം വീതം തോറ്റു. അവസാന മത്സരത്തില്‍ രാജസ്ഥാനെതിരേ വമ്പന്‍ സ്‌കോര്‍ നേടിയിട്ടും തോല്‍ക്കേണ്ടി വന്ന ക്ഷീണത്തില്‍ പഞ്ചാബ് ഇറങ്ങുമ്പോള്‍ ആര്‍സിബിയോട് സൂപ്പര്‍ ഓവറില്‍ തോറ്റാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തിലാണ് മത്സരം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും 24 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ മത്സരിച്ചിട്ടുള്ളത്. ഇതില്‍ 13 തവണയും ജയം മുംബൈ ഇന്ത്യന്‍സ് നേടിയപ്പോള്‍ 11 തവണ പഞ്ചാബും ജയിച്ചു. 2014ല്‍ യുഎഇയില്‍ ഇരു ടീമും മത്സരിച്ചിരുന്നില്ല. അതിനാല്‍ കണക്കുകളില്‍ ആര്‍ക്കും ആധിപത്യം അവകാശപ്പെടാന്‍ സാധിക്കില്ല. ഇരു ടീമും ഒന്നിനൊന്ന് ശക്തരായതിനാല്‍ ജയം ആര്‍ക്കൊപ്പമെന്നത് പറയാനാവില്ല. മുംബൈയില്‍ ജസ്പ്രീത് ബൂംറയ്ക്ക് സ്ഥിരത കാണാനാവാത്തതാണ് പ്രധാന പ്രശ്‌നം. ബൗളിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പഞ്ചാബിനെയും അലട്ടുന്നത്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും നായകരെന്ന നിലയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണണം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബിനെതിരേ കൂടുതല്‍ സ്‌കോര്‍ നേടിയ നിലവിലെ മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡാണ്. മുംബൈ നിരയിലെ സ്ഥിരസാന്നിധ്യമായ പൊള്ളാര്‍ഡ് 417 റണ്‍സാണ് നേടിയിട്ടുള്ളത്. പഞ്ചാബ് നിരയില്‍ നായകന്‍ കെ എല്‍ രാഹുലാണ് കേമന്‍ (289). ഈ സീസണില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന രാഹുലാണ് നിലവില്‍ ഓറഞ്ച് ക്യാപ് അണിയുന്നത്.

പഞ്ചാബിനെതിരേ കൂടുതല്‍ വിക്കറ്റ് നേടിയ നിലവിലെ മുംബൈ താരം ജസ്പ്രീത് ബൂംറയാണ് (12). എല്ലാ സീസണിലും മുംബൈയുടെ വജ്രായുധമായ ബൂംറക്ക് ഇത്തവണ സ്ഥിരത കണ്ടെത്താനാവുന്നില്ല. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന വിശേഷണം ഇത്തവണ ബൂംറക്ക് അര്‍ഹിക്കുന്നില്ല. പഞ്ചാബ് നിരയില്‍ മുരുകന്‍ അശ്വിന്‍,ഹര്‍ഡസ് വില്‍ജിയോന്‍,മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം മുംബൈക്കെതിരേ നേടിയിട്ടുണ്ട്. ഇത്തവണ ടീമില്‍ വമ്പന്‍ അഴിച്ചുപണിയാണ് പഞ്ചാബ് നടത്തിയത്. മുംബൈക്കെതിരേ പഞ്ചാബിന്റെ ശരാശരി ടീം സ്‌കോര്‍ 167 റണ്‍സാണ്. മുംബൈയുടെ ശരാശരി സ്‌കോര്‍ 162 റണ്‍സും. കൂടുതല്‍ ക്യാച്ച് മുംബൈയുടെ പൊള്ളാര്‍ഡിന്റെ പേരിലാണ് (14). പഞ്ചാബ് നിരയില്‍ രാഹുലിന്റെ പേരിലും (3).

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഇന്ന് 13 റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കും. അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ മായങ്ക് ഇന്ന് ഈ നേട്ടത്തിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ 26 റണ്‍സ് നേടിയാല്‍ പഞ്ചാബിനൊപ്പം 1500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും.

അവസാന രണ്ട് സീസണിലും ടീമിനൊപ്പം മിന്നും പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇന്ന് രണ്ട് റണ്‍സ് നേടിയാല്‍ ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കും. നിലവില്‍ ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്കും സുരേഷ് റെയ്‌നയ്ക്കും താഴെ മൂന്നാമതാണ് രോഹിത്. ഐപിഎല്ലില്‍ 50 സിക്‌സ് പൂര്‍ത്തിയാക്കാന്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവിന് ഇന്ന് രണ്ട് സിക്‌സ് നേടിയാല്‍ മതി.

മാറ്റങ്ങള്‍ക്ക് സാധ്യത
ഇരു ടീമിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ക്രിസ് ഗെയ്ല്‍ പഞ്ചാബ് നിരയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. നിലവില്‍ പരിക്കൊന്നും ഗെയ്‌ലിനെ ബാധിച്ചിട്ടില്ലാത്തതിനാല്‍ രാഹുലിനൊപ്പം ഗെയ്ല്‍ ഓപ്പണറായേക്കും. മായങ്ക് മൂന്നാം നമ്പറിലും ഇറങ്ങിയേക്കും. മുംബൈ ഇന്ത്യന്‍സ് പാറ്റിന്‍സന് പകരം നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ ഇന്ന് പരീക്ഷിക്കാനും സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications