IPL 2020: മുംബൈ X ഡല്‍ഹി- ആരാണ് ശക്തര്‍, കളിക്കണക്കുകള്‍ പറയുന്നതിങ്ങനെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫ് ഇന്ന്. നിലവിലെ ചാമ്പ്യന്‍മാരും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുന്നത്. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഇരു ടീമും ഇറങ്ങുക. താരസമ്പന്നതകൊണ്ട് ഇരു ടീമും ഒന്നിനൊന്ന് മെച്ചമാണ്. ടീമെന്ന നിലയില്‍ അല്‍പ്പം മുന്‍തൂക്കം മുംബൈക്കുണ്ട്. ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല മുംബൈയുടെ നിലനില്‍പ്പ്. ഏതവസരത്തിലും വാലില്‍ക്കുത്തി ഉയരാന്‍ തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് പല കുറി മുംബൈ തെളിയിച്ചതാണ്. യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും മികച്ച കൂട്ടുകെട്ടുള്ള ഡല്‍ഹിയും മുംബൈക്ക് ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. വാശിയേറിയ പോരാട്ടത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും 26 തവണയാണ് നേര്‍ക്കുനേര്‍ മത്സരിച്ചത്. ഇതില്‍ 14 തവണയും ജയം മുംബൈക്കായിരുന്നു. 12 തവണ ഡല്‍ഹിയും വിജയിച്ചു. സീസണില്‍ നേര്‍ക്കുനേര്‍ വന്ന രണ്ട് മത്സരത്തിലും മുംബൈയോട് ഡല്‍ഹി പരാജയപ്പെട്ടു. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ ഇതിന് പകരം വീട്ടാന്‍ ഡല്‍ഹിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയാണ് (565). പരിക്കിന്റെ പിടിയിലായിരുന്ന രോഹിത് അവസാന മത്സരത്തില്‍ കളിച്ചിരുന്നെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാനായിട്ടില്ല. ഇത് മുംബൈയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ഡല്‍ഹി നിരയില്‍ നായകന്‍ ശ്രേയസ് അയ്യരാണ് (249) മുന്നില്‍. എന്നാല്‍ നിലവിലെ താരത്തിന്റെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല.

ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയത് കഗിസോ റബാദയും (8) മുംബൈ നിരയില്‍ ജസ്പ്രീത് ബൂംറയുമാണ് (14). ഇരുവരും മികച്ച ഫോമിലാണ്. പര്‍പ്പിള്‍ ക്യാപിനായി റബാദയും ബൂംറയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. റബാദ 25 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 23 വിക്കറ്റാണ് ബൂംറ നേടിയത്. ഡല്‍ഹിക്കുവേണ്ടി കൂടുതല്‍ ക്യാച്ച് റിഷഭ് പന്തും (5) മുംബൈക്കുവേണ്ടി കീറോണ്‍ പൊള്ളാര്‍ഡുമാണ് (11). മുംബൈക്കെതിരേ ഡല്‍ഹിയുടെ ശരാശരി ടീം സ്‌കോര്‍ 149 റണ്‍സും മുംബൈയുടെ ശരാശരി ടീം സ്‌കോര്‍ 165 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
മുംബൈയുടെ സൂര്യകുമാര്‍ യാദവിന്റെ 100ാം ഐപിഎല്‍ മത്സരമാണ് ഇന്ന് ഡല്‍ഹിക്കെതിരേ നടക്കുന്നത്. സീസണില്‍ മികച്ച ഫോമിലാണ് സൂര്യകുമാറുള്ളത്. മുംബൈ നായകന്‍ രോഹിത് ശര്‍മ ഇന്ന് 8 റണ്‍സ് നേടിയാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടും. നിലവില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്. ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ക്ക് വേണ്ടത് 79 റണ്‍സ്. ഡല്‍ഹി താരം അജിന്‍ക്യ രഹാനെ ഇന്ന് 69 റണ്‍സ് നേടിയാല്‍ 4000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. അവസാന മത്സരത്തില്‍ രഹാനെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications