ദുബായ്: അഞ്ചാം ഐപിഎല്‍ കിരീടം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് നേടിയിരിക്കുന്നു. ചൊവാഴ്ച്ച ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് കിരീടം ചൂടിയത്. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം രോഹിത് ശര്‍മയുടെ ബാറ്റിങ് മികവില്‍ മുംബൈ അനായാസം കൈപ്പിടിയിലാക്കി. സീസണില്‍ ഉടനീളം ഫോം കണ്ടെത്താനാവാതെ വിഷമിച്ച രോഹിത് ശര്‍മ കലാശക്കൊട്ടില്‍ മിന്നിത്തിളങ്ങുന്നത് ആരാധകര്‍ കണ്ടു. മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറിയുണ്ട്. നാലു സിക്‌സും അഞ്ച് ഫോറമുള്‍പ്പെടെ 51 പന്തില്‍ 68 റണ്‍സാണ് ഹിറ്റ്മാന്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ് 133.

നായകനെന്ന നിലയില്‍ അഞ്ചാം ഐപിഎല്‍ കിരീടം മുംബൈക്ക് സമ്മാനിച്ചതിന് പുറമെ മറ്റൊരു അപൂര്‍വനേട്ടംകൂടി ഫൈനലില്‍ രോഹിത് ശര്‍മ കയ്യടക്കിയിട്ടുണ്ട്. സംഭവമെന്തന്നല്ലേ, ഐപിഎല്‍ കരിയറില്‍ 200 -മത്തെ മത്സരമാണ് രോഹിത് കളിച്ചത്. 2008 -ല്‍ മുതല്‍ ഐപിഎല്‍ പങ്കെടുക്കുന്ന രോഹിത് ശര്‍മയുടെ 200 -മത്തെ മത്സരമായിരുന്നു ചൊവാഴ്ച്ചത്തെ ഫൈനല്‍. കരിയറില്‍ രണ്ടു ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി മാത്രമാണ് രോഹിത് ഇതുവരെ കളിച്ചിരിക്കുന്നത് - ആദ്യത്തേത് ഡെക്കാന്‍ ചാര്‍ജേഴ്‌സ്, രണ്ടാമത്തേത് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയുമായി നടന്ന ഫൈനലില്‍ പങ്കെടുത്തതോടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 155 -മത്തെ മത്സരവും രോഹിത് പൂര്‍ത്തിയാക്കി. ഒരു വ്യാഴവട്ടക്കാലം നീളുന്ന ഐപിഎല്‍ കരിയറില്‍ 38 അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും രോഹിത് ശര്‍മ കണ്ടെത്തിയിട്ടുണ്ട്.
പറഞ്ഞുവരുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ് 200 ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരം. കഴിഞ്ഞമാസമാണ് ധോണി ഈ നേട്ടം കൈവരിച്ചതും. കരിയറില്‍ രണ്ടു ഫ്രാഞ്ചൈസികള്‍ക്കായി മാത്രമേ ധോണിയും കളിച്ചിട്ടുള്ളൂ. ഒന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും മറ്റൊന്നു റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടിയും. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ചെന്നൈ ടീമിന് രണ്ടുവര്‍ഷത്തെ വിലക്ക് നേരിട്ടപ്പോഴാണ് ധോണി പൂനെയിലെത്തിയത്. 2018 -ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചെത്തിയപ്പോള്‍ ധോണിയും ടീമിനൊപ്പം തിരിച്ചെത്തി. നിലവില്‍ 204 ഐപിഎല്‍ മത്സരങ്ങളാണ് ധോണി കരിയറില്‍ കളിച്ചിട്ടുള്ളത്. 23 അര്‍ധ സെഞ്ച്വറിയുടെ പിന്‍ബലത്തോടെ 4,632 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 84 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും.