IPL 2020: ഡല്‍ഹി ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയതെന്തിന്? വ്യക്തമാക്കി പോണ്ടിങ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ കടക്കാനുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കവെ വന്‍ തിരിച്ചടിയാണ് സൂപ്പര്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടുന്നത്. ഏറ്റവും സംതുലിതമായ ടീമെന്ന പേരെടുത്തുവന്ന ഡല്‍ഹി അവസാന മൂന്ന് മത്സരത്തിലും പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 88 റണ്‍സിനാണ് നാണം കെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 219 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം 131 റണ്‍സില്‍ അവസാനിച്ചു. ഹൈദരാബാദിനെതിരേ കൂറ്റന്‍ വിജയലക്ഷ്യം ഡല്‍ഹിക്ക് പിന്തുടരേണ്ടി വന്നപ്പോള്‍ ബാറ്റിങ് ഓഡറിലും അവര്‍ അഴിച്ചുപണി നടത്തി. ശ്രേയസ് അയ്യരെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റി പകരം സ്റ്റോയിനിസിനും ഹെറ്റ്‌മെയറും റിഷഭ് പന്തിനും ശേഷമാണ് ഇറക്കിയത്. ഇതിന് കാരണമെന്തെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

'220 റണ്‍സ് പിന്തുടര്‍ന്നാണ് ഞങ്ങള്‍ ഇറങ്ങിയത്. രഹാനെയും ധവാനും ചേര്‍ന്ന് പവര്‍പ്ലേയില്‍ 65നും 70നും ഇടയില്‍ റണ്‍സ് നേടുമെന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത്. സ്റ്റോയിനിസ് മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. അതിനാലാണ് ടോപ് ഓഡറില്‍ അവന് അവസരം നല്‍കിയത്. നേരിട്ട രണ്ടാം പന്ത് അവന്‍ അടിച്ചുപറത്തിയത് നമ്മള്‍ കണ്ടതാണ്. ഇത്തരമൊരു വലിയ ടോട്ടല്‍ പിന്തുടരുന്നതുകൊണ്ടാണ് ഇത്തരമൊരു മാറ്റത്തിന് നിര്‍ബന്ധിതരായത്.

ഹെറ്റ്‌മെയര്‍ നാലാം സ്ഥാനത്തും പന്ത് അഞ്ചാം സ്ഥാനത്തും അയ്യര്‍ ആറാം സ്ഥാനത്തും ഇറങ്ങിയത് ഒരു തരം പരീക്ഷണമായിരുന്നു'-റിക്കി പോണ്ടിങ് പറഞ്ഞു. വലിയ ടോട്ടലായതിനാല്‍ത്തന്നെ മികച്ചൊരു തുടക്കം ഡല്‍ഹിക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ അക്കൗണ്ട് തുറക്കും മുമ്പെ ധവാനും പിന്നീട് കൃത്യമായ ഇടവേളകളിലും വിക്കറ്റ് വീണതോടെ വലിയ നാണക്കേടിലേക്ക് ഡല്‍ഹി കൂപ്പ് കുത്തുകയായിരുന്നു.

വൃദ്ധിമാന സാഹയുടെ പ്രകടനത്തെ പോണ്ടിങ് അഭിനന്ദിച്ചു. ' അവസാന കുറച്ച് മത്സരങ്ങളിലായി ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഫീല്‍ഡിങ്ങിലും പിഴവുകള്‍ സംഭവിക്കുന്നു. ഹൈദരാബാദിനെതിരേ കെയ്ന്‍ തിരിച്ചെത്തുമ്പോള്‍ ബെയര്‍സ്‌റ്റോ പുറത്തിരിക്കുമെന്നും വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാവുമെന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നു. മത്സരത്തിന് മുമ്പ് സാഹയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നു. കെയ്ന്‍ നാലാം നമ്പറിലാവുമെന്നും ഞങ്ങള്‍ ഊഹിച്ചു. സാഹ മനോഹരമായി കളിച്ചു. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി' റിക്കി പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

ഡേവിഡ് വാര്‍ണര്‍ (66), വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ (44) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിനെ വന്‍ ടോട്ടലിലെത്തിച്ചത്. ഒന്നാം വിക്കറ്റില്‍ 107 റണ്‍സും അവര്‍ കൂട്ടിച്ചേര്‍ത്തു. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് റാഷിദ് ഖാന്റെ മുന്നില്‍ പിഴച്ചു. നാല് ഓവറില്‍ 7 റണ്‍സിന് മൂന്ന് വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. സന്ദീപ് ശര്‍മ,ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. രണ്ട് മത്സരം കൂടി ടീമിന് അവശേഷിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications