IPL 2020: ഡിവില്ലേഴ്‌സിന് വെച്ച കെണിയില്‍ വീണത് രാജസ്ഥാൻ, ഉനദ്ഘട്ടിന് പന്തുകൊടുക്കാനുള്ള കാരണം

എന്തിനാണ് ജയദേവ് ഉനദ്ഘട്ടിന് പന്തുകൊടുത്തത്? രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ തലയില്‍ കൈവെച്ചു ചോദിക്കുകയാണ്. 19 ആം ഓവര്‍ വരെ കാര്യങ്ങള്‍ റോയല്‍സിന്റെ നിയന്ത്രണത്തിലായിരുന്നു. കാര്‍ത്തിക് ത്യാഗി 18 ആം ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 പന്തില്‍ 35. ജോഫ്ര ആര്‍ച്ചര്‍ക്ക് സ്മിത്ത് പന്തുകൊടുക്കുമെന്ന് ഏവരും കരുതി. എന്നാല്‍ നായകന്‍ പന്തേല്‍പ്പിച്ചതാകട്ടെ, സ്ലോ ബോളുകള്‍ക്ക് പേരുകേട്ട ഉനദ്ഘട്ടിനും.

17 ആം ഓവറില്‍ 9 റണ്‍സ് മാത്രമേ വിട്ടുനല്‍കിയുള്ളൂ എന്ന ആത്മവിശ്വാസമാകണം ഉനദ്ഘട്ടിനെ ഒരിക്കല്‍ക്കൂടി സമീപിക്കാന്‍ സ്മിത്തിന് ധൈര്യം കൊടുത്തത്. മറുപുറത്താകട്ടെ, ഉനദ്ഘട്ടിനെ നോക്കിയിരിക്കുകയായിരുന്നു എബി ഡിവില്ലേഴ്‌സ്. പ്രതീക്ഷിച്ചതുപോലെ വേഗം കുറഞ്ഞ ഓഫ് കട്ടറുകൊണ്ടാണ് ഉനദ്ഘട്ട് തുടങ്ങിയത്. മുന്‍കാല്‍ ക്ലിയര്‍ ചെയ്ത ഡിവില്ലേഴ്‌സ് പന്തിനെ അനായാസം മിഡ് വിക്കറ്റിന് മുകളിലൂടെ തൂക്കിയെറിഞ്ഞു.

രണ്ടാം പന്തിലും ഉനദ്ഘട്ട് പാഠം പഠിച്ചില്ല. വീണ്ടുമൊരു സ്ലോ ബോള്‍. ഇത്തവണ ഡിവില്ലേഴ്‌സിന്റെ കാലിന് മുന്നിലേക്കാണ് പന്തെത്തിയത്. കണ്ണടച്ചുതുറക്കും മുന്‍പേ താരം പന്തിനെ ലോങ് ഓണിലേക്ക് പറത്തി --- മറ്റൊരു സിക്‌സര്‍. മൂന്നാമത്തെ പന്തിലും സുരക്ഷിതമായ യോര്‍ക്കര്‍ പരീക്ഷിക്കാന്‍ ഉനദ്ഘട്ട് കൂട്ടാക്കിയില്ല. വീണ്ടുമെറിഞ്ഞു ഷോര്‍ട്ട് ലെങ്തില്‍ കുത്തിയുയര്‍ത്തിയ പന്ത്.

വേഗം കുറവായതുകൊണ്ടാകണം ഡിവില്ലേഴ്‌സിന്റെ അരയോളം മാത്രമാണ് പന്ത് ഉയര്‍ന്നത്. ഡീപ് ബാക്ക്‌വാര്‍ഡ് സ്‌ക്വയറിലേക്ക് പന്തിനെ കൃത്യമായി താരം ദിശകാട്ടി. തുടര്‍ച്ചയായ മൂന്നു സിക്‌സുകള്‍ വീണതോടെ രാജസ്ഥാന്‍ നായകന്‍ സ്മിത്തിന്റെ ഭാവം പാടെ മാറി. കൈപ്പിടിയില്‍ നിന്നും ജയം അകലുന്നത് സ്മിത്ത് കണ്ടു. നാലാം പന്തില്‍ ഉനദ്ഘട്ട് യോര്‍ക്കറിന് ശ്രമിച്ചു --- സിംഗിള്‍.

ക്രീസില്‍ പരുങ്ങിനിന്ന ഗുര്‍കീറത്തിനെ സ്ലോ ബോള്‍ ബൗണ്‍സര്‍ കൊണ്ടു വിറപ്പിക്കാനാണ് ഇദ്ദേഹം തീരുമാനിച്ചത്. പക്ഷെ ശ്രമം വൈഡില്‍ കലാശിച്ചു. അടുത്ത പന്ത് സ്റ്റംപിന് വെളിയില്‍ കുത്തിയുയര്‍ത്തി. എക്‌സ്ട്രാ കവറിലേക്ക് പന്തിനെ ഡ്രൈവ് ചെയ്യാന്‍ ഗുര്‍കീറത്തിനുമായി --- ഫോര്‍! ഓവറിലെ അവസാന പന്തില്‍ ഒരു സിംഗിള്‍ കൂടി പിറന്നതോടെ മൊത്തം 25 റണ്‍സ് ഉനദ്ഘട്ട് ബാംഗ്ലൂരിന് വിട്ടുനല്‍കി.

ഇതോടെ അവസാന ഓവറില്‍ 10 റണ്‍സ് മാത്രം പ്രതിരോധിക്കേണ്ട ഗതികേടിലായി ജോഫ്ര ആര്‍ച്ചറും. ആര്‍ച്ചറുടെ നാലാം പന്തില്‍ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സടിച്ചാണ് ഡിവില്ലേഴ്‌സ് ബാംഗ്ലൂരിന് ജയം നേടിക്കൊടുത്തത്. എന്തായാലും തോല്‍വിയില്‍ രാജസ്ഥാന്‍ നിരാശരാണ്. ജയിക്കാവുന്ന കളി തോറ്റു. മത്സരശേഷം ഇക്കാര്യം സ്മിത്ത് തുറന്നുസമ്മതിക്കുകയും ചെയ്തു.

എന്തുകൊണ്ട് 19 ആം ഓവര്‍ ഉനദ്ഘട്ടിന് നല്‍കിയെന്ന ചോദ്യത്തിനും സ്മിത്ത് മറുപടി നല്‍കുന്നുണ്ട്. ദുബായ് പോലൊരു വലിയ മൈതാനത്ത് ജയദേവ് ഉനദ്ഘട്ടിന്റെ സ്ലോ ബോള്‍ തന്ത്രം വിലപോവുമെന്നാണ് സ്മിത്ത് കരുതിയത്. വിക്കറ്റുകള്‍ക്ക് നേരെ വേഗം കുറച്ച് പന്തെറിയുന്നതിലാണ് ഉനദ്ഘട്ടിന്റെ കഴിവ്. എന്നാല്‍ ഡിവില്ലേഴ്‌സിന്റെ മുന്‍പില്‍ മാത്രം ബൗണ്ടറികള്‍ക്ക് ദൂരംപോരാതെ വന്നു. ജോഫ്ര ആര്‍ച്ചര്‍ക്ക് 19 ആം ഓവര്‍ കൊടുക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഉനദ്ഘട്ടിനെ പരീക്ഷിക്കാനാണ് തീരുമാനിച്ചത്. നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. എന്തായാലും വരും മത്സരങ്ങള്‍ ടീം മികച്ച ഫലം കണ്ടെത്തുമെന്ന് സ്മിത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: ipl 2020
Story first published: Saturday, October 17, 2020, 22:12 [IST]
Other articles published on Oct 17, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X