ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ആര്‍സിബി ഹൈദരാബാദിനെതിരേ നഷ്ടപ്പെടുത്തിയത്. ഷാര്‍ജയില്‍ ആര്‍സിബി തീര്‍ത്തും നിരാശപ്പെടുത്തിയതോടെ പ്ലേ ഓഫ് സാധ്യതകളും കൈയാലപ്പുറത്തെ തേങ്ങപോലെയായി. എങ്ങോട്ട് വേണമെങ്കിലും പോകാമെന്ന അവസ്ഥ. നിലവില്‍ 13 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് അവസാന മത്സരം നിര്‍ണ്ണായകമാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് ഇനി പ്ലേ ഓഫില്‍ ഇടം പ്രതീക്ഷിക്കാനാവൂ. നിലവില്‍ മുംബൈ ഇന്ത്യന്‍സ് മാത്രമാണ് പ്ലേ ഓഫില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ ഹൈദരാബാദിനെതിരേ ആര്‍സിബിക്ക് പിഴച്ചതെവിടെയാണെന്ന് നായകന്‍ വിരാട് കോലി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തെയാണ് കോലി തോല്‍വിയുടെ കാരണമായി പറഞ്ഞത്.

'140 റണ്‍സ് മത്സരത്തില്‍ മികച്ചൊരു സ്‌കോറാണെന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. അത് നമുക്ക് പ്രവചിക്കാന്‍ സാധിക്കുന്നതല്ല,അവിചാരിതമായി സംഭവിക്കുന്നതാണ്. ഇന്നിങ്‌സിലുടെനീളം ബാറ്റുകൊണ്ട് തിളങ്ങാനാനായില്ല. മൈതാനത്തിന്റെ സാഹചര്യത്തെ നന്നായി മനസിലാക്കിയാണ് അവര്‍ പന്തെറിഞ്ഞത്. രണ്ട് ടീമുകള്‍ 14 പോയിന്റില്‍ നില്‍ക്കുന്നതിനാല്‍ മികച്ച പോരാട്ടം നടക്കും'-കോലി പറഞ്ഞു.
ഷാര്‍ജയിലെ ചെറിയ മൈതാനത്ത് പന്തിന് നല്ല സ്വിങ് ലഭിച്ചിരുന്നു. ഇത് മനസിലാക്കാതെ കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ച ആര്‍സിബി ബാറ്റിങ് നിര തോല്‍വി ചോദിച്ച് വാങ്ങുകയായിരുന്നു. ദേവ്ദത്ത് പടിക്കല്‍ (5),വിരാട് കോലി (7),എബി ഡിവില്ലിയേഴ്‌സ് (24) എന്നിവര്‍ പരാജയപ്പെട്ടതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. വിരാട് കോലി സന്ദീപ് ശര്‍മയുടെ പന്തിലാണ് പുറത്തായത്. ഇത് ഏഴാം തവണയാണ് സന്ദീപിന് മുന്നില്‍ കോലി പുറത്താകുന്നത്.
ടീമില്‍ ആര്‍സിബി നിരന്തരം അഴിച്ച് പണി നടത്തുന്നതും തിരിച്ചടിയായി. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ അഭാവം ആര്‍സിബി നിരയിലുണ്ട്. ശിവം ദുബെയുണ്ടെങ്കിലും താരത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ആര്‍സിബി പരാജയപ്പെടുന്നു. 121 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന്റെ പ്രകടനവും അത്ര മികച്ചതായിരുന്നില്ല.
ഡേവിഡ് വാര്‍ണര്‍ (8),മനീഷ് പാണ്ഡെ (26),കെയ്ന്‍ വില്യംസണ്‍ (8)അഭിഷേക് ശര്‍മ (8) എന്നിവരൊക്കെ പരാജയപ്പെട്ടപ്പോള്‍ വൃദ്ധിമാന്‍ സാഹ (39), ജേസണ്‍ ഹോള്‍ഡര്‍ (26*) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്. നിലവില്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തുണ്ടെങ്കിലും അവസാന മത്സരം ടീമിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് അവസാന മത്സരത്തില്‍ തോല്‍പ്പിക്കേണ്ടതെന്നതാണ് ഹൈദരാബാദിന് തിരിച്ചടിയാവുന്നത്.