ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലേക്കുള്ള വരവ് എബി ഡിവില്ലിയേഴ്‌സ് ഗംഭീരമാക്കിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഡിവില്ലിയേഴ്‌സിനായി ഇപ്പോഴിതാ തന്റെ പ്രകടനം അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ശേഷമുള്ള പ്രകടനമായതിനാലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളിക്കാന്‍ എത്തിയതിനാല്‍ത്തന്നെ നമുക്ക് തന്നെ നമ്മുടെ പ്രകടനത്തെക്കുറിച്ച് സംശയം തോന്നും. എന്നാല്‍ അവസാന നാല് ആഴചയായി കഠിനമായിത്തന്നെ പരിശീലനം നടത്തി. ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഫോമിലേക്കെത്തേണ്ടതുണ്ടായിരുന്നു. മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ട് ആയെങ്കിലും പ്രകടനം സന്തോഷം നല്‍കുന്നതാണ്. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് തന്നെ അത്ഭുതം തോന്നി. ദക്ഷിണാഫ്രിക്കയില്‍ ഒരു മത്സരം കളിച്ചിരുന്നു. അത് മനോഹരമായിരുന്നു. ആത്മവിശ്വാസത്തോടെയാണ് ഇങ്ങോട്ട് എത്തിയത്. നിരവധി ഇന്ത്യ,ഓസ്‌ട്രേലിയ ടീമിലെ പ്രതിഭകള്‍ ഒപ്പമുണ്ടായിരുന്നു. ജോഷ്വാ ഫിലിപ്പ് ആദ്യ മത്സരത്തില്‍ കളിച്ചു. അവന്‍ പ്രതിഭയുള്ള താരമാണ്'-ഡിവില്ലിയേഴ്‌സ് പറഞ്ഞു.
നിര്‍ണ്ണായകമായ സമയത്ത് 30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. അവസാന ഓവറിലാണ് അദ്ദേഹം റണ്ണൗട്ടായത്. 170 സ്‌ട്രൈക്കറേറ്റിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ഏറെ നാളായി ക്രിക്കറ്റ് കളിച്ചിരുന്നില്ല. കൂടാതെ ലോക്ഡൗണിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം മൈതാനത്തിലെ പരിശീലനം മുടങ്ങിയതും താരങ്ങളെ ബാധിച്ചിരുന്നു.
യുഎഇയിലെ മൈതാനത്ത് കളിച്ച് പരിചയസമ്പത്തുള്ള താരമാണ് ഡിവില്ലിയേഴ്‌സ്. 2011ല്‍ ആര്‍സിബിയിലെത്തിയ അദ്ദേഹം ഇന്നും ടീമിന്റെ നെടുന്തൂണായി തുടരുന്നു. 155 ഐപിഎല്ലില്‍ നിന്നായി 40.5 ശരാശരിയില്‍ 4446 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 214 സിക്‌സും ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്. ആര്‍സിബിയിലെത്തുന്നതിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി സംതുലിതമായ ടീമാണ് ആര്‍സിബിയുടേത്. പ്രതിഭാശാലികളായ യുവതാരങ്ങളോടൊപ്പം ആരോണ്‍ ഫിഞ്ച്,ക്രിസ് മോറിസ്,ഡെയ്ല്‍ സ്‌റ്റെയിന്‍ എന്നിവര്‍ ടീമിലെത്തിയത് ആര്‍സിബിയുടെ കരുത്ത് ഉയര്‍ത്തിയിട്ടുണ്ട്. ഹൈദരാബാദിനെതിരേ ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങും യുസ് വേന്ദ്ര ചഹാലിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.