ഷാര്‍ജ: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ആര്‍സിബി തോല്‍വി നേരിട്ടതിനെതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വിരാട് കോലിക്കും ആര്‍സിബി മാനേജ്‌മെന്റിനുമെതിരേ ഉയര്‍ന്നത്. അനാവശ്യ പരീക്ഷണങ്ങള്‍ തുടരുന്നതാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. പഞ്ചാബിനെതിരേ മികച്ച ഫോമിലുള്ള എബി ഡിവില്ലിയേഴ്‌സിനെ ആറാം സ്ഥാനത്ത് ഇറക്കി എബിഡിക്ക് മുന്നെ വാഷിങ്ടണ്‍ സുന്ദറിനെയും ശിവം ദുബെയെയും ഇറക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് ആര്‍സിബി മുഖ്യ പരിശീലകനായ സൈമണ്‍ കാറ്റിച്ച്.
'വാഷിങ്ടണ്‍ സുന്ദറിനും ശിവം ദുബെയ്ക്കും മുന്നില്‍ മികവ് തെളിയിക്കാനുള്ള മികച്ച അവസരമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവര്‍ക്കത് സാധിച്ചില്ല. ഒരാള്‍ തിളങ്ങിയിരുന്നെങ്കില്‍ 200ന് മുകളില്‍ സ്‌കോര്‍ നേടാന്‍ സാധിക്കുമായിരുന്നു. മികച്ച കൂട്ടുകെട്ട് ഉണ്ടായില്ല.75 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉണ്ടായെങ്കില്‍ മാത്രമെ മികച്ച സ്‌കോര്‍ നേടാന്‍ ടീമിന് സാധിക്കു. പഞ്ചാബിനെതിരേ 30-40 റണ്‍സ് കൂട്ടുകെട്ടുകള്‍ മാത്രമാണ് ഉണ്ടായത്'-സൈമണ്‍ കാറ്റിച്ച് പറഞ്ഞു.

പഞ്ചാബിനെതിരേ ആര്‍സിബിയുടെ അനാവശ്യ പരീക്ഷണം തന്നെയായിരുന്നു അത്. പ്ലേ ഓഫ് പോരാട്ടം കടുക്കവെ ഓരോ ജയവും ടീമിന് പ്രധാനമാണ്.എന്നാല്‍ ഇത്തരം അനാവശ്യ പരീക്ഷണങ്ങള്‍ ഇത്തരമൊരു ഘട്ടത്തിലും നടത്തുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്. ലെഫ്റ്റ്-റൈറ്റ് ബാറ്റിങ് കോമ്പിനേഷന്‍ കൊണ്ടുവരുന്നതിനായാണ് ആര്‍സിബി ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് വിരാട് കോലി പറഞ്ഞത്.
കോലി മൂന്നാമനായി ക്രീസിലെത്തിയതോടെയാണ് നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായ വാഷിങ്ടണ്‍ സുന്ദറിനെയും ശിവം ദുബെയെയും ക്രീസിലെത്തിച്ചത്. വാഷിങ്ടണ്‍ 14 പന്തില്‍ 13 റണ്‍സ് നേടിയ പുറത്തായപ്പോള്‍ 19 പന്തില്‍ 23 റണ്‍സാണ് ദുബെ നേടിയത്. ഇരുവരും മധ്യ ഓവറുകളില്‍ ഇഴഞ്ഞ് നീങ്ങിയത് ആര്‍സിബി സ്‌കോര്‍ബോര്‍ഡിലും പ്രതിഫലിച്ചു. ആറാമനായി ഇറങ്ങിയ എബിഡി 5 പന്തില്‍ രണ്ട് റണ്‍സുമാത്രമാണ് നേടിയത്.
മുഹമ്മദ് ഷമിയെ സിക്‌സര്‍ പറത്താനുള്ള എബിഡുയുടെ ശ്രമം ദീപക് ഹൂഡയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ രണ്ടാം തവണയാണ് പഞ്ചാബിനോട് ആര്‍സിബി തോല്‍ക്കുന്നത്. നിലവില്‍ എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയം നേടിയ ആര്‍സിബി 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പ്ലേ ഓഫിനായുള്ള പോരാട്ടം കടുക്കവെ ഇനിയുള്ള ഓരോ മത്സരവും ആര്‍സിബിക്ക് നിര്‍ണ്ണായകമാണ്. എല്ലാ സീസണില്‍ നിന്നും വ്യത്യസ്തമായി ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം ഇത്തവണ ആര്‍സിബിക്കുണ്ട്.