നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ പന്തെറിയും മുന്‍പ് ക്രീസ് വിട്ടിറങ്ങിയാല്‍ ബൗളര്‍ക്ക് പുറത്താക്കാന്‍ ക്രിക്കറ്റില്‍ അനുവാദമുണ്ട്. എന്നാല്‍ ഈ കുറുക്കുവഴിക്ക് വിക്കറ്റെടുക്കാന്‍ മിക്ക താരങ്ങളും തുനിയാറില്ല. കളിയുടെ നിലവാരം കുറയുമെന്നതുതന്നെ കാരണം. മങ്കാദിങ് എന്നാണ് ഇത്തരത്തിലുള്ള പുറത്താക്കലുകള്‍ അറിയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഐപിഎല്ലില്‍ അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് നടത്തി വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറാണ് അശ്വിന്റെ മങ്കാദിങ്ങിന് ഇരയായത്. മങ്കാദിങ് ശരിയോ തെറ്റോ, തര്‍ക്കം ഇപ്പോഴും തുടരുകയാണ്.

എന്തായാലും അശ്വിന്‍ കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി മങ്കാദിങ്ങിനെ നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോള്‍ മങ്കാദിങ് ഏര്‍പ്പാട് വേണ്ടെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ് ആദ്യമേ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മങ്കാദിങ് ശീലങ്ങള്‍ക്ക് കടിഞ്ഞാണിടുകയാണ് രവിചന്ദ്രന്‍ അശ്വിന്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ മങ്കാദിങ് അവസരം മനഃപൂര്‍വം വേണ്ടെന്നുവെച്ച അശ്വിനെ ആരാധകര്‍ കണ്ടിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് ലക്ഷ്യത്തിലേക്ക് ചുവടുവെച്ച ബാംഗ്ലൂരിനെ ഒരുനിമിഷം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് അശ്വിന്‍ മങ്കാദിങ് നടത്താതെ പിന്തിരിഞ്ഞത്. മൂന്നാം ഓവറിലെ നാലാം പന്തിലാണ് ഈ സംഭവം. ക്രീസില്‍ ദേവ്ദത്തും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ആരോണ്‍ ഫിഞ്ചും.
പതിവുപോലെ പന്തെറിയാന്‍ ഒരുങ്ങിയ അശ്വിന്‍ ഫിഞ്ച് ക്രീസ് വിട്ടകലുന്നത് ആദ്യമെ തിരിച്ചറിഞ്ഞു. ബൗളിങ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തിയ അശ്വിന്‍ ഫിഞ്ചിനോട് ക്രീസില്‍ തിരിച്ചുകയറാനാണ് ആവശ്യപ്പെട്ടത്. അശ്വിന്റെ ഈ നടപടിയെ ക്രിക്കറ്റ് പ്രേമികള്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചുകഴിഞ്ഞു. നേരത്തെ, പന്തെറിയുംമുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടുപോയാല്‍ 10 റണ്‍സ് പിഴ ചുമത്തണമെന്ന ആശയം റിക്കി പോണ്ടിങ് മുന്നോട്ടുവെച്ചിരുന്നു. എന്തായാലും ബാംഗ്ലൂരിന് എതിരെ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തിങ്കളാഴ്ച്ച കുറിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും ടീമിന് സാധിച്ചു. നിലവില്‍ 5 മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഡല്‍ഹി മുന്നേറുന്നത്. മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത ടീമുകളും ആദ്യ നാലിലുണ്ട്.