ആര്‍സിബിക്കെതിരേ പുറത്താവാതെ 79 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഇതോടെ മുംബൈ പ്ലേ ഓഫില്‍ സ്ഥാനവും ഉറപ്പിച്ചു. ദേശീയ ടീമില്‍ ഇടം ലഭിക്കാത്തതിനാല്‍ സൂര്യകുമാര്‍ നിരാശനാണെന്ന് കീറോണ്‍ പൊള്ളാര്‍ഡും പറഞ്ഞിരുന്നു. ഇപ്പോഴിതാ സൂര്യകുമാറിന് പ്രതീക്ഷ നല്കുന്ന പ്രതികരണം എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രിയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'സൂര്യ നമസ്കാര്‍, ശക്തനായി ക്ഷമയോടെ തുടരൂ'-എന്നാണ് രവി ശാസ്ത്രി കുറിച്ചത്. നിലവില്‍ ഓസീസ് പര്യടനത്തിനായി ഇന്ത്യന്‍ പരിശീലക സംഘം യുഎഇയിലുണ്ട്. ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ സംഘം നേരിട്ടാവും ഓസ്ട്രേലിയയിലേക്ക് പോവുക. സെവാഗും സൂര്യകുമാറിന്റെ പ്രകടനത്തെ പ്രശംസിച്ചു. 'സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്സ്,മുംബൈയ്ക്ക് മികച്ച ജയം'എന്നാണ് സെവാഗ് കുറിച്ചത്.
ക്രിസ് ശ്രീകാന്ത് സൂര്യകുമാറിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. എന്തൊരു മനോഹരമായ ബാറ്റിങ്. ദേശീയ ടീമിലേക്ക് ഇടം ലഭിക്കാന്‍ ഇനി എന്താണ് അവന് ചെയ്യേണ്ടത്. കാണാന്‍ മനോഹരമായ പ്രകടനം. ഇന്ത്യന്‍ ജഴ്സിയിലും ഇതേ പ്രകടനം അധികം വൈകാതെ കാണാന്‍ സാധിക്കട്ടെയെന്നാണ് ക്രിസ് ശ്രീകാന്ത് പറഞ്ഞത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും ട്വിറ്ററിലൂടെ സൂര്യകുമാറിനെ പ്രശംസിച്ചു.
മുംബൈ ഇന്ത്യന്‍സിന് നിര്‍ണ്ണായക ജയം. ക്ഷമയും ക്ലാസും നിറഞ്ഞ മനോഹര ഇന്നിങ്സ്. മുന്നോട്ട് ഏറെ പോകാനുണ്ടെന്നാണ് സച്ചിന് കുറിച്ചത്. ഹര്ഭജന് സിങ്ങും മുംബൈ താരത്തെ പ്രശംസിച്ച് രംഗത്തെത്തി. ' ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എല്ലാ ഐപിഎല്‍ സീസണിലും രഞ്ജി ട്രോഫിയിലും അവന് തിളങ്ങുന്നുണ്ട്. ബിസിസിക്ക് ഓരോ വ്യക്തിക്കും ഓരോ നിയമങ്ങളാണ്. എല്ലാ സെലക്ടര്‍മാരും അവന്റെ റെക്കോഡ് നോക്കണമെന്നാണ് അപേക്ഷ'-എന്നാണ് ഹര്ഭജന് കുറിച്ചത്.
ശുബ്മാന് ഗില്‍, മുഹമ്മദ് സിറാജ്,വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി,മനീഷ് പാണ്ഡെ എന്നിവരെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചെങ്കിലും സൂര്യകുമാര്‍ മാത്രം തഴയപ്പെട്ടു. പ്രധാനമായും ടോപ് ഓഡര്‍ ബാറ്റ്സ്മാനെന്ന നിലയിലാണ് സൂര്യകുമാര്‍ തിളങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ ടോപ് ഓഡറില്‍ നിരവധി താരങ്ങളുണ്ട്. എന്നാല്‍ മധ്യനിരയില്‍ മികച്ച താരത്തിന്റെ അഭാവമുണ്ട്. എന്നാല്‍ ഏറെ നാളായി മധ്യനിരയില്‍ കളിക്കാത്തതാണ് സൂര്യകുമാറിന് തിരിച്ചടിയായിരിക്കുന്നത്. രോഹിത് ശര്‍മ,റിഷഭ് പന്ത് എന്നിവര്‍ക്കും ഫിറ്റ്നസ് കുറവ് മൂലം ഓസീസ് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. നവംബര്‍ അവസാന വാരത്തോടെയാണ് ഇന്ത്യയുടെ ഓസീസ് പരമ്പര ആരംഭിക്കുന്നത്.