ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റുകയാണ് ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം അതിന് ശേഷവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെകെആറിനെതിരായ അവസാന മത്സരത്തില്‍ 33 പന്തില്‍ 6 സിക്‌സും 5 ഫോറും ഉള്‍പ്പെടെ 73 റണ്‍സുമായി കളിയിലെ താരമായത് ഡിവില്ലിയേഴ്‌സായിരുന്നു. ഇപ്പോഴിതാ ഡിവില്ലിയേഴ്‌സിനോട് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്നും ക്രിക്കറ്റ് അത് ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി.
ട്വിറ്ററിലൂടെയാണ് രവി ശാസ്ത്രി പുകഴ്ത്തിയത്. 2018 മെയ് മാസത്തില്‍ അപ്രതീക്ഷിതമായാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ലെ ഏകദിന ലോകകപ്പിന് ഒരുങ്ങിയിരുന്ന ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു ഇത്. സഹതാരങ്ങളും മുന്‍ താരങ്ങളുമെല്ലാം നിര്‍ബന്ധിച്ചിട്ടും വിരമിക്കല്‍ തീരുമാനത്തില്‍ ഡിവില്ലിയേഴ്‌സ് ഉറച്ച് നിന്നു. എബിഡിയുടെ അഭാവം നികത്താന്‍ 2019ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കാതെ വന്നതോടെ ഏഴാം സ്ഥാനക്കാരായി ടീമിന് നാണംകെടേണ്ടി വന്നു. അഫ്ഗാനിസ്ഥാന് പിന്നാലെ ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനിരുന്നതായിരുന്നു.

എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത് അടുത്ത വര്‍ഷത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുകയാണെങ്കില്‍ ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ച് വീണ്ടും ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി അണിയുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗ്രെയിം സ്മിത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തലപ്പത്തും മാര്‍ക്ക് ബൗച്ചര്‍ പരിശീലകസ്ഥാനത്തും എത്തിയതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സ് മടങ്ങിവരാന്‍ സമ്മതം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളെത്തിയത്. എന്നാല്‍ അടുത്ത വര്‍ഷത്തേക്ക് ടി20 ലോകകപ്പ് മാറ്റിയതിനാല്‍ ഇനി അദ്ദേഹം മടങ്ങിയെത്തുമോയെന്ന് കണ്ടറിയണം. എന്തായാലും വിരമിക്കലിന് ശേഷം ഇതുവരെ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.
360 ഡിഗ്രി ഷോട്ടുകളുമായി ലീഗ് ക്രിക്കറ്റില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ നെടുന്തൂണായ എബിഡി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. 161 ഐപിഎല്ലില്‍ നിന്ന് 4623 റണ്‍സ് ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.