ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ ജയം സമ്മാനിച്ചത് റാഷിദ് ഖാന്റെ മികവാണ്. കരുത്തരായ ഡല്‍ഹിയുടെ ബാറ്റിങ് നിരയെ തടുത്ത് നിര്‍ത്തിയത് റാഷിദിന്റെ സ്പിന്‍ പ്രതിഭയാണ്. നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായ റാഷിദ് ഖാന്‍ തന്റെ ഇത്തവണത്തെ പ്രകടനത്തെക്കുറിച്ചും തന്റെ അമ്മയുടെ വിയോഗത്തിന്റെ സങ്കടത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലെ മോശം പ്രകടനവും നിരാശപ്പെടുത്തിയില്ലെന്നും അമ്മയായിരുന്നു തന്റെ ഏറ്റവും വലിയ ആരാധികയെന്നുമാണ് റാഷിദ് ഖാന്‍ പറഞ്ഞത്.
'ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിക്കാതിരുന്നത് എന്നെ സമ്മര്‍ദ്ദത്തിലാക്കിയില്ല. എന്റെ മനസിനെ ശാന്തമായി വെക്കുകയും എന്താണ് ചെയ്യാന്‍ കഴിയുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് ചെയ്തത്. ഞാന്‍ നേരെ ഇറങ്ങി അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്ത് മത്സരം ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് പന്തില്‍ അല്‍പ്പം വേഗം കൂട്ടിയാണ് എറിഞ്ഞത്. ആദ്യപന്ത് എറിഞ്ഞപ്പോള്‍ത്തന്നെ എനിക്കത് മനസിലായി. ഒന്ന് രണ്ട് പന്തുകള്‍ എറിഞ്ഞതിന് ശേഷം മാത്രമെ മൈതാനത്തിന് അനുയോജ്യമായ വേഗമെന്തെന്ന് നമുക്ക് മനസിലാകൂ'-റാഷിദ് ഖാന്‍ പറഞ്ഞു.

സ്പിന്നര്‍മാരെ നന്നായി തുണയ്ക്കുന്ന മൈതാനമാണ് അബുദാബിയിലേത്. റാഷിദിന്റെ അതിവേഗ ഗൂഗ്ലികള്‍ ഹൈദരാബാദ് ബാറ്റിങ് നിരയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നീ ഡല്‍ഹിയുടെ നെടുന്തൂണുകളാണ് റാഷിദിന്റെ സ്പിന്‍ കെണിയില്‍ വീണത്. യുഎഇയിലെ സാഹചര്യത്തില്‍ പന്തിന്റെ ലങ്ത് ശ്രദ്ധിക്കണമെന്ന് റാഷിദ് അഭിപ്രായപ്പെട്ടു. നായകന്‍ ഡേവിഡ് വാര്‍ണര്‍ വലിയ പിന്തുണയാണ് നല്‍കാറ്. എന്താണ് ടീമിനുവേണ്ടതെന്ന് നിനക്കറിയാമല്ലോ എന്നാണ് വാര്‍ണര്‍ പറയാറുള്ളത്. എന്റെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും കാര്യങ്ങള്‍ കൈവിട്ടെന്ന് തോന്നുമ്പോഴാണ് ഞാന്‍ ക്യാപ്റ്റന്റെ അടുത്തെത്തി എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കാറുള്ളത്. ഇതാണ് മൈതാനത്തില്‍ ഞാനും നായകനും തമ്മിലുള്ള സംസാരമെന്നും റാഷിദ് പറഞ്ഞു.
കുറച്ചുനാളുകളായി റാഷിദിനെ സംബന്ധിച്ച് വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ സങ്കടനം ഇപ്പോഴും താരത്തെ അലട്ടുന്നുണ്ട്. 'അല്‍പ്പ നാളുകളായി വളരെ ബുദ്ധിമുട്ടാണ് ഞാന്‍ നേരിടുന്നത്. ആദ്യം എന്റെ പിതാവ് മരണപ്പെട്ടു പിന്നാലെ മാതാവും മരിച്ചു. മാതാവ് മരിച്ചിട്ട് നാല് മാസം ആകുന്നേയുള്ളു. ഈ സങ്കടത്തില്‍ നിന്ന് കരകയറാന്‍ അല്‍പ്പം സമയം വേണ്ടിവന്നു. എന്റെ വലിയ ആരാധിക അമ്മയായിരുന്നു. ഐപിഎല്ലിനിടെയിലും രാത്രി എന്നോട് ഏറെ നേരം അമ്മ സംസാരിക്കുമായിരുന്നു'-റാഷിദ് പറഞ്ഞു.