ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ ഏറ്റവും വലിയ തിരിച്ചടി ബെന്‍സ്റ്റോക്സിന്റെ അഭാവമായിരുന്നു. അച്ഛന്റെ രോഗത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിയിരുന്ന സ്റ്റോക്സ് ഒടുവില്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിരിയിരിക്കുകയാണ്. യുഎഇയിലെത്തിയ അദ്ദേഹം നിലവില്‍ ക്വാറന്റെയ്നിലാണ്. അതിന് ശേഷം രാജസ്ഥാന് ടീമിനൊപ്പം പരിശീലനം ആരംഭിക്കും.
ഇംഗ്ലണ്ട് ടീമില്‍ നിന്നടക്കം ഇടവേളയെടുത്തിയിരുന്ന സ്റ്റോക്സ് ഇപ്പോള്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയതിന് കാരണമെന്തെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കുടുംബത്തിന്റെയും അച്ഛന്റെയും പിന്തുണയാണ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷ് മാധ്യമമായ ദി മിററിന് നല്കിയ അഭിമുഖത്തിലാണ് സ്റ്റോക്സ് മടങ്ങിവരവിനെക്കുറിച്ച് പ്രതികരിച്ചത്.
'ന്യൂസീലന്‍ഡില്‍ നിന്നെത്തിയ ശേഷം ഒരിക്കല്‍ക്കൂടി ക്വാറന്റെയ്നില്‍ ഇരിക്കുന്നു. ഇവിടുത്തെ കാര്യങ്ങള്‍ നോക്കുമ്പോള്‍ മികച്ച അനുഭവമാണ്. അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും വിടപറഞ്ഞ് പോരേണ്ടി വന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. കുടുംബത്തെ വിട്ടുനില്‍ക്കുക പ്രയാസമായിരുന്നെങ്കിലും അവരുടെ എല്ലാവരുടെയും പിന്തുണ മടങ്ങിവരാന്‍ കരുത്തായി. മടങ്ങിവരാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛന്റെയും അമ്മയുടെയും പിന്തുണയും അനുഗ്രഹവും തേടിയ ശേഷമാണ് വിമാനം കയറിയത്. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള കാരണം പുറത്തുള്ള ആരുടെയും നിര്‍ബന്ധമല്ല,അത് കുടുംബത്തിന്റെ നിര്‍ബന്ധമാണ്'-സ്റ്റോക്സ് പറഞ്ഞു.
ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള പരമ്പരയ്ക്കിടെയാണ് സ്റ്റോക്സ് ഇടവേളയെടുത്തത്. അച്ഛന്റെ രോഗവുമായി ബന്ധപ്പെട്ട് കുടുംബം ന്യൂസീലന്‍ഡിലാണ്. ഈ സാഹചര്യത്തിലാണ് കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ അദ്ദേഹം ന്യൂസീലന്‍ഡിലേക്ക് പോയത്. അച്ഛന്റെ അര്‍ബുദത്തിന് ശസ്ത്രക്രിയ വേണമെന്നിരിക്കെ ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന തരത്തിലായിരുന്നു സ്റ്റോക്സിന്റെ ആദ്യ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നത്. പിന്നീടാണ് അദ്ദേഹം തീരുമാനം മാറ്റി തിരിച്ചെത്തിയിരിക്കുന്നത്.
'എന്നിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് അച്ഛന് നന്നായി അറിയാം. വളരെ ശക്തനാണ് അദ്ദേഹം. ചെയ്യുന്ന ജോലി ഒരു കടമയാണെന്നും ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും അദ്ദേഹത്തിന് കടമയുണ്ടെന്നും അച്ഛന് പറഞ്ഞു. മടങ്ങിവരവരവിനെപ്പറ്റി ഏറെ സംസാരിച്ച ശേഷം മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു'-സ്റ്റോക്സ് പറഞ്ഞു. സ്റ്റോക്സ് ടീമിലേക്ക് എത്തിയാല്‍ രാജസ്ഥാന് വളരെ സംതുലിതമായി തീരും. നിലവില്‍ മധ്യനിരയാണ് ടീമിന്റെ പ്രധാന പ്രശ്നം. ജോസ് ബട്ലര്,സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ് എന്നീ ടോപ് ഓഡര്‍ കഴിഞ്ഞാല്‍ മികച്ച താരങ്ങള്‍ പിന്നീടില്ല. സ്റ്റോക്സ് എത്തിയാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് മുതല്‍ക്കൂട്ടാവും. അവസാന മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് മോശം അവസ്ഥയിലാണ് രാജസ്ഥാനുള്ളത്.