വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'സീറോ ഹീറോ ആയി', തേവാട്ടിയ 'ശക്തിമരുന്ന്' കുടിച്ചപ്പോൾ — രാജസ്ഥാന് റെക്കോര്‍ഡ്

ഷാര്‍ജ: അവിശ്വസനീയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഒരൊറ്റ ഓവര്‍കൊണ്ട് സീറോയില്‍ നിന്നും ഹീറോയായി രാജസ്ഥാന്റെ രാഹുല്‍ തേവാട്ടിയ. തോറ്റ കളിയാണ് രാജസ്ഥാന്‍ റോയല്‍സിന് തേവാട്ടിയ തിരിച്ചുകൊടുത്തത്. 18 പന്തില്‍ 51 റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ കളി തോറ്റെന്നു പഞ്ചാബ് എഴുതിത്തള്ളി. സ്റ്റീവ് സ്മിത്തിന് ശേഷം രാഹുല്‍ തേവാട്ടിയയെയാണ് സഞ്ജുവിന് കൂട്ടായി രാജസ്ഥാന്‍ ക്യാംപ് ഇറക്കിയത്. മത്സരത്തിലെ ഏറ്റവും വലിയ അബദ്ധമായിപ്പോയി ഇതെന്ന് രാജസ്ഥാന്‍ റോയല്‍സ് പിന്നാലെ തിരിച്ചറിഞ്ഞു.

IPL 2020- Rahul Tewatia slams Cottrell for five sixes in an over | Oneindia Malayalam
റൺനിരക്ക്

റണ്‍നിരക്ക് 15 കടന്നപ്പോഴും പന്തില്‍ ബാറ്റൊന്നു തൊടുവിക്കാന്‍ പോലും കഴിയാതെ വിഷമിക്കുകയായിരുന്നു തേവാട്ടിയ. ഇതോടെ റണ്‍സടിക്കേണ്ട ഉത്തരവാദിത്വം മുഴവുന്‍ സഞ്ജു സാംസണിന്റെ തോളിലായി. ഇതിനിടെ ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്കെടുക്കുന്നതും തേവാട്ടിയ പതിവാക്കി. തോല്‍വിയുടെ മുഴുവന്‍ പഴിയും യുവതാരത്തിന് മേല്‍ വീഴുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു.

തുടക്കം

17 ആം ഓവറിലെ ആദ്യപന്തില്‍ മുഹമ്മദ് ഷമി സഞ്ജുവിനെ പുറത്താക്കുകകൂടി ചെയ്തതോടെ പഞ്ചാബ് ജയിച്ചെന്ന് രാജസ്ഥാന്‍ പോലും കരുതി. എന്നാല്‍ 18 ആം ഓവറില്‍ ചിത്രം മാറിമറിഞ്ഞു; ആരും പ്രതീക്ഷിച്ചില്ല തേവാട്ടിയ ക്രീസില്‍ 'സൂപ്പര്‍മാനാകുമെന്ന്'. ആദ്യ പന്ത്, രണ്ടാം പന്ത്, മൂന്നാം പന്ത്, നാലാം പന്ത്, ആറാം പന്ത് --- ഓരോതവണയും ഷെല്‍ഡണ്‍ കോട്രലിനെ സ്‌റ്റേഡിയത്തിന് വെളിയിലേക്ക് തൂക്കിയെറിയുകയായിരുന്നു ഇദ്ദേഹം.

പദ്ധതി

'ശക്തിമരുന്ന്' കുടിച്ച തേവാട്ടിയ കണ്ട് രാജസ്ഥാനും പഞ്ചാബും ആരാധകരും ഒരുപോലെ അന്തംവിട്ടു. ഒരൊറ്റ ഓവര്‍കൊണ്ടാണ് രാഹുല്‍ തേവാട്ടിയ രാജസ്ഥാന് ജയംതിരിച്ചുകൊടുത്തത്; ഒപ്പം മാനവും കാത്തത്. 17 ആം ഓവറില്‍ പന്തെടുക്കുമ്പോള്‍ തേവാട്ടിയയെ നിരുപദ്രവകാരിയായാണ് പഞ്ചാബ് കണ്ടത്. ഈ സമയം തേവാട്ടിയയുടെ വ്യക്തിഗത സ്‌കോര്‍ 23 പന്തില്‍ 17. മറുഭാഗത്ത് രോബിന്‍ ഉത്തപ്പയാണ്. ഉത്തപ്പയെ സ്‌ട്രൈക്കില്‍ കൊണ്ടുവരാതിരിക്കാന്‍ പഞ്ചാബ് പദ്ധതി ആവിഷ്‌കരിച്ചു.

സിക്സ്

ആദ്യ പന്ത് അച്ചടക്കമില്ലാതെയാണ് കോട്രലെറിഞ്ഞത്. ലെഗ് സൈഡിലേക്ക് കുത്തിയുയര്‍ന്ന പന്തിനെ സ്‌ക്വയര്‍ ലെഗിലേക്ക് ദിശ കാണിച്ചതേയുള്ളൂ തേവാട്ടിയ --- സിക്‌സ്! ആദ്യ പന്ത് ഭാഗ്യംകൊണ്ട് സിക്‌സായെന്ന് പഞ്ചാബ് വിചാരിച്ചു. എന്നാല്‍ ദേ തൊട്ടടുത്ത പന്തും പറക്കുന്നു സ്‌റ്റേഡിയത്തിന് വെളിയിലേക്ക്. സ്റ്റംപിന് നേരെയെത്തിയ ഷോര്‍ട്ട് ലെങ്ത് പന്തിനെ ഒരിക്കല്‍ക്കൂടി സ്‌ക്വയര്‍ ലെഗിന് പിന്നിലേക്ക് തേവാട്ടിയ അടിച്ചകറ്റി. പകച്ചുപ്പോയ കോട്രല്‍ അടുത്ത പന്ത് കാലിന് നേര്‍ക്ക് വിട്ടു. ലോങ് ഓഫിലേക്ക് കൂറ്റന്‍ സിക്‌സായാണ് പന്ത് പറന്നിറങ്ങിയത്.

അർധ സെഞ്ച്വറി

ഇതോടെ പന്തെവിടെ എറിയണമെന്നായി കോട്രല്‍. ഏറെ ആലോചനകള്‍ക്കൊടുവില്‍ എറിഞ്ഞ നാലാം പന്ത് ഫുള്‍ ടോസ് രൂപംകൊണ്ടപ്പോള്‍ പന്ത് മിഡ് വിക്കറ്റില്‍ ചെന്ന് പതിച്ചു --- തേവാട്ടിയയുടെ മറ്റൊരു കൂറ്റന്‍ സിക്‌സ്. അഞ്ചാം പന്തില്‍ ഓഫ് കട്ടര്‍ പരീക്ഷിച്ച കോട്രല്‍ രക്ഷപ്പെട്ടു. എന്നാല്‍ കോട്രലിന്റെ ആറാം പന്ത് ഒരിക്കല്‍ക്കൂടി മിഡ് വിക്കറ്റിന് മുകളിലൂടെ പറന്നു. ഓവറില്‍ 30 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ഇതോടെ തേവാട്ടിയയുടെ വ്യക്തിഗത സ്‌കോര്‍ 29 പന്തില്‍ 47 എന്നായി. ടീം സ്‌കോര്‍ മൂന്നിന് 203.

ജയം ഉറപ്പാക്കി

19 ആം ഓവറിലെ ആദ്യപന്തില്‍ ഉത്തപ്പ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായെങ്കിലും ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചര്‍ തുടരെ രണ്ടു സിക്‌സടിച്ച് ടീമിനെ ജയത്തോട് അടുപ്പിച്ചു. ഈ ഓവറില്‍ തേവാട്ടിയയും അടിച്ചു ഒരു സിക്‌സ്.
ഒരു ഘട്ടത്തില്‍ 19 പന്തില്‍ 8 റണ്‍സെടുത്ത തേവാട്ടിയയാണ് 30 പന്തില്‍ 50 പിന്നിട്ടത്. എന്നാല്‍ ഷമിയുടെ അവസാന പന്തില്‍ മറ്റൊരു സിക്‌സിന് ശ്രമിച്ച തേവാട്ടിയയ്ക്ക് കണക്കുകൂട്ടലുകള്‍ തെറ്റി. ഡീപ് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാള്‍ തേവാട്ടിയയെ പിടികൂടുകയായിരുന്നു. ഏഴ് സിക്‌സ് ഉള്‍പ്പെടെ 31 പന്തില്‍ 53 റണ്‍സാണ് രാഹുല്‍ തേവാട്ടിയ അടിച്ചെടുത്തത്.

റെക്കോർഡ്

എന്നാല്‍ ഈ സമയംകൊണ്ട് രാജസ്ഥാന്‍ ജയം ഉറപ്പാക്കിയിരുന്നു. അവസാന ഓവറില്‍ വേണ്ടിയിരുന്ന രണ്ടു റണ്‍സ് രാജസ്ഥാന്‍ അനായാസം നേടി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ റണ്‍ചേസാണ് രാജസ്ഥാന്‍ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാഴ്ച്ചവെച്ചത്. നേരത്തെ, ആദ്യം ബാറ്റുചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവരുടെ മികവില്‍ 223 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കണ്ടെത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ 226 റണ്‍സടിച്ച് കളി പൂര്‍ത്തിയാക്കി.

Story first published: Monday, September 28, 2020, 0:17 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X