IPL 2020: മുംബൈ ഇന്ത്യന്‍സ് യുഎഇയില്‍, മികച്ച സ്‌കോര്‍, വ്യക്തിഗത പ്രകടനം; അറിയേണ്ടതെല്ലാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് അരങ്ങുണരാന്‍ ഇനി രണ്ട് നാള്‍ ദൂരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഇത്തവണ മത്സരം യുഎഇയില്‍ ആയതിനാല്‍ കണക്കുകളില്‍ ആര്‍ക്കും തന്നെ ആധിപത്യം അവകാശപ്പെടാനാവില്ല. മുംബൈയും ചെന്നൈയും ഇത്തവണയും ശക്തമായ നിരയുമായാണ് ടൂര്‍ണമെന്റിനെത്തുന്നത്. 2014ല്‍ അഞ്ച് മത്സരങ്ങള്‍ ടീമുകള്‍ യുഎഇയില്‍ കളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയുടെ യുഎഇയിലെ പ്രകടനത്തിന്റെ കണക്കുകള്‍ പരിശോധിക്കാം.

അര്‍ധ സെഞ്ച്വറികള്‍
രണ്ട് മുംബൈ താരങ്ങളാണ് യുഎഇയിലെ മൈതാനത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ളത്. നായകന്‍ രോഹിത് ശര്‍മയും ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡുമാണവര്‍. യുഎഇയിലെ സ്പിന്‍ മൈതാനത്ത് ഇത്തവണയും ഇരുവരിലും വലിയ പ്രതീക്ഷയാണ് മുംബൈക്കുള്ളത്. പൊള്ളാര്‍ഡ് സിപിഎല്ലില്‍ തിളങ്ങി എത്തുമ്പോള്‍ പരിക്കിനും നീണ്ട ഇടവേളയ്ക്കും ശേഷമാണ് രോഹിത് എത്തുന്നത്. യുഎഇയില്‍ കൂടുതല്‍ സിക്‌സ് നേടിയ മുംബൈ താരവും പൊള്ളാര്‍ഡാണ്. എട്ട് തവണയാണ് പൊള്ളാര്‍ഡ് പന്ത് ഗാലറിയിലെത്തിച്ചത്. യുഎഇയില്‍ കൂടുതല്‍ ്യാച്ചുകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ്, കോറി ആന്‍ഡേഴ്‌സണ്‍, കീപ്പര്‍ സിഎം ഗൗതം എന്നിവരാണ് മുംബൈ നിരയില്‍ മുന്നില്‍. ഇവരെല്ലാം രണ്ട് ക്യാച്ച് വീതമാണ് നേടിയത്.

മികച്ച ബൗളിങ് പ്രകടനം
ഇത്തവണത്തെ മുംബൈയുടെ നഷ്ടമായ ലസിത് മലിംഗയാണ് യുഎഇയില്‍ മികച്ച ബൗളിങ് പകടനം നടത്തിയ മുംബൈ ബൗളര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് മലിംഗ വീഴ്ത്തിയത്. ഇത്തവണ അച്ഛന്റെ അസുഖത്തെത്തുടര്‍ന്നാണ് മലിംഗ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. യുഎഇയില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മുംബൈ ബൗളറും മലിംഗയാണ്. എട്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.

മികച്ച വ്യക്തിഗത പ്രകടനം
കീറോണ്‍ പൊള്ളാര്‍ഡാണ് യുഎഇയില്‍ മികച്ച വ്യക്തിഗത ബാറ്റിങ് പ്രകടനം നടത്തിയ ബാറ്റ്‌സ്മാന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 78 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 15 സിക്‌സാണ് യുഎഇയിലെ വലിയ മൈതാനത്ത് മുംബൈ താരങ്ങള്‍ ആകെ അടിച്ചെടുത്തത്. യുഎഇയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മുംബൈ താരം അമ്പാട്ടി റായിഡുവാണ്. ഇത്തവണ സിഎസ്‌കെ താരമായ റായിഡു യുഎഇയില്‍ 133 റണ്‍സാണ് അടിച്ചേടുത്തത്.

ടീമിന്റെ ഉയര്‍ന്ന റണ്‍-കുറവ് റണ്‍
യുഎഇയിലെ മുംബൈ ഇന്ത്യന്‍സിന്റെ മികച്ച ടീം ടോട്ടല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 157 റണ്‍സാണ്. ഏറ്റവും മോശം പ്രകടനം റോയല്‍ ചലഞ്ചേഴ്‌സ് ഹൈദരാബാദിനെതിരേ 9 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 115 റണ്‍സാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് കിരീടം നേടാന്‍ നന്നായി പാടുപെടേണ്ടി വരുമെന്നുറപ്പാണ്. യുഎഇയിലെ വലിയ മൈതാനങ്ങളാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications