IPL 2020: മുംബൈയ്ക്ക് കിട്ടുന്ന സമ്മാനത്തുക എത്ര? അറിയേണ്ടതെല്ലാം
ദുബായ്: വീണ്ടുമൊരു ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്റെ 'ഷെല്‍ഫിലേക്ക്' വന്നിരിക്കുകയാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച മുംബൈ, അഞ്ചാം ഐപിഎല്‍ കിരീടം കരസ്ഥമാക്കി. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ (51 പന്തില്‍ 68) മികവിലാണ് മുംബൈ കലാശപ്പോരാട്ടം ജയിച്ചത്. ഡല്‍ഹി മുന്നോട്ടുവെച്ച 157 റണ്‍സ് ലക്ഷ്യം 8 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ മറികടന്നു.

എന്തായാലും ഐപിഎല്‍ കിരീടധാരണത്തോടെ 20 കോടി രൂപയാണ് മുംബൈ ഇന്ത്യന്‍സ് പോക്കറ്റിലാക്കിയത്. കേട്ടതു ശരിയാണ്. 20 കോടി രൂപയാണ് ഐപിഎല്‍ ജേതാക്കള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സമ്മാനിക്കുന്ന 'പ്രൈസ് മണി'. ഫൈനലില്‍ തോറ്റ് റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിന് 12.5 കോടി രൂപ ലഭിക്കും.

രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയോട് തോറ്റ് പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എലിമിനേറ്ററില്‍ പുറത്തായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും പ്രൈസ് മണിയുണ്ട്. ഇരു ഫ്രാഞ്ചൈസികള്‍ക്കും 8.75 കോടി രൂപ വീതം കിട്ടും. വ്യക്തിഗത നേട്ടങ്ങള്‍ക്കും പത്തു ലക്ഷം രൂപ വീതം സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലാണ് ഓറഞ്ച് ക്യാപ്പിന് അവകാശി.

14 മത്സരങ്ങളില്‍ നിന്നും 670 റണ്‍സടിക്കാന്‍ രാഹുലിന് സാധിച്ചു. സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി 30 വിക്കറ്റുകള്‍ കുറിച്ച കഗീസോ റബാദ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. ഫൈനലില്‍ ബുംറയും റബാദയും വിക്കറ്റുവേട്ട നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമേ റബാദയ്ക്ക് കണ്ടെത്താനായുള്ളൂ. ബുംറയ്ക്കാണെങ്കില്‍ വിക്കറ്റു കിട്ടിയതുമില്ല.

ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരത്തിനുള്ള പുരസ്‌കാരം മുംബൈയുടെ യുവതാരം ഇഷന്‍ കിഷന്‍ നേടി. ടൂര്‍ണമെന്റില്‍ മൊത്തം 30 സിക്‌സുകള്‍ ഇഷന്‍ പറത്തിയത്. ചൊവാഴ്ച്ചത്തെ ഫൈനലിലും ഇഷനില്‍ നിന്നൊരു സിക്‌സ് ക്രിക്കറ്റ് ലോകം കണ്ടു. വളര്‍ന്നുവരുന്ന യുവപ്രതിഭകളെ കണ്ടെത്തുന്ന 'എമേര്‍ജിങ് പ്ലെയര്‍' പുരസ്‌കാരത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ അര്‍ഹനായി. ജോഫ്ര ആര്‍ച്ചറാണ് സീസണിലെ ഏറ്റവും മൂല്യമേറിയ താരം.

മത്സരഗതി മാറ്റിമറിച്ച 'ഗെയിം ചേഞ്ചര്‍' പുരസ്‌കാരം കെഎല്‍ രാഹുല്‍ നേടി. സീസണിലെ 'സൂപ്പര്‍ സ്‌ട്രൈക്കര്‍' പുരസ്‌കാരം കീറോണ്‍ പൊള്ളാര്‍ഡിന്റെ പേരിലാണ്. 'പവര്‍പ്ലേയര്‍' പുരസ്‌കാരം മുംബൈയുടെ ട്രെന്‍ഡ് ബൗള്‍ട്ടും സ്വന്തമാക്കി. ഇത്തവണ മുംബൈ ഇന്ത്യന്‍സാണ് കളിയുടെ മാന്യതയും അച്ചടക്കവും മുറുക്കെപ്പിടിച്ചതിനുള്ള ഫെയര്‍പ്ലേ പുരസ്‌കാരം കൊണ്ടുപോയത്. ഇതേസമയം, ഫെയര്‍പ്ലേ പുരസ്‌കാരത്തിന് സമ്മാനത്തുകയില്ല.

പൂർണ പട്ടിക
- എമേര്‍ജിങ് പ്ലേയര്‍ - ദേവ്ദത്ത് പടിക്കല്‍ (10 ലക്ഷം രൂപ)
- മൂല്യമേറിയ താരം - ജോഫ്ര ആര്‍ച്ചര്‍ (10 ലക്ഷം രൂപ)
- ഫെയര്‍പ്ലേ പുരസ്‌കാരം - മുംബൈ ഇന്ത്യന്‍സ്
- ഗെയിം ചേഞ്ചര്‍ പുരസ്‌കാരം - കെഎല്‍ രാഹുല്‍ (10 ലക്ഷം രൂപ)
- സൂപ്പര്‍സ്‌ട്രൈക്കര്‍ പുരസ്‌കാരം - കീറോണ്‍ പൊള്ളാര്‍ (10 ലക്ഷം രൂപ)
- ഏറ്റവുമധികം സിക്‌സുകള്‍ക്കുള്ള പുരസ്‌കാരം - ഇഷന്‍ കിഷന്‍ (10 ലക്ഷം രൂപ)
- പവര്‍പ്ലേയര്‍ പുരസ്‌കാരം - ട്രെന്‍ഡ് ബൗള്‍ട്ട് (10 ലക്ഷം രൂപ)
- പര്‍പ്പിള്‍ ക്യാപ്പ് പുരസ്‌കാരം - കഗീസോ റബാദ (10 ലക്ഷം രൂപ)
- ഓറഞ്ച് ക്യാപ്പ് പുരസ്‌കാരം - കെഎല്‍ രാഹുല്‍ (10 ലക്ഷം രൂപ)
- ഐപിഎല്‍ ജേതാവ് - മുംബൈ ഇന്ത്യന്‍സ് (20 കോടി രൂപ)
- റണ്ണറപ്പ് - ഡല്‍ഹി ക്യാപിറ്റല്‍സ് (12.5 കോടി രൂപ)
- മൂന്നാം സ്ഥാനക്കാര്‍ - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (8.75 കോടി രൂപ)
- നാലാം സ്ഥാനക്കാര്‍ - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (8.75 കോടി രൂപ)
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications